ഇക്കഴിഞ്ഞ ദിവസം ഇറാഖിലെ മൊസ്യൂളില്‍ വച്ച് ഐഎസിന്റെ ഒരു സുപ്രധാന നേതാവ് പിടിക്കപ്പെട്ടിരുന്നു. ഇറാഖി സുരക്ഷാസേനയാണ് മൊസ്യൂളിലെ ഒളിത്താവളത്തില്‍ നിന്ന് ഷിഫ അല്‍ നിമ എന്ന ഈ ഭീകരനെ കസ്റ്റഡിയിലെടുത്തത്.

നിരവധി കൊലപതകങ്ങള്‍, ബലാത്സംഗങ്ങള്‍, പുണ്യസ്ഥലങ്ങള്‍ നശിപ്പിക്കല്‍ എന്നിങ്ങനെ എത്രയോ കേസുകളില്‍ മുഖ്യപ്രതിയാണ് ഷിഫ അല്‍ നിമ. ഏറെ നാളായി ഒളിവിലായിരുന്ന നിമയെ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുരക്ഷാസേനയ്ക്ക് കുടുക്കാനായത്.

പിടിക്കപ്പെടുമ്പോഴുള്ള നിമയുടെ രൂപമാണ് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചയായിരിക്കുന്നത്. ഏതാണ്ട് 140 കിലോയോളം തൂക്കമുണ്ട് അദ്ദേഹത്തിനെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. നിലവില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളില്‍ ഒരു കട്ടിലിന്റെ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞിരിക്കുന്ന നിമയെ കാണാവുന്നതാണ്.

നെഞ്ചിന് താഴെ മുതല്‍ അടിവയറ് വരെ കൊഴുപ്പ് വന്ന് അടിഞ്ഞിരിക്കുന്നത് പോലെയാണ് നിമയെ ചിത്രത്തില്‍ കാണുമ്പോള്‍ തോന്നുന്നത്. ഏറ്റവും കൗതുകമുണര്‍ത്തുന്ന സംഗതി ഇതൊന്നുമല്ല, നിമയെ കസ്റ്റഡിയിലെടുത്ത ശേഷം ജയിലിലേക്ക് മാറ്റാനായി പൊലീസ് വാഹനത്തില്‍ കയറ്റാന്‍ നോക്കിയപ്പോള്‍ സേന ഒട്ടൊന്ന് വിയര്‍ത്തുവെന്നാണ് പറയപ്പെടുന്നത്. ഒടുവില്‍ ഒരു മിനിലോറിയുടെ പിന്‍ഭാഗത്ത് തുറന്ന രീതിയില്‍ തന്നെ നിമയെ ഇരുത്തി, ഇരുപുറവും തോക്കേന്തിയ സൈനികരെയും വിന്യസിച്ചാണത്രേ ജയില്‍ വരെ പോയത്. ഇറാഖി മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈറലായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെല്ലാം നിമയെ ട്രോളുന്ന തിരക്കിലാണിപ്പോള്‍. ഈ വണ്ണവും വച്ചാണോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും, ഇത്രനാള്‍ ഒളിച്ചിരുന്നത് ബേക്കറിയിലാണോ എന്നുമെല്ലാമാണ് ആളുകള്‍ ചോദിക്കുന്നത്. ഏതായാലും ജയിലിലേക്ക് മാറ്റിയ നിമയെ വൈകാതെ വിചാരണയ്ക്ക് വിധേയനാക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.