Asianet News MalayalamAsianet News Malayalam

വഴിയില്‍ കുടുങ്ങിയപ്പോള്‍ സഹായവുമായി സ്വിഗ്ഗി ഡെലിവെറി എക്സിക്യൂട്ടീവ്...

ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ പലപ്പോഴും സമയത്തിന് സഹായം കിട്ടണമെന്നില്ല. കിട്ടിയാലോ അതിന്‍റെ മൂല്യം ഒരിക്കലും പറഞ്ഞറിയിക്കാനാകില്ല. ഇതുപോലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ബംഗലൂരുവില്‍ നിന്നുള്ള ശ്രാവൺ ടിക്കൂ എന്ന യുവാവ്. 

swiggy delivery executive helped man at midnight the post going viral hyp
Author
First Published Oct 24, 2023, 2:36 PM IST

അപ്രതീക്ഷിതമായി എവിടെയെങ്കിലും വച്ച് വാഹനം കേടായോ എണ്ണ തീര്‍ന്നോ എല്ലാം കുടുങ്ങിപ്പോകുന്നത് തീര്‍ച്ചയായും വല്ലാത്തൊരു പ്രതിസന്ധി തന്നെയാണ്, അല്ലേ? ഇങ്ങനെ കുടുങ്ങിപ്പോകാത്തവര്‍ ചുരുക്കമായിരിക്കും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അപരിചിതരായ ആളുകള്‍ തന്നെ വേണം നമ്മളെ സഹായിക്കാൻ, അല്ലെങ്കില്‍ ആ പ്രതിസന്ധിഘട്ടത്തില്‍ നമ്മള്‍ തനിച്ചായിപ്പോകും.

ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ പലപ്പോഴും സമയത്തിന് സഹായം കിട്ടണമെന്നില്ല. കിട്ടിയാലോ അതിന്‍റെ മൂല്യം ഒരിക്കലും പറഞ്ഞറിയിക്കാനാകില്ല. ഇതുപോലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ബംഗലൂരുവില്‍ നിന്നുള്ള ശ്രാവൺ ടിക്കൂ എന്ന യുവാവ്. 

ഇദ്ദേഹം രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് ബൈക്കിലെ എണ്ണ തീര്‍ന്ന് വഴിയിലൊരിടത്ത് കുടുങ്ങിപ്പോയതിനെയും തുടര്‍ന്ന് അപ്രതീക്ഷിതമായി ഇദ്ദേഹത്തിന് കിട്ടിയ സഹായത്തെയും കുറിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

എന്തോ തകരാര്‍ മൂലം ബൈക്കിലെ എണ്ണ കഴിയാൻ പോകുന്നത് ശ്രാവണിന് കാണാൻ സാധിച്ചില്ലത്രേ. എണ്ണയുണ്ട് എന്ന് തന്നെയായിരുന്നു കാണിച്ചിരുന്നത്. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. വഴിയില്‍ ആ രാത്രി അപ്രതീക്ഷിതമായി വണ്ടി നിന്നുപോയതോടെ ശ്രാവൺ ആകെ പ്രതിസന്ധിയിലായി. 

അടുത്ത പമ്പിലേക്ക് അവിടെ നിന്ന് രണ്ടര കിലോമീറ്ററോളം ഉണ്ടായിരുന്നു. ശ്രാവൺ വണ്ടി തള്ളിപ്പോകാൻ ശ്രമിച്ചെങ്കിലും അത് ശ്രമകരമായിരുന്നുവത്രേ. ശ്രാവൺ ക്ഷീണിക്കാൻ തുടങ്ങി. ഇതിനിടെ അതുവഴി പോയൊരു സ്വിഗ്ഗി ഡെലിവെറി ഏക്സിക്യൂട്ടീവ് ബൈക്ക് നിര്‍ത്തി ശ്രാവണിനോട് കാര്യം തിരക്കി.

അദ്ദേഹം ഉണ്ടായ കാര്യങ്ങള്‍ മുഴുവൻ വിശദീകരിച്ചു. ഇതോടെ താൻ സഹായിക്കാമെന്നായി സ്വിഗ്ഗി ഡെലിവെറി എക്സിക്യൂട്ടീവ്. അദ്ദേഹം ശ്രാവണിന്‍റെ ബൈക്ക് തന്‍റെ ബൈക്കില്‍ കെട്ടിവലിച്ച്, ശ്രാവണിനെയും കയറ്റി പമ്പിലേക്ക് തിരിച്ചു. ഏതെങ്കിലും ഓര്‍ഡര്‍ എത്തിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട്. എങ്കിലും സാരമില്ല, പമ്പിലെത്തിക്കാം എന്ന് വാക്കുകൊടുത്തു. 

തുടര്‍ന്ന് ശ്രാവണുമായി പമ്പിലെത്തിയെങ്കിലും ആ പമ്പ് അടച്ചിട്ടിരിക്കുകയായിരുന്നുവത്രേ. പിന്നീട് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള പമ്പിലേക്ക് പോകാമെന്നായി. അങ്ങനെ അദ്ദേഹം വീണ്ടും ശ്രാവണുമായി യാത്ര തുടര്‍ന്നു. തുറന്നിരുന്ന പമ്പില്‍ നിന്ന് എണ്ണയെടുത്ത ശേഷമാണത്രേ അദ്ദേഹം പോയത്. സഹായത്തിനുള്ള നന്ദിയെന്നോണം 500 രൂപ നല്‍കിയപ്പോള്‍ അത് വാങ്ങാനും അദ്ദേഹം വിസമ്മതിച്ചുവത്രേ.

ഇന്ന് നിങ്ങള്‍ക്ക് ഇത് സംഭവിച്ചു. നാളെ എനിക്കായിരിക്കും. അന്നേരം എന്നെയും ആരെങ്കിലും സഹായിക്കുമായിരിക്കും എന്നാണത്രേ അദ്ദേഹം മറുപടിയായി പറഞ്ഞത്. ഇത് കേട്ടതോടെ ഹൃദയം നിറഞ്ഞുപോയി എന്നാണ് ശ്രാവൺ പറയുന്നത്. ഏതായാലും അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്ത ശേഷമാണ് തിരികെ വിട്ടത്. ഈ ഫോട്ടോയും സംഭവവും ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്. 

Also Read:- കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിച്ച് ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ്; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios