വാലന്റൈന്‍സ് ഡേ പ്രമാണിച്ച് കാമുകനും കാമുകിക്കുമൊപ്പം ഫോട്ടോ പങ്കുവയ്ക്കുന്നവര്‍, പങ്കാളിയെക്കുറിച്ച് പ്രകീര്‍ത്തിച്ച് എഴുതുന്നവര്‍, പരസ്പരം സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും ആലിംഗനം ചെയ്തും ആശംസകളറിയിക്കുന്നവര്‍... 'സിംഗിള്‍' ആയ ആളുകളെ സംബന്ധിച്ചിടത്തോളം ചെറിയ തോതിലെങ്കിലും ദുഖം തോന്നാനുള്ള സാധ്യതകളേറെയാണ്. 

എന്നാല്‍ 'വാലന്റൈന്‍സ് ഡേ'യ്ക്ക് 'സിംഗിള്‍' ആയാലും അതില്‍ സങ്കടപ്പെടാതെ സന്തോഷത്തോടെ ആഘോഷിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിന് ഒരുപിടി രസകരമായ കാരണങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതില്‍ പ്രധാന കാരണം എന്താണെന്നോ?

'വാലന്റൈന്‍സ് ഡേ' എന്നും പറഞ്ഞ് സമ്മാനങ്ങള്‍ വാങ്ങിയും ആഘോഷിച്ചുമെല്ലാം കുറച്ചധികം പണം പൊട്ടും അല്ലേ? എന്നാല്‍ 'സിംഗിള്‍' ആയവര്‍ക്ക് ഈ നഷ്ടമില്ലെന്ന്. എന്താ, അടിപൊളി കണ്ടെത്തലല്ലേ? സംഗതി ഇങ്ങനെയെല്ലാമാണെന്ന് വച്ച് ആഘോഷങ്ങളൊന്നും വേണ്ടെന്ന് വയ്ക്കുകയോ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുകയോ ചെയ്യരുതെന്നും 'സിംഗിള്‍' ആയവര്‍ തന്നെ പറയുന്നു. 

'സിംഗിള്‍' ആയതിനാല്‍, ഉള്ള മറ്റ് പല ഗുണങ്ങള്‍ ഏതെല്ലാമെന്ന് കൂടിയൊന്ന് നോക്കാം. അവരവരുടെ ഇഷ്ടാനുസരണം ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാമെന്നതാണ് 'സിംഗിള്‍' ആയിരിക്കുന്നത് കൊണ്ടുള്ള മറ്റ് രണ്ട് പ്രധാന ഗുണങ്ങളത്രേ. ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുത്ത് ഇഷ്ടമുള്ള രീതിയില്‍ ഇഷ്ടമുള്ളത്രയും സമയമെടുത്ത് കഴിക്കാം. ഇക്കാര്യത്തില്‍ ചോദ്യമോ പറച്ചിലോ ഉണ്ടാക്കാന്‍ പങ്കാളിയില്ലല്ലോ. 

 

 

അതുപോലെ കിടക്കയില്‍ പുതപ്പിന് വേണ്ടിയോ കിടക്കാനുള്ള സ്ഥലത്തിന് വേണ്ടിയോ പിടിവലി കൂടേണ്ടതില്ല. സ്വതന്ത്രമായി എങ്ങനെ വേണമെങ്കിലും എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാം. 

 

 

പങ്കാളിയില്ലാത്തത് കൊണ്ട് തന്നെ, ചതിക്കാനോ വഴക്ക് കൂടാനോ, പിണങ്ങാനോ ആളില്ലാതാകുന്നു. അപ്പോള്‍ അത്തരത്തിലുള്ള 'നെഗറ്റിവിറ്റി'കള്‍ക്കൊന്നും ജീവിതത്തില്‍ സ്ഥാനമില്ലാതെയാകുന്നു. 

 

 

ഭക്ഷണത്തിന്റേയും ഉറക്കത്തിന്റേയും കാര്യം പറഞ്ഞത് പോലെ തന്നെ, വസ്ത്രധാരണത്തിന്റെ കാര്യത്തിലും പങ്കാളിയില്ലെങ്കില്‍ 'ഫുള്‍ ഫ്രീഡം' ആയിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

 


സ്വതന്ത്രമായി വായ്‌നോക്കി നടക്കാം, സിനിമയ്ക്ക് പോകാം, ഡേറ്റിംഗ് ആകാം ഇങ്ങനെ വേറെയും ഗുണങ്ങള്‍ തിരഞ്ഞ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന 'സിംഗിള്‍' രസകന്മാര്‍ ഏറെയാണ്. എന്തായാലും ഒറ്റയ്ക്കാണെന്ന് വച്ച്, 'വാലന്റൈന്‍സ് ഡേ' ആഘോഷിക്കാതെ വിടേണ്ടതില്ല. ഇഷ്ടാനുസരണം ഔട്ടിംഗിന് പോവുകയോ പാര്‍ട്ടികളില്‍ കൂടുകയോ സിനിമ കാണുകയോ ഒക്കെയാകാമല്ലോ. എപ്പോഴെങ്കിലും ജീവിതത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ള ഒരു സാങ്കല്‍പിക 'വാലന്‍റൈനെ' കുറിച്ചോര്‍ത്ത് അല്‍പം പ്രണയം സ്വയവും നുകരാം.