പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കുമറിയാം. അക്കാര്യത്തെച്ചൊല്ലി ഒരു ചര്‍ച്ചയുടെ ആവശ്യകതയേ ഉണ്ടാകുന്നില്ല. മാരകമായ പല അസുഖങ്ങളിലേക്കും പുകവലി മനുഷ്യരെ എത്തിക്കുന്നുണ്ട്. എന്നാല്‍ പുകവലിക്കുന്നത് കൊണ്ട് മനുഷ്യരുടെ ശരീരം മാത്രമാണോ കേടാകുന്നത്?

അല്ലെന്നാണ് കേംബ്രിഡ്ജിലുള്ള 'ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. പിന്നെയോ? പഠനം വിശദീകരിക്കുന്നു. 

ലോകത്തെമ്പാടും ഓരോ വര്‍ഷവും കോടാനുകോടി സിഗരറ്റ് കുറ്റികളാണത്രേ അശ്രദ്ധമായി മനുഷ്യര്‍ അവരുടെ ചുറ്റുപാടുകളില്‍ എറിഞ്ഞ് കളയുന്നത്. ഇതിലെ ഓരോന്നും മണ്ണില്‍ ലയിച്ചുപോകാന്‍ 10 വര്‍ഷമെങ്കിലും എടുക്കുന്നുവെന്നാണ് പഴയൊരു പഠനം വാദിക്കുന്നത്. അങ്ങനെയെങ്കില്‍ അത്രയും കാലം ഇത് മണ്ണില്‍ കിടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

വിത്തുകളില്‍ നിന്ന് മുള പൊട്ടുന്നതും, ചെടികളുടെ വളര്‍ച്ചയും, ആരോഗ്യവുമെല്ലാം ഇത് കുത്തിക്കെടുന്നുവത്രേ. അപ്പോള്‍ ലോകത്താകമാനം എത്ര ചെടികളുടെ ജീവന്‍ ഈ സിഗരറ്റ് കുറ്റികള്‍ നശിപ്പിച്ചുകാണും! ഇത്രയുമധികം പച്ചപ്പ് ഇല്ലാതാകുന്നത് ഏതൊരു ജീവിയേയും പോലെ മനുഷ്യരേയും ബാധിക്കില്ലേ!

ചിന്തിക്കേണ്ട വിഷയം തന്നെയാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഹാനികരമായ അവശിഷ്ടം സിരഗറ്റ് കുറ്റിയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പ്ലാസ്റ്റിക് പോലും ഇതിന് ശേഷമേ വരൂവെന്നാണ് ഇവര്‍ പറയുന്നത്. കൃത്യമായ രീതിയില്‍ മാത്രമേ സിഗരറ്റ് കുറ്റികള്‍ നശിപ്പിക്കാവൂ എന്നും, ഒരിക്കലും അവ അലക്ഷ്യമായി മണ്ണിലേക്ക് വലിച്ചെറിയരുത് എന്നും കൂടി പഠനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.