ചിലരുണ്ട്, പൂച്ചകളുടെ കളിയും ചിരിയുമെല്ലാം ഉള്‍ക്കൊള്ളുന്ന വീഡിയോകളൊക്കെ ഏറെ കുത്തിയിരുന്ന് കാണും. വീട്ടില്‍ പൂച്ചയുള്ളവരാണെങ്കിലോ... വിനോദത്തിന് വേറെ മാര്‍ഗങ്ങളൊന്നും വേണ്ട എന്ന അവസ്ഥയായിരിക്കും. ഇങ്ങനെയുള്ള കടുത്ത പൂച്ചപ്രേമികള്‍ അറിയാന്‍ പുതിയൊരു പഠനത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ്. 

പൂച്ചകള്‍ അവരുടെ ചിന്തകള്‍ എന്താണോ അത് മുഖത്ത് വരുത്താതെയിരിക്കുന്ന കാര്യത്തില്‍ വിരുതന്മാാരണത്രേ. പാവം മനുഷ്യരോ, ഇതൊന്നുമറിയാതെ, പൂച്ചയുടെ സ്‌നേഹത്തെക്കുറിച്ചും, അതിന്റെ ആത്മാര്‍ത്ഥതയെ കുറിച്ചുമെല്ലാം വാചാലരാകും. കാനഡയില്‍ നിന്നുള്ള ഗവേഷകരാണ് രസകരമായ ഈ പഠനത്തിന് പിന്നില്‍. 

മൃഗങ്ങളുടെ ഭാഷ മനസിലാക്കാന്‍ പ്രത്യേക കഴിവുള്ള വിദഗ്ധരുണ്ട്. ഇത്തരക്കാരെ കുറിച്ച് പല സാഹചര്യങ്ങളിലും നിങ്ങള്‍ കേട്ടുകാണും. ഇവരുടെ സഹായത്തോടെയാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. അതായത്, പൂച്ചപ്രേമികളായ ഒരു കൂട്ടം ആളുകളെ പൂച്ചകളുടെ വ്യത്യസ്തമായ മുഖഭാവങ്ങള്‍ കാണിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകള്‍ കാണിക്കുകയും അതില്‍ നിന്ന് പൂച്ചയുടെ ചിന്തകളെ മനസിലാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ഗവേഷകര്‍. 

പഠനത്തില്‍ പങ്കെടുത്ത മഹാഭൂരിപക്ഷം പേരും പരീക്ഷണത്തില്‍ തോല്‍ക്കുകയാണുണ്ടായത്. മുമ്പും പല പഠനങ്ങളും ഇതേ കണ്ടത്തലുകളെ ശരിവയ്ക്കും വിധത്തിലുള്ള നിഗമനങ്ങളിലെത്തിയിട്ടുണ്ട്. സംഗതി രസമായി തോന്നുമെങ്കിലും, അല്‍പം ഗൗരവമുള്ള വിഷയം തന്നെയാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

പല വീടുകളിലും വീട്ടുകാര്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ളവരായിരിക്കും വളര്‍ത്തുമൃഗങ്ങളും. എന്നാല്‍ അവയുടെ മനസ് വായിക്കാന്‍ നമുക്ക് പറ്റാതാകുന്നതോടെ ആ ജീവിയുമായുള്ള ബന്ധം തന്നെ മറ്റൊരു തലത്തിലായിപ്പോകുന്നു. 

'പൊതുവേ പൂച്ചകള്‍ ബുദ്ധിയുള്ള ജീവികളാണ്. ഇത്തരത്തിലുള്ള പെരുമാറ്റം പോലും ഒരുപക്ഷേ അതിന്റെ ഭാഗമായിട്ടായിരിക്കാം. നമ്മള്‍ അവരെ കൃത്യമായി വായിച്ചെടുക്കാനുള്ള കഴിവ് ആര്‍ജ്ജിക്കല്‍ മാത്രമാണ് ഇതിലുള്ള ഏക പരിഹാരം. അത്തരത്തില്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നമുക്കിടയിലുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മേസണ്‍ പറയുന്നു.