കുഞ്ഞുങ്ങള്‍ ഒന്ന് കരയുമ്പോഴേക്കും ഓടിച്ചെന്ന് അവരെ വാരിയെടുത്ത് ആശ്വസിപ്പിക്കുന്ന അമ്മമാരാണ് അധികവും. ഇനി അഥവാ അമ്മമാര്‍ ഓടിച്ചെന്നില്ലെങ്കിലോ, വീട്ടിലുള്ള മുതിര്‍ന്നവര്‍ അവരെ വഴക്ക് പറയും, അല്ലേ? കുഞ്ഞ് കിടന്ന് കരയുമ്പോള്‍ മറ്റ് ജോലികള്‍ ചെയ്യരുത്, അതിനെ നോക്കുകയാണ് വേണ്ടത് എന്നൊരുപദേശവും പാസാക്കും.

സത്യത്തില്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ജേണല്‍ ഓഫ് ചൈല്‍ഡ് സൈക്കോളജി ആന്റ് സൈക്യാട്രി' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

18 മാസം വരെയുള്ള കുഞ്ഞുങ്ങളാണെങ്കില്‍ അവര്‍ അല്‍പനേരം കരയുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മയോ അച്ഛനോ ശ്രദ്ധിച്ചില്ലെന്ന് കരുതി അവരോടുള്ള അടുപ്പം 18 മാസക്കാലത്തിനുള്ളില്‍ കുഞ്ഞിന് കുറയില്ലെന്നും അതോടൊപ്പം തന്നെ അല്‍പസ്വല്‍പമൊക്കെ കുഞ്ഞിനെ കരയാന്‍ വിടുന്നത് കുഞ്ഞിന് തന്നെ നല്ലതാണെന്നും പഠനം പറയുന്നു. 

കരയുന്നത് കേട്ടയുടന്‍ കുഞ്ഞുങ്ങളെ വാരിയെടുക്കുന്നത് കരച്ചില്‍ കൂടാനും, കരയുന്നതിന്റെ ദൈര്‍ഘ്യത നീളാനും കാരണമാകുമത്രേ. എന്നാല്‍ കുറച്ചുനേരം അവരെ വെറുതെ വിടുകയാണെങ്കില്‍ ക്രമേണ കരയുന്ന തവണകളും സമയവും കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുവഴി തനിയെ സമാശ്വസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കുഞ്ഞുങ്ങള്‍ പരിശീലിച്ചുതുടങ്ങുമെന്നും ഗവേഷകര്‍ വാദിക്കുന്നു.