ലോക്ക്ഡൗൺ കാലത്ത് വാട്സാപ്പും ഫേസ്ബുക്കും ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയുമാണ് പലര്‍ക്കുമൊരു ആശ്വാസമാകുന്നത്. ഫേസ്ബുക്കിൽ മുഴുവന്‍ സമയവും ചെലവിടുന്ന മലയാളികൾ അങ്ങനെ പുതിയൊരു ഫേസ്ബുക്ക് കൂട്ടായ്മയിലെത്തിപ്പെടുന്നു.  'ദി മലയാളി ക്ലബ്' എന്നാണ് ഗ്രൂപ്പിന്‍റെ പേര്.  എവിടെ നിന്ന് വന്ന ഗ്രൂപ്പാണിത്? എന്താണ്  ഈ ഗ്രൂപ്പ്? പലരും സ്വന്തം ഫോട്ടോ ഇട്ടു സ്വയം പരിചയപ്പെടുന്നു. മിക്കവരും  സംഭവം എന്താണെന്ന് അറിയാതെ എത്തിപ്പെട്ടതാണ്. 

എന്താണ് 'ദി മലയാളി ക്ലബ്' ഫേസ്ബുക്ക് കൂട്ടായ്മ ?

പല സ്ഥലങ്ങളില്‍ ജീവിക്കുന്ന കുറച്ച് മലയാളീ സുഹൃത്തുക്കളാണ് ഈ  ഗ്രൂപ്പ് ആരംഭിച്ചത്. രവീഷ് നന്ദൻ സിംഗ് എന്ന  കണ്ണൂർ സ്വദേശിയാണ് ഗ്രൂപ്പ് തുടങ്ങിയത്.  ബിസിനസ്സുമായി ഇപ്പോള്‍ ഹിമാചൽ പ്രദേശിലാണ് താമസം. രവീഷിന്‍റെ സുഹൃത്തുക്കളായ രാജീവ്‌ , സിബി ഗോപാലകൃഷ്ണൻ , ജെയ്സണ്‍, എൽദോ സൂസൻ എന്നിവരാണ് മറ്റ് അഡ്മിനുകള്‍. വീട്ടില്‍ വെറുതേ ഇരുന്നപ്പോള്‍ സുഹൃത്തുക്കളുമായി ആലോചിച്ച് വെറുതേ തുടങ്ങിയ ഗ്രൂപ്പാണ്. ഇത്രയും സ്വീകാര്യതയുണ്ടാകുമെന്ന് കരുതിയില്ല എന്നും രവീഷ് പറയുന്നു.  

Also Read:ഫേസ്ബുക്ക് ജിയോ ഇടപാട് സൂപ്പര്‍ ആപ്പായി വാട്ട്‌സ്ആപ്പിനെ മാറ്റാന്‍ സാധ്യത...

സ്‌നേഹം, സഹകരണം, സഹായം എന്നിവയാണ് ഗ്രൂപ്പിന്റെ അടിസ്ഥാന തത്ത്വങ്ങളെന്ന് അഡ്‌മിൻ പാനൽ പറയുന്നു. കലാസൃഷ്ടികള്‍, അഘോഷങ്ങള്‍, രചനകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ ലേഖനങ്ങള്‍ റിവ്യൂകള്‍, നിരീക്ഷണങ്ങള്‍, കുടുംബ സംബന്ധമായും ആഹാരസംബന്ധമായും യാത്രാ സംബന്ധമായും ഉള്ള പോസ്റ്റുകള്‍, വാഹന സംബന്ധമായ പോസ്റ്റുകള്‍, ടെക്നോളജി, സിനിമ സംബന്ധമായ പോസ്റ്റുകള്‍ തുടങ്ങി ശരാശരി കേരളീയന്‍റെ വികാരമായ ഏതു വിഷയത്തെ സംബന്ധിച്ചുള്ള പോസ്റ്റുകളും അനുബന്ധ ട്രോളുകളും ഇവിടെ ഓടും എന്നാണ് ഗ്രൂപ്പിന്‍റെ അഡ്മിനുകള്‍ പറയുന്നത്. 

പത്ത് ദിവസം കൊണ്ട് ഗ്രൂപ്പില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളായി കഴിഞ്ഞു. ഓരോ മണിക്കൂറിലും അംഗങ്ങളാകുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു. നിലവിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ ഈ ഗ്രൂപ്പിൽ ഇതിനോടകം അംഗങ്ങളായി കഴിഞ്ഞു. സെലബ്രിറ്റികൾ, മാധ്യമപ്രവർത്തകർ, കലാകാരന്മാര്‍, ടെക്കികൾ, അക്കാദമിക് വിദഗ്ധർ , ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ കോണുകളിൽ ഉള്ളവരാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.  ഇതുവരെ 1, 34, 771  പേരാണ് അംഗങ്ങളായത്. നടന്‍ കോട്ടയം നസീര്‍, പ്രദീപ് ചന്ദ്രന്‍, ഹരികൃഷ്ണന്,  ഗായകന്‍ സുദീപ് കുമാര്‍,  തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ അംഗങ്ങളാണ്. 

രാഷ്ട്രീയം ചര്‍ച്ചയാകുമോ... 

