ഇത് ബെൻ കാർപെന്‍റര്‍. വയസ്സ് 35 . ഇംഗ്ലണ്ടാണ് സ്വദേശം. ഇരുപത്തൊന്നാമത്തെ വയസ്സിൽ ആളുടെ മനസ്സിൽ ഒരു ആഗ്രഹം പൊട്ടിമുളച്ചു. ഒരു കുഞ്ഞിനെ പോറ്റിവളർത്തണം. എന്നാൽ, വിവാഹം എന്നൊരു വൈകാരിക ബാധ്യത എടുത്ത് തലയിലേക്ക് വെക്കാനും ബെന്നിന് താത്പര്യം ഉണ്ടായില്ല. അതുകൊണ്ട് അടുത്ത വഴിയായ ദത്തെടുക്കലിനെപ്പറ്റിയായി ചിന്ത. ഒരു അനാഥക്കുട്ടിയെ ദത്തെടുക്കണം. അതിന് അച്ഛന്റെയും അമ്മയുടെയും ഒക്കെ സ്നേഹം കൊടുത്ത് അതിനെ പോറ്റിവളർത്തി വലുതാക്കണം. നല്ല വിദ്യാഭ്യാസം നൽകി വലിയ നിലയിൽ എത്തിക്കണം. അങ്ങനെ എടുത്തുവളർത്താൻ ഒരു കുഞ്ഞിനെത്തേടി സർക്കാർ നടത്തുന്ന ഒരു അഡോപ്‌ഷൻ ഏജൻസിയിൽ എത്തി. 

പ്രായം ഇരുപത്തൊന്ന് തികഞ്ഞതേയുണ്ടായിരുന്നു എങ്കിലും ബെന്നിന്‍റെ പക്വത അതിലും അപ്പുറമായിരുന്നു. താൻ പറയുന്നത്  അഡോപ്‌ഷൻ ഏജൻസിക്കാർ ഗൗരവത്തിലെടുക്കുമോ എന്ന കാര്യത്തിൽ ബെന്നിന് സംശയമുണ്ടായിരുന്നു എങ്കിലും, ബെൻ കാര്യങ്ങൾ അവതരിപ്പിച്ച രീതി അവർക്ക് തൃപ്തികരമായിരുന്നു. അവർ ബെന്നിന് ഒരു കുഞ്ഞിനെ ദത്തുനൽകാൻ തയ്യാറായി. 

ബെൻ ജോലിചെയ്തിരുന്നത് മാനസികവും ശാരീരികവുമായ അവശത അനുഭവിക്കുന്ന ആളുകളെ പരിപാലിക്കുന്ന ഒരു സ്ഥാപനത്തിൽ കെയർ ഗിവർ ആയിട്ടായിരുന്നു. അതുകൊണ്ട് ആ അഡോപ്‌ഷൻ ഏജൻസിയോട് അവൻ പ്രത്യേകം ആവശ്യപ്പെട്ടത് തനിക്ക് എന്തെങ്കിലും അവശതകൾ അനുഭവിക്കുന്ന ഒരു കുഞ്ഞിനെ ദത്തുവേണം എന്നായിരുന്നു. അതും അഡോപ്‌ഷൻ ഏജൻസിക്കാരെ അതിശയിപ്പിച്ചു. തന്റെ മുൻകാല പ്രവൃത്തി പരിചയം വെച്ച് അത്തരത്തിൽ ഒരു കുഞ്ഞിനെ ഈ ലോകത്തിൽ ആർക്കെങ്കിലും ദത്തെടുത്തു വളർത്തി സ്നേഹിക്കാനാകുമെങ്കിൽ അത് തനിക്കായിരിക്കും എന്ന് അവൻ ആ ചെറുപ്രായത്തിലേ ആലോചിച്ചു. 

അങ്ങനെയാണ് ജാക്ക് എന്ന ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിതനായ കുഞ്ഞിനെ അയാൾ ദത്തെടുക്കുന്നത്. ആ കുഞ്ഞിനെ വളർത്തിക്കൊണ്ടു വന്നപ്പോൾ തന്‍റെ കുഞ്ഞിന് സഹോദരങ്ങൾ വേണമെന്ന്  ബെന്നിന് തോന്നി. ഇത്തവണ അയാൾക്ക് അഡോപ്‌ഷൻ ഏജൻസിയിലേക്ക് പോവാൻ ഒരാൾ കൂടി കൂട്ടുണ്ടായിരുന്നു. ജാക്ക്..! 

