സാധാരണഗതിയില്‍ നല്ലൊരു കുളിയെല്ലാം കഴിഞ്ഞ്, ശരീരം വൃത്തിയാക്കിയ ശേഷമാണ് മിക്കവാറും പേരും മുഖത്ത് മേക്കപ്പ് ഇടാറുള്ളത്. ഇനി, സമയക്കുറവുണ്ടെങ്കില്‍, കുളിക്കാതെയും മേക്കപ്പ് ചെയ്യുന്നവരും ഉണ്ട്. എങ്കിലും മേക്കപ്പിട്ട ശേഷം കുളിക്കുന്നത് അങ്ങനെ പതിവുള്ള ഒരു കാര്യമല്ല. 

അപ്പോള്‍പ്പിന്നെ, കുളിക്കുമ്പോള്‍ മേക്കപ്പ് അടര്‍ന്ന് പോകാതിരിക്കാന്‍ എന്തിനാണ് പ്രത്യേക ഉപകരണങ്ങളെല്ലാം, അല്ലേ?

അങ്ങനെയൊരു ഉപകരണത്തിന്റെ പേരില്‍ ട്രോളും ചര്‍ച്ചകളും നടക്കുകയാണ് ട്വിറ്ററിലിപ്പോള്‍. വെള്ളം നനഞ്ഞ്, കണ്ണിലേതും ചുണ്ടിലേതും ഉള്‍പ്പെടെ മുഖത്തുള്ള മേക്കപ്പൊന്നും ഇളകിപ്പോരാതെ തന്നെ കുളിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണത്തിന്റെ പേര് 'ഷവര്‍ ഷീല്‍ഡ്' എന്നാണ്. ഒരു പ്ലാസ്റ്റിക്കിന്റെ മറയാണ് ഇതിന്റെ പ്രധാനഭാഗം. ഹെയര്‍ബാന്‍ഡ് വയ്ക്കും പോലെ ഷീല്‍ഡ് തലയില്‍ ഉറപ്പിച്ച് വയ്ക്കാനാകും. 

ഒരു തുള്ളി വെള്ളം പോലും മുഖത്തെത്താതെ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് 'ഷവര്‍ ഷീല്‍ഡി'ന്റെ പരസ്യത്തില്‍ മോഡല്‍ അവകാശപ്പെടുന്നത്. 

 

 

എന്നാല്‍ എന്തിനാണ് ഇത്രയും പാടുപെട്ട് കുളിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. കുളിക്കുന്നത് ശരീരം വൃത്തിയാകാനല്ലേ, അങ്ങനെയാണെങ്കില്‍ മുഖം വൃത്തിയാക്കണ്ടേ? സാധാരണഗതിയില്‍ മുഖം കഴുകാതെയാണോ നിങ്ങള്‍ കുളിക്കാറ്?... എന്നുതുടങ്ങുന്ന പരിഹാസങ്ങളാണ് 'ഷവര്‍ ഷീല്‍ഡി'നെതിരെ ഉയരുന്നത്. 

 

 

 

 

അതേസമയം വിവാഹമോ അതുപോലുള്ള ആഘോഷങ്ങളോ നടക്കുന്ന അവസരങ്ങളിലും മറ്റ് ഇത് സഹായകമായേക്കും എന്ന് വാദിക്കുന്നവരും രംഗത്തുണ്ട്. എന്തായാലും വിമര്‍ശനമായിട്ടും അഭിനന്ദനമായിട്ടും പ്രതീക്ഷിച്ചതിലും വലിയ പ്രചാരമാണ് 'ഷവര്‍ ഷീല്‍ഡി'ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.