സ്കൂള്‍ കുട്ടികളെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാഴ്ച തന്നെ അവരുടെ ചുമലിലെ എടുത്താപൊങ്ങാത്ത ബാഗുകള്‍ തന്നെയാണ്. എന്നാല്‍ കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും ബാഗിന്‍റെ അമിത ഭാരം ബാധിക്കാം. ഭാരമുള്ള ബാഗകളുടെ ഉപയോഗം 'ഹെവി പേഴ്‌സ് സിന്‍ഡ്രം' എന്ന രോഗത്തിലേക്ക് നിങ്ങളെ എത്തിക്കും.

ഭാരമുള്ള ബാഗ് ഉപയോഗം, അശാസ്ത്രീയമായ ബാഗ് ഉപയോഗം എന്നിവയെല്ലാം ഈ രോഗത്തിലേക്ക് നയിച്ചേക്കാം. ദിവസവും ഭാരമുള്ള ബാഗ് തോളില്‍ തൂക്കുന്നവരുടെ കൈകള്‍ക്കും കഴുത്തിനും തോളിനുമുള്ള വേദന, മരവിപ്പ്, കടച്ചില്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ബാഗ് ശരിയായി ഉപയോഗിക്കാത്തതോ, അമിതഭാരമുള്ള ബാഗ് ഉപയോഗിക്കുന്നതോ തോളലും അതിനോട് ചേര്‍ന്നുള്ള സന്ധികള്‍ക്കും പേശികള്‍ക്കും നാഡീവ്യൂഹങ്ങള്‍ക്കും അമിതസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് കൈ, തോള്‍, പുറം വേദനയായി വന്നേക്കാം. 

അമിതഭാരമുളള ബാഗിന്‍റെ ഇത്തരം ഉപയോഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ വരെ മാറ്റിമറിക്കാം. അതുമൂലം വശങ്ങളിലേക്ക് ചെരിഞ്ഞു നടക്കുന്ന അവസ്ഥ വരാം.  അതുപോലെ തന്നെ, കഴുത്തിനും നടുവിനും വളവ് അനുഭവപ്പെടും. അതുകൊണ്ട് അമിത ഭാരമുളള ബാഗുകളുടെ ഉപയോഗം കുറയ്ക്കണം.