34 കാരനായ മകനുമൊത്തതാണ്  55 കാരനായ മാർട്ടിനോ കോഡിയോസോ പന്നിയെ വേട്ടയാടാൻ വേണ്ടിയാണ് പോസ്റ്റിഗ്ലിയോൺ എന്ന ഇറ്റാലിയൻ ഗ്രാമത്തിലെ കാടിനുള്ളിലേക്ക് വെച്ചുപിടിച്ചത്. അവർക്ക് കൃത്യമായ ഒരു നായാട്ടുപ്ലാൻ ഉണ്ടായിരുന്നു. അച്ഛൻ മലമുകളിൽ നിന്ന് താഴേക്ക് പന്നിയെ തുരത്തിക്കൊണ്ടുവരും. മകൻ താഴെ നിന്ന് മലമുകളിലേക്കും കാടിളക്കും. അപ്പോൾ പിന്നെ പന്നികൾക്ക് രക്ഷപ്പെടാൻ ഒരു കാരണവശാലും ആവില്ല.  

പ്ലാൻ ഒക്കെ പക്കാ ആയിരുന്നു. ഒരൊറ്റ കുഴപ്പം മാത്രം പറ്റി.  പൊന്തക്കാടുകൾക്കിടയിൽ അനക്കം കണ്ടപ്പോൾ പന്നി തന്നെ എന്നുറപ്പിച്ച് മകൻ തന്റെ ഷോട്ട് ഗൺ നിറയൊഴിച്ചു. കാട്ടിനുള്ളിൽ നിന്ന് അച്ഛന്റെ നിലവിളി കേട്ടപ്പോഴാണ് പണി പാളിയ കാര്യം മകന് മനസ്സിലായത്. അച്ഛന്റെ വയറ്റിലാണ് ആ ഉണ്ട തുളച്ചു കേറിയത്. ആശുപത്രിയിൽ വെച്ച് അച്ഛൻ മരണത്തിന് കീഴടങ്ങി. നരഹത്യയ്ക്കാണ് മകന്റെ പേരിൽ ഇറ്റാലിയൻ പൊലീസ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. 

വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു നാഷണൽ പാർക്ക് പരിധിയിലാണ് അച്ഛനും മകനും ശിക്കാറിനിറങ്ങിയത്.  ഷോട്ട് ഗൺ ഉണ്ട കൊണ്ടുള്ള മുറിവുകളോടെ ആശുപത്രിയിലെത്തിച്ച അയാളെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനു മുമ്പ് സമാനമായ സാഹചര്യങ്ങളിൽ ഒരു 56 -കാരനും ഒരു 20-കാരനും മരിക്കുകയുണ്ടായി. 

" ഇതൊരു ദേശീയ ദുരന്തമാണ്" എന്ന് നാഷണൽ അനിമൽ ഡിഫൻസ് ലീഗ് പ്രവർത്തക മിഷേല വിറ്റോറിയ ബ്രാംബില പറഞ്ഞു. ഇറ്റാലിയൻ കാടുകളിൽ  ഏറിവരുന്ന നായാട്ടു ശല്യത്തെപ്പറ്റി പരാതിപറഞ്ഞു മടുത്തെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.