കട്ടിയുള്ള പുരികം ആ​ഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പണ്ടൊക്കെ നൂല് പോലെയുള്ള പുരികമായിരുന്നു ഫാഷന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കട്ടിയുളള പുരികമാണ് എല്ലാവര്‍ക്കും വേണ്ടത്. പുരികം കട്ടിയുള്ളതാകാൻ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. ചിലർക്ക് പുരികം കൊഴിഞ്ഞ് പോകുന്നത് വലിയ പ്രശ്നമാണ്. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പുരികം മസാജ് ചെയ്യുന്നത് അവ നന്നായി വളരാന്‍ സഹായിക്കും. മസാജ് ചെയ്യാനായി ഒരു ബ്രഷും ഉപയോഗിക്കാം. 

രണ്ട്...

അൽപം വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിക്കാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ വെളിച്ചെണ്ണ പുരട്ടുക. ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

മൂന്ന്... 

പുരികം കട്ടിയുള്ളതാകാൻ സഹായിക്കുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിന് ശേഷം രണ്ടോ മൂന്നോ മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം. 

നാല്...

പുരികം വളരാൻ ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലീവ് എണ്ണയിൽ ലേശം തേനും ചേർത്ത് തേയ്ക്കുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

അഞ്ച്...

മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി തഴച്ച് വളരാൻ ഏറെ നല്ലതാണ്. ആദ്യം മുട്ടയിൽ നിന്നു മഞ്ഞയും വെള്ളയും വേർതിരിക്കുക. ഇതിലെ മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു പ്രോട്ടീൻ ചികിത്സ കൂടിയാണിത്.