Asianet News MalayalamAsianet News Malayalam

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ എലി കടിച്ചത് അമ്പതിലധികം തവണ; മരണത്തോളമെത്തി കുഞ്ഞ്

കേവലം ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ്. ഉറക്കത്തിനിടെ അതിദാരുണമായി അത് എലികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നു. അമ്പതിലധികം തവണയാണ് കുഞ്ഞിന് എലയുടെ കടിയേറ്റിരിക്കുന്നത്

six month baby nearly dies after rat bites at night hyp
Author
First Published Sep 23, 2023, 2:35 PM IST

കുഞ്ഞുങ്ങളുടെ ആരോഗ്യവും ജീവനും സുരക്ഷിതമാക്കേണ്ടത് മുതിര്‍ന്നവരുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്. മാതാപിതാക്കളുടെ അഭാവത്തില്‍ സ്വാഭാവികമായും മറ്റുള്ളവരിലേക്ക് ആ ഉത്തരവാദിത്തമെത്തും. 

എന്തായാലും പിഞ്ചുകുഞ്ഞുങ്ങളാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് മതിയായ ശ്രദ്ധയും കരുതലും നല്‍കിയേ തീരൂ. മുതിര്‍ന്നവരുടെ നിസാരമായ അശ്രദ്ധ പോലും അവരുടെ ജീവന് ഭീഷണി ഉയര്‍ത്താമെന്നിരിക്കെ, ഇവിടെയിതാ അവിശ്വസനീയമാം വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞിനെ മരണത്തിന്‍റെ വക്കിലേക്ക് വരെ എറിഞ്ഞുകൊടുത്തിരിക്കുകയാണ് അതിന്‍റെ മാതാപിതാക്കള്‍. 

കേവലം ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞ്. ഉറക്കത്തിനിടെ അതിദാരുണമായി അത് എലികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നു. അമ്പതിലധികം തവണയാണ് കുഞ്ഞിന് എലയുടെ കടിയേറ്റിരിക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

യുഎസിലെ ഇന്ത്യാനയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വാര്‍ത്തയായത് ഇപ്പോഴാണ്. വാര്‍ത്തയായതോടെ തന്നെ സംഭവം അന്തര്‍ദേശീയതലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയായിരുന്നു. 

ആറ് മാസം പ്രായമായ തങ്ങളുടെ ആണ്‍കുഞ്ഞിനെ പരുക്കുകളോടെ കണ്ടെത്തിയെന്ന് പറഞ്ഞ് കുഞ്ഞിന്‍റെ അച്ഛനാണത്രേ പൊലീസിന് ഫോണ്‍ ചെയ്തത്. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴും ജീവനോടെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. അത്രമാത്രം പരുക്കേറ്റിരുന്നു കുഞ്ഞിന്. മുഖത്തും തലയിലുമെല്ലാം എലി കടിച്ച് മുറിഞ്ഞിട്ടുണ്ടായിരുന്നുവത്രേ. 

കുഞ്ഞടക്കം മൂന്ന് മക്കള്‍ക്കൊപ്പം ദമ്പതികളും അവരുടെ ആന്‍റിയും അവരുടെ രണ്ട് മക്കളും താമസിക്കുന്ന വീടാണിത്. ഇത്രയും അംഗങ്ങളുള്ളിടത്ത് കുഞ്ഞിനെ മണിക്കൂറുകളോളം അപകടകരമായ സാഹചര്യത്തില്‍ തനിയെ കിടത്തിയത് എന്തിനാണെന്നും, എങ്ങനെയാണ് ഇത്രയും വലിയ വിപത്ത് കുഞ്ഞിന് പറ്റിയിട്ടും ആരുമൊന്നും അറിയാതിരുന്നത് എന്നുമാണ് ഉയരുന്ന ചോദ്യങ്ങള്‍. 

കുഞ്ഞിന്‍റെ മാതാപിതാക്കളെയും ആന്‍റിയെയും സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന വീട് ആകെ വൃത്തികേടാണത്രേ. മാലിന്യം അടക്കം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണത്രേ വീട്ടിനുള്ളില്‍. അതിനാല്‍ തന്നെ എലിശല്യവും രൂക്ഷം. ഇതിനിടെ കുഞ്ഞിന്‍റെ കാര്യത്തിലുള്ള അശ്രദ്ധ കൂടിയായപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചിരിക്കുന്നത്. ദമ്പതികളുടെ മറ്റ് രണ്ട് മക്കള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ എലി കടിയേറ്റുവെന്ന് സ്കൂളില്‍ അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ വീട്ടുകാരോട് കാര്യമന്വേഷിച്ചിരുന്നു. 

എന്നാല്‍ സാധാരണഗതിയിലൊക്കെ കാണുന്ന എലിശല്യമേ വീട്ടിലുള്ളൂ എന്നും അവയെ ഒതുക്കാനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്നുമാണ് കുട്ടികളുടെ അമ്മ അധ്യാപകരെ അറിയിച്ചിരുന്നത്. അതിനിടെയാണ് പിഞ്ചുകുഞ്ഞിന്‍റെ ജീവൻ വരെ പണയത്തിലായ സംഭവമുണ്ടാകുന്നത്. 

എന്തായാലും എലിശല്യമുള്ള വീടുകളില്‍ താമസിക്കുന്നവരെ സംബന്ധിച്ച് ഇത് തക്കതായ താക്കീതാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ എലികള്‍ അത്രമാത്രം അപകടകാരികളായി മാറാം. നമ്മുടെ വിരലുകള്‍ അടക്കം എലികള്‍ കടിച്ചുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകാം. 

Also Read:-'കുഞ്ഞ് വല്യ' ഷെഫിന്‍റെ തകര്‍പ്പൻ പ്രകടനം കണ്ടോ? വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios