Asianet News MalayalamAsianet News Malayalam

അച്ഛന്‍റെ കണ്ണ് വെട്ടിച്ച് ആറ് വയസുകാരൻ ഫോണില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; അതും 82,000 രൂപയ്ക്ക്

കോളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്നുള്ള ഭക്ഷണമായിരുന്നു. ഇത് ഭാര്യ ചെയ്തതാകാമെന്ന് ഇദ്ദേഹം ചിന്തിച്ചു. എന്നാല്‍ ഇതിന് പിന്നാലെ കാറുകളുടെ നീണ്ട നിരയായിരുന്നുവെന്നും ഭക്ഷണങ്ങള്‍ കൊണ്ട് വീട് നിറയുന്ന അവസ്ഥയായെന്നും ഇദ്ദേഹം പറയുന്നു

six year old boy ordered food for 82000 rupees
Author
First Published Feb 4, 2023, 4:27 PM IST

കുട്ടികളുള്ള മിക്ക വീടുകളിലും അവര്‍ക്ക് കളിക്കാനോ സമയം കളയാനോ എല്ലാം മുതിര്‍ന്നവര്‍ മൊബൈല്‍ ഫോണുകള്‍ നല്‍കാറുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്കല്ല, അത്യാവശ്യം വീഡിയോ ഇരുന്ന് കാണാനോ ഗെയിം കളിക്കാനോ ഫോണ്‍ വന്നാല്‍ എടുക്കാനോ എല്ലാം അറിയാവുന്ന അത്രയും പ്രായമായ കുട്ടികള്‍ക്കാണ് മുതിര്‍ന്നവര്‍ ഫോണ്‍ സ്വതന്ത്രമായി നല്‍കാറുള്ളൂ. 

എന്നാല്‍ ഇങ്ങനെ കുട്ടികള്‍ക്ക് ഫോണ്‍ സ്വതന്ത്രമായി നല്‍കി പോകുമ്പോള്‍ അത് പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാക്കാം. സമാനമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കിടക്കുന്നതിന് മുമ്പ് അല്‍പസമയം കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഗെയിം കളിക്കാനായി നല്‍കുന്നത് പതിവാക്കിയ ഒരച്ഛൻ. എന്നാല്‍ പതിവിന് വിരുദ്ധമായി കുട്ടി ചെയ്ത ഒരബദ്ധമാണ് സംഭവം. 

യുഎസിലെ മിഷിഗണില്‍ ചസ്റ്റ‍ര്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ കുടുംബത്തിനൊപ്പം താമസിക്കുകയാണ് കെയ്ത്ത് സ്റ്റോണ്‍ഹൗസ്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയമാണത്. പതിവ് പോലെ ഇദ്ദേഹം കിടക്കുന്നതിന് മുമ്പായി കുട്ടിക്ക് ഗെയിം കളിക്കുന്നതിനായി ഫോണ്‍ അല്‍പസമയത്തേക്ക് നല്‍കി. 

കുട്ടി ഗെയിമിലായിരിക്കുമെന്നേ ഇദ്ദേഹം ചിന്തിച്ചുള്ളൂ. എന്നാല്‍ കുട്ടി പതിവിന് വിരുദ്ധമായി ഒരു ഓണ്‍ലൈൻ ആപ്പ് തുറന്ന് ഇതിലൂടെ വിവിധ റെസ്റ്റോറന്‍റുകളില്‍ നിന്നും കടകളില്‍ നിന്നുമായി ലോഡ് കണക്കിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. എല്ലാ ഓര്‍ഡറിലും 25 ശതമാനം ടിപ്പും നല്‍കി.

അല്‍പസമയം കഴിഞ്ഞപ്പോള്‍ ആദ്യം ഒരു കാറെത്തി. കോളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്നുള്ള ഭക്ഷണമായിരുന്നു. ഇത് ഭാര്യ ചെയ്തതാകാമെന്ന് ഇദ്ദേഹം ചിന്തിച്ചു. എന്നാല്‍ ഇതിന് പിന്നാലെ കാറുകളുടെ നീണ്ട നിരയായിരുന്നുവെന്നും ഭക്ഷണങ്ങള്‍ കൊണ്ട് വീട് നിറയുന്ന അവസ്ഥയായെന്നും ഇദ്ദേഹം പറയുന്നു. 

വില കൂടിയ ഊഭീമൻ ചെമ്മീനുകള്‍, ലാഡുകള്‍, ചീസ് ഫ്രൈസ്, ഐസ്ക്രീമുകള്‍, റൈസ് എന്നുവേണ്ട ഇനിയില്ലാത്തത് ഒന്നുമില്ലെന്ന അവസ്ഥയായി. ആകെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് നഷ്ടമായത് 82,000 രൂപ. ഒടുവില്‍ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് ഇദ്ദേഹം പരസ്യമായി പങ്കുവച്ചതോടെ കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആപ്പ് ഇദ്ദേഹത്തിന് നഷ്ടമായ അതേ തുകയുടെ ഒരു ഗിഫ്റ്റ് കാര്‍ഡ് സമ്മാനിച്ചു. ഇതോടെ ഒരു തരത്തില്‍ ഇദ്ദേഹത്തിന്‍റെ നഷ്ടം നികന്നു എന്നും പറയാം.

എങ്കിലും കുട്ടികളുടെ കൈവശം സ്വതന്ത്രമായി ഫോണ്‍ നല്‍കി പോകുന്നതിലെ വിഡ്ഡിത്തമാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. ഇതിന് മുമ്പും പലയിടങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ കണ്ണ് വെട്ടിച്ച് ആയിരക്കണക്കിന് രൂപയ്ക്ക് ഓണ്‍ലൈൻ ഓര്‍ഡറുകള്‍ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. 

Also Read:- 'പ്രശസ്തര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നത് ഇങ്ങനെ'; അനുകരിച്ച് യുവാവ്

Follow Us:
Download App:
  • android
  • ios