തനിക്ക് ഒരു സഹോദരി വരുന്നു എന്നറിഞ്ഞപ്പോൾ ജാക്കിന് അതിയായ സന്തോഷം തോന്നി. അങ്ങനെ റൂബി അവരുടെ വീട്ടിലേക്ക് കടന്നുവന്നു. അവൾക്ക് കൈകളുടെ അസ്ഥികളെ ബാധിക്കുന്ന പിയറി റോബിൻ സിൻഡ്രം എന്ന ഗുരുതരമായ ജനിതക രോഗമാണ്. കൈകൾ ഉപയോഗിച്ച് ഒന്നും എടുക്കാനോ പിടിക്കാനോ അവൾക്കാവില്ല. അടുത്ത വർഷങ്ങളിൽ ബധിരയായ ലൈലയും ഡൌൺ സിൻഡ്രം ബാധിതനായ ജോസഫും ജാക്കിനും റുബിക്കും കൂട്ടായി ആ വീട്ടിലേക്ക് വന്നു. 

അങ്ങനെ അവർ നാലുപേരും ആ വീട്ടിൽ സസുഖം താമസിച്ചുകൊണ്ടിരുന്നു.  ഈ ഫാദേഴ്‌സ് ഡേയ്ക്ക് മുന്നോടിയായി ബെൻ തന്റെ കുടുംബം ഒന്നുകൂടി വികസിപ്പിച്ചു. വളരെ അപൂർവമായ കൊർണേലിയ ഡെ ലാങ്ങ് സിൻഡ്രം എന്നറിയപ്പെടുന്ന കൈകാലുകളെ തളർത്തുന്ന അസുഖം ബാധിച്ച നോവ എന്ന ഒരു വയസ്സുകാരനെകൂടി തങ്ങളുടെ കൊച്ചുകുടുംബത്തിലേക്ക് കൂടിയിരിക്കുകയാണ് ഇപ്പോൾ ബെൻ. ഇപ്പോൾ ബെന്നിന്റെ സന്തുഷ്ട കുടുംബം ഇപ്രകാരമാണ്. അച്ഛൻ ബെൻ ( 35), മൂത്തയാൾ ജാക്ക്(11), രണ്ടാമത്തെയാൾ റൂബി( 8),മൂന്നാമത്തവൾ ലില്ലി(6), നാലാമൻ ജോസഫ്(3), ഏറ്റവും ഒടുവിലത്തവൻ നോവ(1).

ബെന്നിന്റെ മക്കൾ പരസ്പരം സഹായിക്കുന്നവരാണ്. നടുവിലത്തെ കുട്ടി ലില്ലി. അവൾക്ക് ചെവി കേൾക്കില്ലെങ്കിലും അവളാണ് കുടുംബത്തിന്റെ ആണിക്കല്ല്. ആറുവയസ്സേയുള്ളു എങ്കിലും തന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടതൊക്കെ അവൾ സമയാസമയം നൽകും. ഒരു അമ്മയുടെ റോളിലേക്ക് അവൾ തന്നെ ഇപ്പോൾ തന്നെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. നോവ എന്ന ഒരുവയസ്സുകാരന്റെ വരവിൽ ഏറ്റവും സന്തോഷവും അവൾക്കുതന്നെ. നോവയ്ക്ക് കുപ്പിപ്പാൽ കൊടുക്കുന്നതും, അവനെ പാട്ടുപാടിയുറക്കുന്നതും ഒക്കെ ലില്ലി അവളുടെ അവകാശമെന്നോണം ഏറ്റെടുത്തിരിക്കുകയാണ്.  " എന്‍റെ കുഞ്ഞുങ്ങൾ, എന്‍റെ ചോരയിൽ പിറന്നതല്ലെങ്കിലും, അവർ എന്‍റെ പൊന്നുമക്കളാണ്. അല്ലെങ്കിലും ചോരയിലൊക്കെ എന്തിരിക്കുന്നു. നമുക്ക് അവരോട് എന്ത് സ്നേഹമാണുള്ളത് എന്നതിലല്ല കാര്യമുള്ളൂ..." 

ഇനി ദത്തെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല എന്ന് ബെൻ പറയുന്നു.  തന്‍റെ സഹായം ആവശ്യമുള്ള ഒരു കുഞ്ഞിനെ ഭാവിയിൽ കണ്ടുമുട്ടിയാൽ ചിലപ്പോൾ ദത്തെടുത്തെന്നും വരാം എന്ന് ബെൻ പറയുന്നു. അച്ഛൻ എന്ന ഒരു ഫീലിങ്ങ് അത് എത്രമേൽ സായൂജ്യം നല്കുന്നതാണെന്നറിയണമെങ്കിൽ നിങ്ങൾ ബെൻ കാർപെന്ററിനോട് തന്നെ ചോദിക്കണം...!