ജീവിക്കാന്‍ വേണ്ടി ചെറിയ കള്ളങ്ങള്‍ പറയാത്തവരായി ആരും കാണില്ല. എന്നാല്‍ അവനവന് രക്ഷപ്പെടാന്‍ മാത്രമല്ല, മറ്റുള്ളവരെ കുടുക്കാന്‍ വേണ്ടിയും കള്ളങ്ങള്‍ പറയുന്നവരുണ്ട്. ഇത്തരക്കാരെ അല്‍പം ഭയപ്പെടേണ്ടതുമുണ്ട്, അല്ലേ? 

എന്തായാലും ആരെയും അത്ര പെട്ടെന്ന് സത്യസന്ധരെന്ന് സര്‍ട്ഫിക്കറ്റ് നല്‍കി വിശ്വാസത്തിലെടുക്കാന്‍ വരട്ടേ. അത്രയും വിദഗ്ധമായി കള്ളം പറഞ്ഞ് സത്യസന്ധരാണെന്ന് പേരെടുക്കുന്ന വിളഞ്ഞ കള്ളന്മാരും നമുക്കിടയിലുണ്ടെന്നാണ് പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. 

'അമേരിക്കന്‍ സൈക്കോളജി അസോസിയേഷന്‍' ആണ് ഇത്തരമൊരു പഠനം നടത്തിയത്. അതായത്, സത്യസന്ധനാണ് എന്ന് മറ്റുള്ളവരെ കൊണ്ട് എപ്പോഴും പറയിക്കാനായി, സത്യങ്ങളാണ് പറയുന്നത് എന്ന് തോന്നിച്ചുകൊണ്ട് വിശ്വസനീയമായ കള്ളങ്ങള്‍ പറയുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ടായിരിക്കുമത്രേ. 'സെല്‍ഫിഷ് ലയേഴ്‌സ്' എന്നാണ് പഠനം ഇവരെ വിശേഷിപ്പിക്കുന്നത്. 

പൊതുവേ സ്വന്തം 'ഇമേജ്', 'പേര്' എന്നിങ്ങനെയൊക്കെ എപ്പോഴും ശ്രദ്ധയോടെ നില്‍ക്കുകയും സമൂഹത്തില്‍ ഉന്നതങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കുമത്രേ ഇവര്‍. എപ്പോഴും സത്യങ്ങളേ പറയാവൂ എന്ന അതിശക്തമായ പൊതു കാഴ്ചപ്പാടാണത്രേ ഇത്തരമൊരു വിഭാഗത്തെ ഉണ്ടാക്കിയെടുക്കുന്നത്. 

'കള്ളന്‍' എന്ന് നമ്മള്‍ മുദ്ര കുത്തിയ ഒരു വ്യക്തിയെക്കൊണ്ട് ഉണ്ടാകുന്നതിലും അധികം അപകടങ്ങള്‍ ഇത്തരക്കാരില്‍ നിന്നുണ്ടാകുമെന്നും ബൗദ്ധികമായി സാധാരണക്കാരെക്കാള്‍ അല്‍പം മുന്നിലായിരിക്കും ഇവരെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൂന്ന് രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഉപയോഗിച്ചാണ് അസോസിയേഷന്‍ ഈ മനശാസ്ത്ര പഠനം നടത്തിയത്.