സ്വയം സുരക്ഷക്കായി  പലപ്പോഴും സ്ത്രീകള്‍ പെപ്പര്‍ സ്പ്രേ കൈയ്യില്‍ കൊണ്ടു നടക്കാറുണ്ട്. ആത്മരക്ഷയ്ക്ക് കൊണ്ടുനടക്കുന്ന ഈ പെപ്പര്‍ സ്‌പ്രേ നിസാരക്കാരനല്ല, ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധക്കണം.  പേരില്‍ പെപ്പര്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന വസ്തു കുരുമുളകല്ല. മുളകുചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ‘കാപ്‌സൈസിന്‍’ എന്ന രാസപദാര്‍ത്ഥമാണ്. 

പെപ്പര്‍ സ്പ്രേയില്‍ അടങ്ങിയിരിക്കുന്ന ഒലിയോ റെസീന്‍ വിഭാഗത്തില്‍പ്പെടുന്ന രാസവാതകമാണ് അക്രമികളെ പ്രതിരോധത്തിലാക്കുന്നത്. ഇത് പ്രയോഗിക്കുന്നതോടെ കണ്ണില്‍ രൂക്ഷമായ എരിച്ചില്‍, താത്കാലിക അന്ധത, വേദന, കണ്ണീര്‍പ്രവാഹം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകും. 30 മിനിറ്റ് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ കണ്ണില്‍ നീറ്റലുണ്ടാകാം.

പെപ്പര്‍ സ്പ്രേ കണ്ണില്‍ വീണ ഉടനെ പച്ചവെള്ളത്തില്‍ മുഖം കഴുകരുതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. സോപ്പ് ലായനിയില്‍ 15 സെക്കന്റ് നന്നായി മുഖം കഴുകിയ ശേഷം തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കണം. പൊള്ളല്‍ ഉണ്ടെങ്കില്‍ കണ്ണ് ഡോക്ടറുടെ സഹായം തേടണം.

അതുപോലെ പെപ്പര്‍ സ്പ്രേ ആക്രമണം നേരിടേണ്ടി വന്നാല്‍ വസ്ത്രം നീക്കം ചെയ്ത് കാറ്റുകൊള്ളാനുളള അവസരം ഉണ്ടാക്കണം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ശരീരം ചുവന്ന് തടിക്കുകയും ശ്വാസം മുട്ടല്‍ ഉണ്ടാവുകയും ചെയ്താല്‍ ഉറപ്പായും വൈദ്യസഹായം തേടണം. സാധാരണഗതിയില്‍ പെപ്പര്‍ സ്പ്രേ അത്ര മാരകമല്ലെങ്കിലും ചിലപ്പോഴെങ്കിലും ഇത് പ്രയോഗിക്കുന്നതിലൂടെ മരണം വരെ സംഭവിച്ചിട്ടുളളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.