'സ്വിം സ്യൂട്ട്' ധരിച്ച ചിത്രങ്ങള്‍ വിമര്‍ശിക്കപ്പെട്ടതോടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് ഗായിക സോന മോഹപത്ര. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് സോന കറുത്ത സ്വിം സ്യൂട്ട് ധരിച്ച് കടല്‍ത്തീരത്തിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സംസ്‌കാരത്തിന് യോജിക്കുന്ന വസ്ത്രമല്ലെന്നും, വളരെ ഗൗരവക്കാരിയാണെന്നാണ് സോനയെ കുറിച്ചുള്ള കാഴ്ചപ്പാടെന്നും അത്തരത്തിലൊരാള്‍ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുമെന്ന് കരുതിയില്ലെന്നും ആളുകള്‍ പ്രതികരിച്ചു. ഇതിനിടെ പലരും നാല്‍പത്തിമൂന്നുകാരിയായ സോനയുടെ ശരീരത്തെക്കുറിച്ച് മോശം കമന്റുകള്‍ നടത്തുകയും ചെയ്തിരുന്നു.

 

 

ഇതില്‍ പ്രതിഷേധിച്ചാണ് സോന സ്വിം സ്യൂട്ടിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രങ്ങള്‍ക്ക് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് സോന മറുപടിയും പറയുന്നുണ്ട്.

 

 

 

'വിമര്‍ശനങ്ങളുമായി വന്ന ഒരു വിഭാഗത്തെ സംബന്ധിച്ച്, ആരെങ്കിലും അവര്‍ക്ക് എന്താണ് ഒരു വ്യക്തിയുടെ സമ്മതം എന്ന് പറഞ്ഞുകൊടുക്കണം. അല്ലാതെ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ചിലര്‍ കരുതുന്നത് ഞാന്‍ വളരെ സീരിയസായ ഒരു വ്യക്തി ആണെന്നാണ്. നിങ്ങളുടെ കാഴ്ചപ്പാടില്‍ അങ്ങനെയൊരു വ്യക്തി ആകുന്നത് കൊണ്ട് ഞാന്‍ ഖാദി ധരിക്കുകയോ, ശരീരം മുഴുവന്‍ മറച്ചുനടക്കുകയോ ചെയ്യണോ, നിങ്ങള്‍ക്ക് സംസ്‌കാരത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളോ, നിങ്ങളുടെ കുലസ്ത്രീ സങ്കല്‍പങ്ങളോ എന്റെ ബാധ്യതകളല്ല. അതിനാല്‍ എനിക്ക് തരിമ്പും ഖേദമില്ല...'- ചിത്രങ്ങള്‍ക്കൊപ്പം സോന കുറിച്ചു.

 

 

താന്‍ തന്റെ ശരീരത്തില്‍ അഭിമാനിക്കുന്നതായും സോന ട്വീറ്റില്‍ കുറിച്ചു. 2018ല്‍ ഗായകരായ അനു മാലിക്, കൈലാഷ് ഖേര്‍ എന്നിവര്‍ക്കെതിരെ 'മീ ടൂ' ആരോപണങ്ങളുമായി രംഗത്തെത്തിയ ഗായികമാരില്‍ പ്രധാനിയാണ് സോന. സല്‍മാന്‍ ഖാനെതിരെയും സോന പരസ്യമായി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. എല്ലായ്‌പ്പോഴും സ്വന്തം നിലപാടുകള്‍ സധൈര്യം തുറന്നുപറയുകയും, അതിനെച്ചൊല്ലിയുണ്ടാകുന്ന വിവാദങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അവയില്‍ നല്‍കാനുള്ള വിശദീകരണങ്ങളും സധൈര്യം നല്‍കുക കൂടി ചെയ്യുന്നയാളാണ് സോന. വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം ഏറെ ഉണ്ടായെങ്കിലും സോനയ്ക്ക് വലിയൊരു വിഭാഗം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ശക്തമായ ആരാധകവൃന്ദത്തിന്റെ പിന്തുണയുണ്ടെന്നത് ശ്രദ്ധേയമാണ്.