കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 'ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ചതോടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളെല്ലാം തന്നെ രൂക്ഷമായ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവരെക്കുറിച്ച് പറയുമ്പോഴെല്ലാം അറിഞ്ഞോ അറിയാതെയോ ഒഴിവാക്കപ്പെടുന്ന ഒരു വിഭാഗമാണ് ലൈംഗികത്തൊഴിലാളികള്‍. 

രാജ്യത്തെ ഏറ്റവും വലിയ 'മാംസക്കച്ചവട കേന്ദ്ര'മായ മുംെൈബ- കാമാത്തിപുരയിലെ ഒഴിഞ്ഞ തെരുവുകള്‍ പറയും ഈ ലോക്ക്ഡൗണ്‍ കാലത്തെ ഇവരുടെ വറുതികള്‍. വൈകുന്നേരങ്ങളില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നുനിറയുന്ന 'ഖലി'കള്‍ ഇന്ന് വിജനമായിരിക്കുന്നു. ശരീരം വിറ്റ് അന്നം തേടിയിരുന്ന സ്ത്രീകള്‍ എങ്ങും പോകാനില്ലാതെ അവരവരുടെ മുറികള്‍ക്ക് പുറത്ത് സംസാരിച്ചിരിക്കുകയോ ചീട്ടുകളിച്ചിരിക്കുകയോ ചെയ്യുന്നു. 

'ജീവിതം മുഴുവന്‍ തീര്‍ത്തത് ഇവിടെയാണ്. ഈ നഗരം എത്രയോ സ്‌ഫോടനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്, എത്രയോ ആക്രമണങ്ങള്‍ ഇവിടെ നടന്നു, പല രോഗങ്ങള്‍ വന്നുപോയി പക്ഷേ ഇങ്ങനെയൊരു അവസ്ഥ ഒരിക്കലുമുണ്ടായിട്ടില്ല...' ഇരുപത്തിയഞ്ച് വര്‍ഷമായി കാമാത്തിപുരയില്‍ ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്യുന്ന സോണി എന്ന നാല്‍പത്തിയൊമ്പതുകാരിയുടെ വാക്കുകളാണിത്. 

നേപ്പാള്‍ സ്വദേശിനിയാണ് സോണി. മറ്റ് മൂന്ന് സ്ത്രീകള്‍ക്കൊപ്പം കാമാത്തിപുരയിലെ 'ടെന്‍ത്ത് ഖലി'യിലാണ് താമസം. 

'ഈ അവസ്ഥ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ ഞങ്ങളെന്ത് കഴിക്കും. എങ്ങനെ മുറിവാടക കൊടുക്കും, ഈ രണ്ട് ചോദ്യങ്ങളാണ് ഇപ്പോള്‍ എനിക്ക് മുന്നിലുള്ളത്...' സോണി പറയുന്നു. 

സോണിയുടെ മാത്രം അവസ്ഥയല്ല ഇത്. കാമാത്തിപുരയിലെ ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികളുടെ അവസ്ഥ ഇതുതന്നെയാണ്. ചതിക്കപ്പെട്ടോ, കടത്തപ്പെട്ടോ എല്ലാം കാമാത്തിപുരയില്‍ എത്തിപ്പെട്ടവരാണ് ഇവരില്‍ അധികം പേരും. നേപ്പാള്‍, ബംഗ്ലാദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. 

'ഒരാഴ്ചയായി ഒരു കസ്റ്റമറെ പോലും കിട്ടിയിട്ടില്ല. എന്റെ കയ്യിലാണെങ്കില്‍ അധികം പൈസയൊന്നുമില്ല. എനിക്ക് ആറ് വയസുള്ള ഒരു മകനുണ്ട്. പുനെയില്‍ പരിചയത്തിലുള്ള ഒരു കുടുംബത്തോടൊപ്പമാണ് അവന്‍ താമസിക്കുന്നത്. അവിടെ സ്‌കൂളില്‍ പോകുന്നുണ്ട് അവന്‍. മാസാമാസം ഞാന്‍ ചെറിയൊരു തുക അവന് വേണ്ടി അങ്ങോട്ട് അയക്കണം. ഇങ്ങനെയാണെങ്കില്‍ എനിക്ക് അവന് പണമയക്കാന്‍ കഴിയില്ല. ഓര്‍ക്കുമ്പോള്‍ തന്നെ തല പെരുക്കുകയാണ്..'- ലൈംഗികത്തൊഴിലാളിയായ ജയ പറയുന്നു. 

ബംഗാള്‍ സ്വദേശിനിയായ ജയയെ ചെറുപ്പത്തില്‍ തട്ടിക്കൊണ്ടുവന്ന് കാമാത്തിപുരയിലെത്തിച്ചതാണ്. ഈ തൊഴില്‍ ചെയ്യാനും നിര്‍ബന്ധിതയാവുകയായിരുന്നു. 

'ഈ സാഹചര്യത്തില്‍ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് നിങ്ങള്‍ മോദിയോട് പറയാത്തതെന്താണ്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും പ്രായമായ മാതാപിതാക്കളും കുട്ടികളുമുണ്ട്. ഈ സാഹചര്യം നീണ്ടുപോയാല്‍ ഇവിടെ കളവും കൊള്ളയും അതിക്രമങ്ങളും നടക്കും. ഞാന്‍ പറയുന്നത് സത്യമാണ്...'- കഴിഞ്ഞ ദിവസം അത്തരമൊരു അതിക്രമം തെരുവില്‍ നടന്നുവെന്ന് കൂടി പറയുന്നു ലൈംഗിത്തൊഴിലാളിയായ കിരണ്‍.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയിട്ട് ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിരിക്കുന്നു. പലയിടങ്ങളിലും ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ വലയുന്ന സാഹചര്യമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലൈംഗികത്തൊഴിലാളികളെ പോലുള്ള അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഈ ആശ്വാസമെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നതാണ് വസ്തുത.