Asianet News MalayalamAsianet News Malayalam

ദിവസങ്ങളായി മകന്‍റെ വിവരമില്ല; വൃദ്ധ ദമ്പതികളെ സഹായിച്ച് സ്വിഗ്ഗി ഡെലിവെറി ഏജന്‍റ്

ഇവർ നൽകിയ വിലാസം തെറ്റാണെന്നായിരുന്നു ഏജന്‍റ് അറിയിച്ചത്. പിന്നീട് വളരെ ശ്രമപ്പെട്ട് മകൻ താമസം മാറിയ ഇടത്തെ പുതിയ വിലാസം ഇവർ ഇയാൾക്ക് നൽകി.  നിലവിൽ എടുത്തിരുന്ന ഓർഡറിന് ശേഷം അങ്ങോട്ട് പോകാമെന്ന് ഇയാൾ വൃദ്ധ ദമ്പതികൾക്ക് വാക്ക് നൽകി. ഇതിനോടകം തന്നെ സംഭവത്തിന്‍റെ കിടപ്പുവശവും ഇയാൾ മനസിലാക്കിയിരുന്നു

swiggy agent helps old couple to find their son who was missing for days
Author
First Published Sep 16, 2022, 10:18 PM IST

മക്കളെ കുറിച്ച് മാതാപിതാക്കൾക്കുണ്ടാകുന്ന ആധി വാക്കുകളിൽ വിവരിക്കാവുന്നതല്ല. വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന മക്കളെ ചൊല്ലി എല്ലായ്പോഴും മാതാപിതാക്കളുടെ മനസിൽ ആശങ്കകളുണ്ടായിരിക്കും. ഭക്ഷണം കഴിച്ചോ എന്നത് മുതൽ അപകടങ്ങളെന്തെങ്കിലും സംഭവിക്കുമോയെന്ന് വരെ പല വേവലാതികളും ഇവരെ വലയ്ക്കാം. അതുകൊണ്ട് തന്നെയാണ് മിക്കവരും മക്കളോട് ദിവസത്തിൽ ഒരിക്കലെങ്കിലും ഫോൺ ചെയ്യണമെന്നോ മെസേജിലൂടെയെങ്കിലും വിവരങ്ങളറിയിക്കണമെന്നോ എല്ലാം പറയുന്നത്. 

എന്നാൽ തിരക്കിട്ട ജീവിതത്തിൽ ഇതിനുള്ള സമയം പോലും കണ്ടെത്താൻ കഴിയാത്തവരും കാണും. ഇവർ പക്ഷേ അങ്ങ് ദൂരെ വീട്ടിൽ കഴിയുന്ന മാതാപിതാക്കളുടെ ആശങ്കകളെ കുറിച്ച് കൃത്യമായ ബോധ്യത്തിലാകണമെന്നില്ല. 

ഇത്തരത്തിലൊരു സംഭവമാണിപ്പോൾ വാർത്താ ശ്രദ്ധ നേടുന്നത്. ചെന്നൈയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികൾ. അവരുടെ മകൻ സെക്കന്തരാബാദിൽ തനിയെ ആണ് താമസം. പതിവായി വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന മകൻ ദിവസങ്ങളായി വീട്ടിൽ ബന്ധപ്പെടാതിരുന്നതോടെ ഇവർ പേടിച്ചു.

മകനെ ബന്ധപ്പെടാൻ പലവഴിക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതോടെ സംശയത്തിലായ ദമ്പതികൾ ഒരു പരീക്ഷണത്തിന് തന്നെ തുനിഞ്ഞിറങ്ങി. ഇൻസ്റ്റാമാർട്ടിലൂടെ കുറച്ച് പലചരക്ക് സാധനങ്ങൾ ഇവർ മകന്‍റെ വിലാസത്തിലെത്തിക്കാൻ ശ്രമിച്ചു. ഇതിനായി ഒരു സ്വിഗ്ഗി ഡെലിവെറി ഏജന്‍റിന്‍റെ സഹായവും തേടി. 

എന്നാൽ ഇവർ നൽകിയ വിലാസം തെറ്റാണെന്നായിരുന്നു ഏജന്‍റ് അറിയിച്ചത്. പിന്നീട് വളരെ ശ്രമപ്പെട്ട് മകൻ താമസം മാറിയ ഇടത്തെ പുതിയ വിലാസം ഇവർ ഇയാൾക്ക് നൽകി.  നിലവിൽ എടുത്തിരുന്ന ഓർഡറിന് ശേഷം അങ്ങോട്ട് പോകാമെന്ന് ഇയാൾ വൃദ്ധ ദമ്പതികൾക്ക് വാക്ക് നൽകി. ഇതിനോടകം തന്നെ സംഭവത്തിന്‍റെ കിടപ്പുവശവും ഇയാൾ മനസിലാക്കിയിരുന്നു. അങ്ങനെ ഏജന്‍റ് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവമെന്താണെന്ന് മനസിലാകുന്നത്. 

തനിച്ച് താമസിക്കുന്നയാൾ ഒരു അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു. മരുന്നുകൾ ശാരീരികമായും മാനസികമായും തളർത്തിയതോടെയാണ് വീട്ടിൽ വിളിക്കാതായത്. സംഭവത്തിന് ശേഷം ഇദ്ദേഹം താമസവും മാറി. പ്രായമായ മാതാപിതാക്കൾ തന്‍റെ അവസ്ഥ അറിയരുതെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നുവത്രേ. 

എന്തായാലും വീട്ടിലെ വിവരങ്ങൾ ഏജന്‍റ് പറഞ്ഞത് അനുസരിച്ച് ഇദ്ദേഹം വീടുമായി ബന്ധപ്പെട്ടു. അച്ഛനോടും അമ്മയോടും സംസാരിച്ചു. ഇവരുടെ ഒരു ബന്ധുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എന്തായാലും ഇതോടെ സംഭവം കാര്യമായ രീതിയിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു.

Also Read:- കുഞ്ഞിന്‍റെ പേര് 'പക്കാവട'; സംഗതി സത്യമാണോ എന്നന്വേഷിച്ചവര്‍ക്കുള്ള മറുപടി

Follow Us:
Download App:
  • android
  • ios