മുഖസൗന്ദര്യം വർധിപ്പിക്കാൻ പല വഴികള്‍ നോക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ടാകും. സ്വന്തം നിലയ്ക്കും അല്ലാതെയുമായി ഇതിന്​ ശ്രമങ്ങൾ നടത്തുന്നു. എന്നാൽ നിങ്ങൾ സ്വന്തം നിലയ്ക്ക്​ നടത്തുന്ന മുഖസൗന്ദര്യ പരീക്ഷണങ്ങൾ പലതും അപകടകരമാണ്​. നല്ലതെന്ന് കേട്ടുകേൾവിയുടെ അടിസ്​ഥാനത്തിൽ മുഖത്ത്​ പുരട്ടുന്ന വസ്​തുക്കൾ എതിർഫലങ്ങൾ ഉണ്ടാക്കുന്നവയാണെന്ന്​ ചർമവിദഗ്​ദർ പറയുന്നു​. അത്തരം ചില വസ്​തുക്കൾ നോക്കാം. 

ആള്‍ക്കഹോൾ

ഓയിൽ മയമുള്ള ചർമം ആള്‍ക്കഹോൾ ഉപയോഗിച്ച്​ തുടച്ചെടുക്കാമെന്നാണ്​ പൊതുധാരണ. എന്നാൽ ഇവ നിങ്ങളുടെ ചർമം ചുളിയാൻ ഇടയാക്കും. പ്രോട്ടീൻ, ​കൊഴുപ്പ്​ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യും.

മയോണൈസ്​

മുഖക്കുരു തടയും എന്ന ധാരണയിലാണ്​ മയോണൈസ്​ മുഖത്ത്​ പ്രയോഗിക്കുന്നത്​. എന്നാൽ ഇവയുടെ പ്രയോഗം മുഖത്തിന്​ ഹാനികരമാണ്​. അത് മുഖക്കുരു വരാന്‍ കാരണമാകുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുട്ട

സൗന്ദര്യതാൽപര്യത്തിൽ മുഖത്ത്​ മുട്ടയുടെ വെള്ള പ്ര​യോഗിക്കുന്നവർ ഏറെയാണ്​. എന്നാൽ ഇതിൽ അടങ്ങിയ സാൽമോണില്ല ബാക്​ടീരിയ അപകടകാരിയാണ്​. വേവിക്കാതെ മുട്ട കഴിക്കുന്നത്​ പലപ്പോഴും ഭക്ഷ്യവിഷബാധയായി മാറാനും ഇവയാണ്​ കാരണം. 

ചെറുനാരങ്ങ നീര്

കറുത്ത പാടുകൾ നീക്കാൻ വ്യാപകമായി മുഖത്ത്​ ഉപയോഗിക്കുന്നവയാണ്​ ചെറുനാരങ്ങ നീര്​.  എന്നാൽ ഇവ അമ്ലഗുണമുള്ളവയായതിനാൽ ചർമത്തിന്​ ദോഷകരമാണ്​. 

ബേക്കിങ്​ സോഡ

പാചകത്തിന്​ ഉപയോഗിക്കുന്ന സോഡ പൊടിയും മുഖക്കുരു ഇല്ലാതാക്കാൻ പലരും ഉപയോഗിക്കാറുണ്ട്​. ഇത്​ ചർമത്തിന്‍റെ മുകളിലെ ആവരണത്തെ തന്നെ നശിപ്പിച്ചുകളയും. മുഖത്ത്​ അസ്വസ്​ഥതയും ചൊറിച്ചിലും അനുഭവപ്പെടാനും ഇത്​ വഴിവെക്കും. 

ടൂത്ത് പേസ്റ്റ് 

മുഖത്തെ കറുത്ത പാടുകള്‍ മാറ്റനായി ചിലര്‍ ടൂത്ത് പേസ്റ്റ് മുഖത്ത് പുരട്ടാറുണ്ട്. എന്നാല്‍ ഇത് കറുത്തപാടുകളെ മാറ്റില്ല എന്നുമാത്രമല്ല ചിലപ്പോള്‍ പൊള്ളാനും സാധ്യതയുണ്ട്.