സ്വന്തം മുത്തശ്ശിയുടെ മൃതദേഹത്തിനടുത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. വീട് തകര്‍ന്നപ്പോള്‍ ഒരു ചുമര്‍ കുട്ടിയുടെ മുകളിലേക്ക് പതിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന് എതിരായി ഉണ്ടായിരുന്ന ചുമരും ഇതും ഒന്നിച്ച് തകര്‍ന്നതോടെ ഇതിനിടയില്‍ കുട്ടി സുരക്ഷിതനാവുകയായിരുന്നു. 

ഇന്തോനേഷ്യയില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ വലിയൊരു ഭൂചലനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓര്‍ക്കുന്നില്ലേ? ഇരുന്നൂറിലധികം പേരെങ്കിലും മരിച്ച ഭൂചലനം വലിയ ആഘാതമാണ് ഇന്തോനേഷ്യയിലുണ്ടാക്കിയത്. മുൻവര്‍ഷങ്ങളിലും സമാനമായ രീതിയില്‍ ഭൂചലനങ്ങള്‍ നികത്താനാവാത്ത നഷ്ടങ്ങള്‍ ഇന്തോനേഷ്യക്ക് സമ്മാനിച്ചിരുന്നു. 

ഇക്കുറിയും സ്ഥിതി മറിച്ചല്ല. എന്നാല്‍ ഭൂചലനത്തില്‍ മരിച്ചവരുടെ കണക്ക് ഇപ്പോഴും നിജപ്പെടുത്തപ്പെട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുക തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ഇതിനിടെ രണ്ട് ദിവസങ്ങളായി കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ ആറ് വയസുകാരൻ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വമാണ് ഏവരും ഏറ്റെടുക്കുന്നത്. ഭൂചലനം ഏറെ ബാധിച്ച പടിഞ്ഞാറൻ ജാവ പട്ടണത്തിലാണ് സംഭവം. 

തകര്‍ന്നുവീണ അനേകം വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. ഭൂചലനം നടന്ന് രണ്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നതിനാല്‍ ആരെയെങ്കിലും ഇനി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ടായിരുന്നില്ല.

എന്നാല്‍ തീര്‍ത്തും അവിചാരിതമായി ഒരു തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ വച്ച് ഇവര്‍ക്ക് ആറ് വയസുകാരനായ അസ്ക എന്ന കുഞ്ഞിനെ കിട്ടുകയായിരുന്നു. സ്വന്തം മുത്തശ്ശിയുടെ മൃതദേഹത്തിനടുത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. വീട് തകര്‍ന്നപ്പോള്‍ ഒരു ചുമര്‍ കുട്ടിയുടെ മുകളിലേക്ക് പതിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന് എതിരായി ഉണ്ടായിരുന്ന ചുമരും ഇതും ഒന്നിച്ച് തകര്‍ന്നതോടെ ഇതിനിടയില്‍ കുട്ടി സുരക്ഷിതനാവുകയായിരുന്നു. 

ചുമരിനും കുട്ടിയ്ക്കുമിടയില്‍ 10 സെന്‍റിമീറ്റര്‍ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഇരുട്ടും ചൂടും പൊടിയും മൂടിയ അന്തരീക്ഷം. ശ്വാസം കഴിക്കാൻ പോലും പ്രയാസം. ഇവിടെ 48 മണിക്കൂര്‍ എങ്ങനെ ഈ കുരുന്ന് ജീവനും കയ്യിലാക്കി പിടിച്ചിരുന്നുവെന്നത് വെറും അത്ഭുതം മാത്രം. 

ഈ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുന്നതും പ്രതീക്ഷയുടെ വെട്ടമെന്ന നിലയില്‍ ഏവരും കൂടി നെഞ്ചോട് ചേര്‍ത്ത് ഓടുന്നതുമെല്ലാം വീഡിയോ ആയി വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. സന്തോഷത്തോടെ കണ്ണൊന്ന് നനയാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാൻ സാധിക്കില്ലെന്നാണ് മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്. 

Scroll to load tweet…

Also Read:- 'അത്ഭുത ശിശു'; ഏവരെയും അതിശയപ്പെടുത്തി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ്