ഒരു വിവാഹത്തീയ്യതി നിശ്ചിക്കാൻ നമ്മളെന്തെല്ലാം നോക്കും? വരന്‍റേയും വധുവിന്‍റേയും കുടുംബങ്ങളുടേയും സൗകര്യം. ആചാരങ്ങൾ പാലിക്കുന്നവരാണെങ്കിൽ മുഹൂർത്തം. വിവാഹം നടത്തുന്നത് ഓഡിറ്റോറിയത്തിലോ റിസോർട്ടിലോ മറ്റോ ആണെങ്കി അതിന്‍റെ ലഭ്യത. അത്തരത്തിലുള്ള ഇതര സൗകര്യങ്ങളുടെ ലഭ്യത. ഇത്രയൊക്കെയല്ലേ നോക്കൂ, എന്നാൽ കാര്യങ്ങളതിൽ ഒതുങ്ങുന്നില്ലെന്നാണ് ഒരു സർവേ പറയുന്നത്

വിവാഹത്തീയ്യതി നിശ്ചയിക്കുന്നത് മിക്കവാറും വരന്റേയും വധുവിന്റേയും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരുടെയും സൗകര്യവും സന്തോഷവുമെല്ലാം നോക്കിയാണ്. അതോടൊപ്പം തന്നെ ആചാരങ്ങള്‍ പാലിക്കുന്നവരാണെങ്കില്‍ നല്ല മൂഹൂര്‍ത്തവും നോക്കും. ഇതിനെല്ലാം പുറമെ വിവാഹം നടത്തുന്നത് ഓഡിറ്റോറിയത്തിലോ റിസോര്‍ട്ടിലോ മറ്റോ ആണെങ്കില്‍ അതിന്റെ ലഭ്യത- മറ്റ് സമാനമായ സൗകര്യങ്ങളുടെ ലഭ്യതയെല്ലാം നോക്കും, അല്ലേ?

ഇതില്‍ക്കൂടുതല്‍ കാര്യങ്ങളൊന്നും ഒരു വിവാഹത്തീയ്യതി നിശ്ചയിക്കാന്‍ നമ്മള്‍ സാധാരണഗതിയില്‍ നോക്കാറില്ല. എന്നാല്‍ രസകരമായ ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാട്രിമോണിയല്‍ സൈറ്റായ 'ജീവന്‍സാഥി.കോം'. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്കെല്ലാം അപ്പുറം മറ്റൊരു ചിന്ത കൂടി വിവാഹിതരാകാന്‍ പോകുന്നവരുടെ ഉള്ളില്‍, വിവാഹദിവസത്തെക്കുറിച്ച് ഉണ്ടെന്നാണ് ഇവരുടെ സര്‍വേ വ്യക്തമാക്കുന്നത്. 

ഫെബ്രുവരി 14, അതായത് വാലന്റൈന്‍സ് ഡേ, ലോകമെമ്പാടും പ്രണയദിനമായി കൊണ്ടാടുന്ന ദിവസം വിവാഹദിവസമായി തെരഞ്ഞെടുക്കാന്‍ പല ജോഡികളും കിണഞ്ഞ് ശ്രമിക്കാറുണ്ട് എന്നാണ് ഇവരുടെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. നിസാരമല്ല, സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും ഈ ആഗ്രഹവുമായി നടക്കുന്നവരാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും പുരുഷന്മാരാണത്രേ ഇങ്ങനെയൊരു ആഗ്രഹം കൊണ്ടുനടക്കുന്നത്. 

പ്രണയദിനത്തില്‍ വിവാഹിതരാകുന്നത് തുടര്‍ന്നുള്ള ജീവിതത്തിന് ഐശ്വര്യപൂര്‍ണ്ണമായ തുടക്കമാകുമെന്നാണത്രേ മിക്കവരും വിശ്വസിക്കുന്നത്. അതോടൊപ്പം തന്നെ എല്ലാവരും ആഘോഷിക്കുന്ന ഒരു ദിവസം തന്നെ വിവാഹവാര്‍ഷികം വന്നുചേരുമെന്ന പ്രത്യേകതയും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ദില്ലി, മുംബൈ, ബെംഗലൂരു, പൂനെ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ലക്‌നൗ, നാഗ്പൂര്‍, ഇന്‍ഡോര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി 26 മുതല്‍ 33 വയസ് വരെ പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.