ശൂന്യാകാശത്തിന്റെ ഗന്ധമെന്താവും? ഇങ്ങനെ ഒരു കൗതുകം ചിലർക്കെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലുമായി തോന്നിയിട്ടുണ്ടാകാം. ആ ജിജ്ഞാസയ്ക്കുള്ള ഉത്തരം ഏതാണ്ട് തയ്യാറായിട്ടുണ്ട്. കാരണം, നാസ വർഷങ്ങൾക്കു മുമ്പുതന്നെ, ശൂന്യാകാശത്തേക്കിറങ്ങുമ്പോൾ അവിടെനിന്നുതിരുന്ന ഗന്ധവുമായി  തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടുത്താൻ വേണ്ടി വികസിപ്പിച്ചെടുത്തിരുന്ന 'ശൂന്യാകാശഗാന്ധിയായ' ആ പെർഫ്യൂമിന്റെ ഗന്ധം ഇനി മുതൽ ഇതാ നമുക്കും നുകരാം. കാരണം  'Eau de Space' എന്ന ബ്രാൻഡിൽ ഇനി അത് പൊതു വിപണിയിലും ലഭ്യമാകാൻ പോവുകയാണ്. 

 

ശൂന്യാകാശത്തിന് എന്ത് ഗന്ധമെന്നോ? ഗന്ധമില്ലെന്നു കരുതരുത് ശൂന്യാകാശത്തിന്. കടുത്ത ഗന്ധമുണ്ട് ശൂന്യാകാശത്തിനെന്നാണ് അവിടെ ഇന്നോളം പോയി വന്നവരൊക്കെയും പറയുന്നത്. "വെടിയുണ്ട പുറപ്പെട്ടാലുടൻ ഒരു റിവോൾവറിൽ നിന്നുയരുന്നപോലുള്ളൊരു ഗന്ധകഗന്ധമാണ് ശൂന്യാകാശത്തിന്" എന്നാണ് 2002 -ൽ സിഎൻഎന്നിന് നൽകിയ ഒരു അഭിമുഖത്തിൽ ആ ഗന്ധം നേരിട്ടനുഭവിച്ചറിഞ്ഞ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൺ പറഞ്ഞത്.

ഒരു മിഷന്റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ കഴിഞ്ഞ കാലത്താണ് അദ്ദേഹത്തിന് ശൂന്യാകാശ ഗന്ധം 'മണത്തറിയാനുള്ള' നിയോഗമുണ്ടായത്. അത്ര സുഖമുള്ള ഗന്ധമൊന്നുമല്ല ശൂന്യാകാശത്തിനെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഒരു ഗന്ധത്തെപ്പറ്റി അങ്ങനെ വാക്കുകൾ കൊണ്ട് പറഞ്ഞാലൊന്നും അത് കൃത്യമായി മനസ്സിലേക്കെടുക്കാൻ നമുക്കായെന്ന് വരില്ല. ഒരു തീക്ഷ്ണ ഗന്ധത്തിന്റെ രേണുക്കൾ നാസാരന്ധ്രങ്ങളിലൂടെ  കയറിയിറങ്ങിങ്ങുമ്പോൾ ജനിക്കുന്ന അനുഭൂതി, ഒരിക്കലും വാക്കുകൾകൊണ്ട് പകരംവെക്കാനാവുന്ന ഒന്നല്ല. വെടിമരുന്നിന്റെ, കരിഞ്ഞ സ്‌റ്റീക്കിന്റെ, റാസ്‌പ്‌ബെറിയുടെ, റമ്മിന്റെ ഗന്ധങ്ങൾ കലർന്ന ഒരു ഗന്ധമെന്നാണ്  ബഹിരാകാശത്തെ ആ രൂക്ഷ ഗന്ധത്തെ, ഏറ്റവും വിശദമായി ഒരു ബഹിരാകാശസഞ്ചാരി ഒരിക്കൽ വിശേഷിപ്പിച്ചത്.

