അടുത്ത കാലങ്ങളിലായി സോഷ്യല്‍ മീഡിയ ഏറെ കൊണ്ടാടിയതാണ് ടിക് ടോക് വീഡിയോകള്‍. പല പ്രായത്തിലുമുള്ള നിരവധി താരങ്ങളെ നമ്മളാഘോഷിച്ചു. എങ്കിലും ആരുണിയെപ്പോലെ കഴിവൊത്ത ഒരു മിടുക്കിയെ അല്‍പം അധികം അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ?

അത്രയും മിഴിവുള്ളതായിരുന്നു ആ കൊച്ചുമിടുക്കിയുടെ ഓരോ വീഡിയോകളും. സ്‌ക്രീനില്‍ അവളെ കാണുമ്പോഴും വീട്ടിലെ കുഞ്ഞ് അംഗത്തെപ്പോലെ മലയാളികള്‍ ആരുണിയെ സ്വീകരിച്ചു. എന്നാല്‍ അകാലത്തിലെ വിയോഗം ആരുണിയുടെ ആരാധകരെ ഞെട്ടിച്ചു. അവിശ്വസനീയമാണ് ആരുണിയുടെ മരണവാര്‍ത്തയെന്നാണ് പലരും പ്രതികരിക്കുന്നത്. 

 

കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശികളായ സനോജ് സോമരാജന്റേയും അശ്വതി സനോജിന്റെയും ഏകമകളാണ് ആരുണി കുറിപ്പ്. അച്ഛന്‍ സനോജ് രു വര്‍ഷം മുമ്പ് മരിച്ചു. ആ വേദന തീരും മുമ്പാണ് വിധി ആരുണിയേയും തട്ടിയെടുത്തിരിക്കുന്നത്. 

 

തലച്ചോറിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ആരുണി. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. 

 

ടിക് ടോക്കില്‍ മാത്രമല്ല, ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് ആരുണിക്ക്. ഉണ്ടക്കണ്ണും, ഊര്‍ജസ്വലതയോടെയുള്ള ചലനങ്ങളും, എടുപ്പുള്ള ഭാവങ്ങളുമെല്ലാം കഴിവുറ്റ ഒരു മുതിര്‍ന്ന നടിയുടേതിന് സമാനമായിരുന്നു. വളര്‍ന്നുവരുമ്പോള്‍ അവള്‍ ആരെയും അമ്പരപ്പിക്കുന്ന ഒരു നടിയാകുമെന്നും എല്ലാവരും വിശ്വസിച്ചു. 

ഇപ്പോള്‍ അപ്രതീക്ഷിതമായ വേര്‍പാടില്‍ കണ്ണീരോടെ ആരുണിയുടെ വീഡിയോകള്‍ വീണ്ടും പങ്കുവയ്ക്കുകയാണ് മലയാളികള്‍.