ഹൈദരാബാദ്: തുണിക്കടയിൽ സ്ഥിരമായി എത്തുന്ന പശു നാട്ടുകാർക്ക് കൗതുകമാകുന്നു. കടയിൽ മൂന്ന് മണിക്കൂറോളം ചെലവിടുന്ന പശു ഒരു പ്രശ്നവുമുണ്ടാക്കാതെ വന്നത് പോലെ മടങ്ങാറാണ് പതിവെന്ന് കടയുടമ ഒബയ്യ പറയുന്നു. ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് സംഭവം. എട്ട് മാസം മുൻപാണ് പശു കടയിൽ വന്ന് തുടങ്ങിയതെന്ന് ഒബയ്യ പറയുന്നു. 

കടയിലെത്തുന്നവർ നിലത്തിരുന്നാണ്   വസ്ത്രങ്ങൾ തെരഞ്ഞെ‌ടുക്കുന്നത്. ഈ മെത്തയിലാണ് പശുവിന്റെ കിടപ്പുമെന്ന് ഒബയ്യ പറഞ്ഞു. പശു സ്ഥിരമായി വന്ന് തുടങ്ങിയതോടെ പ്രത്യേകമൊരു മെത്തയും ഒരുക്കി കൊടുത്തിട്ടുണ്ട്. പശു കടയിൽ വന്നാൽ തന്നെ വൃത്തികേടാക്കുന്ന പ്രശ്നവുമില്ലെന്നും അദ്ദേഹം പറയുന്നു.

 കടയിൽ വരുന്നവർക്ക് ഈ പശു കൗതുകമാണെന്നും കടയിലെ ജീവനക്കാർക്ക് പശുവിനോട് വല്ലാത്തൊരു അടുപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. പശുവിന്റെ ശരീരത്തിൽ ചന്ദനം പൂശുന്ന ജീവനക്കാർ അതിന് ആഹാരവും നൽകാറുണ്ട്. ആഹാരം നൽകാനായി മാത്രം പ്രത്യേക പാത്രവും വച്ചിട്ടുണ്ട്. ഇതിൽ കൊടുത്താൽ മാത്രമേ കഴിക്കൂ. കടയിൽ പശു സ്ഥിരമായി വന്ന് തുടങ്ങിയതോടെ കച്ചവടം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.