ഖര്‍തൗം: സിംഹമെന്ന് കേട്ടാലേ തലയെടുപ്പോടെ ശൗര്യത്തോടെ നടന്നുവരുന്ന രൂപമാകും എല്ലാവര്‍ക്കും മനസ്സില്‍ തെളിയുക. ഒട്ടിയുണങ്ങി എല്ലുംതോലുമായ സിംഹങ്ങളുടെ ചിത്രം ചിന്തിച്ചിട്ടേ ഉണ്ടാകില്ല. എന്നാല്‍ അതിദാരുണമായ അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലാണ് പട്ടിണിക്കോലമായ സിംഹങ്ങളുള്ളത്. അഞ്ച് സിംഹങ്ങളാണ് ഈ പാര്‍ക്കിലുള്ളത്. ബാക്കിയുള്ളവ പട്ടിണി കിടന്നും രോഗം ബാധിച്ചും മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാര്‍ക്കിലുള്ള സിംഹങ്ങളുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. മതിയായ ആഹാരമോ മരുന്നോ ലഭിക്കാതെ മരണത്തോട് അടുക്കുകയാണ് ഈ മിണ്ടാപ്രാണികള്‍. വിദേശ നാണ്യത്തിലെ കിഴിവും ആഹാര സാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയതും കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ സു‍ഡാന്‍. 

പാര്‍ക്കിലെ അധികൃതരും ഡോക്ടര്‍മാരും പറയുന്നത് സിംഹങ്ങളുടെ നില അതിദാരുണമാണെന്നാണ്. ചിലതിന്  ഭാരത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞ് കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. 

''എപ്പോഴും ഭക്ഷണം ലഭിക്കാറില്ല. ഇടക്കെപ്പോഴെങ്കിലും ഞങ്ങളുടെ കയ്യില്‍ നിന്ന് പണമെടുത്താണ് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത്. അവയ്ക്ക് ഗുരുതര രോഗം ബാധിച്ചിട്ടുണ്ട്. പാര്‍ക്കിലെ മറ്റ് മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്...'' - പാര്‍ക്കിലെ ജീവനക്കാര്‍ പറഞ്ഞു. 

പട്ടിണി കിടന്ന് മരിക്കാന്‍ തുടങ്ങുന്ന ഈ മൃഗങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. അവര്‍ക്ക് അത്യാവശ്യമായി ആഹാരവും മരുന്നും നല്‍കണമെന്നും മറ്റൊരു നല്ല മൃഗശാലയിലേക്ക് മാറ്റണമെന്നുമാണ് ആളുകള്‍ ആവശ്യപ്പെടുന്നത്.