ശൂന്യാകാശത്തിന്റെ ഗന്ധം മണത്തുതന്നെ അറിയണം, അതിനുള്ള സമയമായി എന്നാണ് നാസക്കുവേണ്ടി ഈ സുഗന്ധദ്രവ്യം വികസിപ്പിച്ചെടുത്തവരും പറയുന്നത്. ഈ അനന്യമായ ഉത്പന്നം വികസിപ്പിച്ചെടുത്തത് സ്റ്റീവ് പിയേഴ്സ് എന്ന രസതന്ത്രജ്ഞനാണെന്ന് 'Eau de Space' ന്റെ പ്രോഡക്റ്റ് മാനേജരായ മാറ്റ് റിച്ച്മണ്ട് പറയുന്നു. ഭക്ഷ്യ, ബിവറേജ് വ്യവസായങ്ങൾക്കുവേണ്ട ഫ്ലേവറുകൾ വികസിപ്പിച്ചെടുക്കുന്ന ഒമേഗ ഇൻഗ്രീഡിയൻറ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഈ കെമിസ്റ്റ്. 2008 -ലാണ് നാസ ഇങ്ങനെ ഒരു പ്രൊജക്റ്റിനുവേണ്ടി സ്റ്റീവിനെ സമീപിക്കുന്നത്. നാലുവർഷത്തെ സ്റ്റീവിന്റെ ഗവേഷണപരിശ്രമങ്ങളുടെ ഫലമാണ് ഈ സുഗന്ധം. 

ബഹിരാകാശനിലയത്തിന്റെ ഓർബിറ്റിലേക്ക് ഇറങ്ങും മുമ്പ്, അതിന്റെ ഒരു 'ഫീൽ' കിട്ടാൻ സഞ്ചാരികളെ പരിശീലിപ്പിച്ചെടുക്കാനാണ് നാസ ഇങ്ങനെയൊരു സുഗന്ധദ്രവ്യം വികസിപ്പിച്ചെടുത്തത്. ഭൂമിയിലെ പരിശീലനം കഴിഞ്ഞ് ബഹിരാകാശത്തേക്കിറങ്ങുന്ന സഞ്ചാരികൾക്ക് അവിടെ ഒരു ഗന്ധത്തിന്റെ രൂപത്തിൽ പോലും അപ്രതീക്ഷിതമായ ഒരു ആഘാതവും ഏൽക്കരുതെന്ന നാസയുടെ കരുതലായിരുന്നു ഈ സുഗന്ധദ്രവ്യം. 

ശൂന്യാകാശ ഗന്ധം നുകരാൻ പൊതുജനങ്ങൾക്കും അവസരം നൽകണം എന്ന അഭ്യർത്ഥന ഏറെക്കാലമായി ചുവപ്പുനാടയിൽ കുടുങ്ങി വൈകിക്കൊണ്ടിരിക്കയായിരുന്നു. എന്നാൽ, അതിന് അനുമതി കിട്ടിയിട്ടുണ്ടെന്നും ജനപിന്തുണ കൂടി ലഭ്യമായാൽ അധികം താമസിയാതെ അത് വിപണിയിലെത്തും എന്നും 'Eau de Space' പ്രതിനിധികൾ സിഎൻഎന്നിനോട് പറഞ്ഞു. അതിനായി 'കിക്ക് സ്റ്റാർട്ടർ' എന്ന പബ്ലിക് ഫണ്ടിംഗ് പ്ലാറ്റ്ഫോമിൽ പിന്തുണ തേടി ഒരു ക്യാമ്പയിൻ ലോഞ്ച് ചെയ്തിട്ടുണ്ട് അവർ. ഓഗസ്റ്റ് മാസത്തിനുള്ളിൽ വേണ്ടത്ര ഫണ്ടിംഗ് കിട്ടുന്ന പക്ഷം നമുക്കും ഈ ശൂന്യാകാശ സുഗന്ധം നുകരാനുള്ള ഭാഗ്യം ഒരു പക്ഷേ ലഭ്യമായേക്കാം.