മിക്ക കുട്ടികളും പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്.  സമ്മർദം കാരണം പരീക്ഷ നന്നായി എഴുതാൻ പറ്റാതെയാകുന്നു. പരീക്ഷ സമ്മർദ്ദം ഇല്ലാതാക്കാൻ യുഎസിലെ കോർണൽ സര്‍വകലാശാലയിലെ ഗവേഷകർ ഇതാ ഒരു എളുപ്പ വഴി പറ‍ഞ്ഞ് തരുന്നുണ്ട്. 

കുറഞ്ഞത് പത്തു മിനിറ്റെങ്കിലും പുറത്ത് മുറ്റത്തോ അടുത്തുള്ള പാർക്കിലോ സമയം ചെലവിടുന്നത് കുട്ടികളെ സന്തോഷമുള്ളവരാക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്.  ശാരീരികവും മാനസികവുമായ സമ്മർദ്ദം അകറ്റാൻ ഇത് സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു.

പ്രകൃതിയിൽ പത്തു മുതൽ അൻപതു മിനിറ്റു വരെ ചെലവഴിക്കുന്നത് മൂഡ് മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും രക്തസമ്മർദം, ഹൃദയമിടിപ്പിന്റെ നിരക്ക് ഇവയെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് ​ഗവേഷകൻ ജെൻ മെറെഡിത്ത് പറയുന്നു.

കുട്ടികളിൽ കണ്ട് വരുന്ന വിഷാദരോ​ഗം, സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ ഏറ്റവും മികച്ചൊരു മാർ​ഗമാണ് ഇതെന്നും മെറെഡിത്ത് പറഞ്ഞു. ഫ്രണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾ പാർക്കിലോ പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലോ കളിക്കാൻ അൽപ സമയം മാറ്റിവയ്ക്കണമെന്നും അ​ദ്ദേഹം പറയുന്നു.