ഓരോ ബന്ധങ്ങളുടെയും സ്വഭാവമനുസരിച്ചായിരിക്കും അവര്‍ക്കിടയിലെ ലൈംഗികബന്ധവും നിലനില്‍ക്കുക. കുറച്ചെല്ലാം വ്യക്തികളുടെ സവിശേഷതകളില്‍ സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലും, ലിംഗവ്യത്യാസം ഇതില്‍ കൃത്യമായ പങ്ക് വഹിക്കുന്നുണ്ട് എന്ന് തന്നെയാണ് പല പഠനങ്ങളും അവകാശപ്പെടുന്നത്. 

അതായത് ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ത്രീയും പുരുഷനും ഇടപെടുന്നതില്‍ പ്രത്യക്ഷമായിത്തന്നെ വലിയ വ്യത്യാസങ്ങളുണ്ടെന്ന്. ഇത് തെളിയിക്കുന്ന ഒരു പഠനമാണ് 'എവല്യൂഷനറി ബിഹേവിയറല്‍ സയന്‍സ്' എന്നൊരു ആരോഗ്യ പ്രസിദ്ധീകരണത്തില്‍ അടുത്തിടെ വന്നിരിക്കുന്നത്. 

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കിടപ്പറയില്‍ ആരാണ് കൂടുതല്‍ തവണ മുന്‍കയ്യെടുക്കുന്നത് എന്നായിരുന്നു പഠനം അന്വേഷിച്ചത്. സ്ത്രീകളെക്കാള്‍ മൂന്ന് മടങ്ങ് കൂടുതലായി, പുരുഷന്മാരാണ് സാധാരണഗതിയില്‍ ലൈംഗിക കാര്യങ്ങളില്‍ മുന്‍കയ്യെടുക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകള്‍ക്ക് വ്യക്തിപരമായി ലൈംഗികതയോടുള്ള മനോഭാവവും പങ്കാളിയോടുള്ള ആകര്‍ഷണവും ഇതില്‍ പ്രധാന ഘടകങ്ങളാകുന്നുവെന്നും പഠനം പറയുന്നു. 

നീണ്ട കാലത്തേക്കുള്ള ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന, 19നും മുപ്പതിനും മധ്യേ പ്രായമുള്ള ജോഡികളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. വര്‍ഷങ്ങളോളം ഒരാള്‍ക്കൊപ്പം തന്നെ ജീവിക്കുമ്പോള്‍ ലൈംഗികകാര്യങ്ങളില്‍ മടുപ്പ് വരുന്നത് സ്വാഭാവികമാണ്. അതേസമയം പങ്കാളിയോടുള്ള ആത്മാര്‍ത്ഥത, കരുതല്‍, അടുപ്പം എന്നിവയെല്ലാം ലൈംഗികതയെ സ്വാധീനിക്കുമത്രേ. എങ്കിലും പങ്കാളിയോട് തോന്നുന്ന ആകര്‍ഷണത്തോളം മറ്റൊന്നും ലൈംഗികതയില്‍ പ്രധാനമല്ലെന്നും പഠനം വാദിക്കുന്നു.