ആസ്വാദ്യമായ ലൈംഗികജീവിതം ഉണ്ടാകാന്‍ 'സിക്‌സ് പാക്ക്' ശരീരവും സൗന്ദര്യവും ചെറുപ്പവുമെല്ലാം ആവശ്യമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഏത് പ്രായത്തിലുള്ള ആളുകള്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ലൈംഗികതയെ വലിയ അളവില്‍ ആസ്വദിക്കാന്‍ കഴിയുന്നത് എന്നറിയാമോ?

ഏറെ കൗതുകമുള്ള ഈ വിഷയത്തില്‍ 'മാച്ച്.കോം' മാസങ്ങള്‍ക്ക് മുമ്പ് ഒരു പഠനം നടത്തി. 'സിംഗിള്‍സ് അമേരിക്ക' എന്ന പേരിലായിരുന്നു ഇവരുടെ ഗവേഷണം. രസകരമായ നിരീക്ഷണങ്ങളാണ് പഠനത്തിന് ശേഷം ഇവര്‍ പുറത്തുവിട്ടത്.

പൊതുബോധങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന കണ്ടെത്തല്‍ വലിയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വഴിയൊരുക്കി. അതായത് അറുപതുകളില്‍ ഉള്ള പുരുഷനും സ്ത്രീയുമാണ് സെക്‌സിനെ ഏറ്റവും ആസ്വാദ്യമായി സമീപിക്കുന്നതെന്നായിരുന്നു പഠനത്തിന്റെ നിഗമനം. 65 കടന്ന സ്ത്രീകളും 60 കടന്ന പുരുഷന്മാരും തങ്ങളുടെ സ്വകാര്യജീവിതത്തില്‍ യുവാക്കളെക്കാളധികം സംതൃപ്തി രേഖപ്പെടുത്തി. പഠനത്തില്‍ പങ്കെടുത്ത ആകെ മുതിര്‍ന്നവരില്‍ 75 ശതമാനം പേരും അവരുടെ ലൈംഗികജീവിതം നന്നായി പോകുന്നുവെന്ന് അവകാശപ്പെട്ടു. 

ചെറുപ്പക്കാര്‍ ലൈംഗികതയെ കൂടുതലായി ശരീരത്തിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അതില്‍ കുറേക്കൂടി ആത്മീയാംശത്തെ അന്വേഷിക്കുന്നതാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തി. അവര്‍ ജീവിതത്തില്‍ ഇരുത്തം വന്നവരാണ്. കിടപ്പറയിലും എന്ത് വേണമെന്ന് അവര്‍ക്കറിയാം. അക്കാരണങ്ങളാകാം അവരെ കൂടുതല്‍ തൃപ്തിപ്പെടുത്തുന്നത്- ഗവേഷകര്‍ പറയുന്നു. 

അതേസമയം, വ്യത്യസ്തമായ സാംസ്‌കാരിക- സാമൂഹിക ജീവിതങ്ങള്‍ നയിക്കുന്ന ആളുകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നും, എല്ലാ രാജ്യങ്ങളിലും തങ്ങളുടെ പഠനം കൃത്യമായ അളവുകോലായിരിക്കണമെന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.