ഇഷ്ടം തോന്നിയ ആളോട് അത് പറഞ്ഞ ഒരു യുവതിക്ക് കിട്ടിയ മറുപടിയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്.  ജില്ലിയണ്‍ എന്ന ഇരുപത്തിമൂന്നുകാരിക്കാണ് ഒരാളോട് ഇഷ്ടം തോന്നിയത്. പിന്നെ ഒന്നും ആലോചിക്കാതെ ഡെറിക്ക് എന്ന സുന്ദരനായ ആ യുവാവിനോട് തന്‍റെ ഇഷ്ടം പറയുകയും  തന്‍റെ മൊബൈല്‍ നമ്പര്‍ നല്‍കുകയുമാണ് ജില്‍ ചെയ്തത്. 

ഡെറിക്കിന്‍റെ മറുപടിയും യുഎസ് സ്വദേശിനിയായ ജില്ലിന്‍റെ ഫോണിലെത്തി. മറുപടി കുറച്ച് നിരാശപ്പെടുത്തിയെങ്കിലും  ഡെറിക്കിന്റെ ഒരു ഓഫര്‍ ജില്ലിന് ഇഷ്ടമായി. ഡെറിക്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'ഞാന്‍ ഡെറിക്ക് . ഇഷ്ടം തുറന്നുപറയാനുളള ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. നീ വളരെയധികം സുന്ദരിയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു ഗേയാണ്. എന്നാല്‍ എനിക്ക് ഒരു ഇരട്ട സഹോദരനുണ്ട്. ഇഷ്ടമാണെങ്കില്‍ അവനെ പരിചയപ്പെടൂ'. 

 

ജില്‍ ഡെറിക്കിന്‍റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഡെറിക്കിന്‍റെ ഇരട്ടസഹോദരനായ സ്കോട്ടിനോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോയി എന്ന് കുറിച്ചുകൊണ്ടായിരുന്നു ജില്‍ ഒരു ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഡെറിക്ക് ജനിച്ച്  രണ്ട് സെക്കന്‍റിന് ശേഷമാണ് സ്കോട്ട് ജനിച്ചത്. 

 

ഞാനും ഡെറിക്കും സുഹൃത്തുക്കളാണ്. ഞങ്ങളും ഇടയ്ക്ക് കറങ്ങാന്‍ പോകാറുണ്ട് എന്നും ജില്‍ കുറിച്ചു. ജില്ലിന്‍റെ ഈ ഡെറ്റിങ് കഥയ്ക്ക് 401,000 പേരാണ് ലൈക്ക് ചെയ്തത്. 53,000 റീട്വീറ്റ് ചെയ്യുകയും ചെയ്തു.