തെരുവുനായകളുടെ കടിയേറ്റ് എത്രയോ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അവയുടെ അക്രമണം സഹിക്കാനാകാതെ നിത്യജീവിതം ദുസ്സഹമായിത്തീര്‍ന്ന പ്രദേശങ്ങളുണ്ട്. എന്നുവച്ച്, തെരുവുനായകളെ ഒന്നടങ്കം കൊന്നുകളയാനൊക്കുമോ! അങ്ങനെ ചെയ്യണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ?

എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ചാണ് ഇനി പറയുന്നത്. തെരുവുനായകളുടെ ശല്യം സംബന്ധിച്ച് സുപ്രീംകോടതിയിലെത്തിയ നിരവധി പരാതികളിലൊന്ന് 'രാജ്യത്തെ മുഴുവന്‍ തെരുവുനായകളേയും കൊന്നുകളയണം' എന്നാവശ്യപ്പെടുന്ന ഒന്നായിരുന്നു. എന്നാല്‍ വളരെ രൂക്ഷമായ വിമര്‍ശനമായിരുന്നു പരാതിക്കെതിരെ സുപ്രീംകോടതി നടത്തിയത്.

ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു പ്രതികരണം. തെരുവുനായകളെക്കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട് എന്ന കാര്യം ശരിയാണ് എന്നുവച്ച് അവയെ തീര്‍ത്തും ഇല്ലാതാക്കണം എന്ന് പറയുന്നത് എന്ത് ന്യായമാണെന്നും, അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

തെരുനായകളുടെ ആക്രമണത്തില്‍ കേരളത്തില്‍ സംഭവിച്ച മരണങ്ങള്‍ അപകടമരണമായി കണക്കാക്കണം. എല്ലാ തെരുവുനായകളും ആക്രമണകാരികളല്ല. ഇതിന് പരിഹാരമായി തെരുവുനായകളുടെ എണ്ണം കുറയ്ക്കാനുള്ള ശാസ്ത്രീയമായ നടപടികളാണ് കൈക്കൊള്ളേണ്ടത്- കോടതി പറഞ്ഞു. തെരുവനായകള്‍ക്കായി അഭയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.