രാഷ്ട്രീയം പറയരുത് എന്നാണ് ഗ്രൂപ്പിന്‍റെ തീരുമാനമെന്ന് ഗ്രൂപ്പ് ഫൗണ്ടറും അഡ്മിനുമായ  ആയ  രവീഷ് നന്ദൻ സിംഗ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു. എന്നാല്‍ ഗ്രൂപ്പിനെതിരെ നുണപ്രചാരണമാണ് നടക്കുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ അജണ്ട നടപ്പാക്കിക്കൊണ്ടുള്ള പോസ്റ്റുകൾ ആണ് ഇവിടെ എന്നതാണ് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 

ഗ്രൂപ്പിലേക്ക് ആളുകളെ ആകര്‍ഷിച്ചത്...

ആളുകളെ ഈ ഗ്രൂപ്പിലേക്ക് ആകര്‍ഷിച്ച ഘടകം  തങ്ങളുടെ ചിത്രം സഹിതം ഗ്രൂപ്പിൽ എല്ലാവർക്കുമായി സ്വയം പരിചയപ്പെടുത്താന്‍ നല്‍കിയ ടാസ്ക് ആണെന്നാണ്  രവീഷ് നന്ദൻ സിംഗ് പറയുന്നത്. ഒരുദിവസം 20,000 പോസ്റ്റുകൾ വരെ ഗ്രൂപ്പിൽ വരുന്നുണ്ട് എന്നും എന്നാല്‍ 7000 പോസ്റ്റുകള്‍ വരെ അപ്രൂവ് ചെയ്യുന്നുണ്ട് എന്നും രവീഷ്  പറഞ്ഞു. 

 

 

 

ഗ്രൂപ്പിലെ നിയമങ്ങള്‍...

ഏതെങ്കിലും വെബ്‌സൈറ്റിന്റെയോ യൂട്യൂബ് ചാനലിന്റെയോ പേജിന്റെയോ ലിങ്ക് വിവരണത്തോടൊപ്പമോ, വീഡിയോയോടൊപ്പമോ നല്കുന്നതിൽ തെറ്റില്ല. എന്നാൽ മെമ്പേഴ്‌സിന് അരോചകമാംവിധം ലിങ്ക് കമന്റ് ബോക്‌സിലും മറ്റും ഇട്ട് വെറുപ്പിക്കരുതെന്ന് ഒരു അപേക്ഷ കൂടിയുണ്ട്  എന്നും അഡ്മിൻ പാനൽ പറയുന്നു. 

ഒരു വ്യക്തിയെയോ സമൂഹത്തെയോ, പ്രദേശത്തെയോ, ഗ്രൂപ്പിനെയോ മതത്തെയോ രാഷ്ട്രീയ പാർട്ടിയേയോ വിമർശിച്ചുകൊണ്ടോ കളിയാക്കിക്കൊണ്ടോ ഉള്ള പോസ്റ്റുകൾക്ക് നമ്മുടെ ഈ ഗ്രൂപ്പിൽ. പ്രവേശനം ഉണ്ടാകില്ല. മെമ്പേഴ്‌സിനെ പ്രകോപിപ്പിച്ച് പ്രശ്‌നം ഉണ്ടാക്കുന്ന ഫേക് ഫേസ്‌ബുക്ക് ഐഡിവ്യക്തിത്വങ്ങളെ മാത്രമാണ് ഞങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നത്. നിങ്ങൾ ഇങ്ങോട്ട് ക്ഷണിക്കേണ്ടതും മുഖപുസ്തകത്തിൽ യഥാർഥമുഖമുള്ളവരെ മാത്രമാണ്. 

Also Read: അഞ്ച് ലക്ഷം സൂം ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്

ചാരിറ്റിക്കായി ഏതെങ്കിലും അക്കൗണ്ട് നല്കി പണം പിരിക്കാനുള്ള അവകാശം നിയമപരമായി ഇന്ത്യയിലെ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിനും ഇല്ലാത്തതുകൊണ്ട് അത്തരം പോസ്റ്റുകളും അംഗീകരിക്കാൻ കഴിയില്ല. സെലിബ്രിറ്റികൾക്കായുള്ള വാഗ്വാദങ്ങൾ, ഫാൻ ഫൈറ്റ്, അധിഷേപങ്ങൾ തുടങ്ങിയവ കമന്റുകളിലും പോസ്റ്റുകളിലും ഒഴിവാക്കും എന്ന് വിശ്വസിക്കുന്നു. മാത്രമല്ല ഇത് ഒരു പബ്ലിക് ഗ്രൂപ്പ് ആണ് പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ ഏവർക്കും ലഭ്യമാണ്. അതുകൊണ്ട് സ്വകാര്യതയെ ബാധിക്കും എന്ന് കരുതുന്ന ഒന്നും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാതിരിക്കുക. ഷെയേഡ് പോസ്റ്റുകളും . വാട്‌സാപ്പ് ഫേസ്‌ബുക്ക് വഴിത്താരകളിൽ കറങ്ങി നടക്കുന്ന പോസ്റ്റുകളും ദയവായി ഒഴിവാക്കുക.

ഏതെങ്കിലും ഹോട്ടലുകളെയോ മറ്റു സ്ഥാപനങ്ങളെയോ സിനിമകളെയോ റിവ്യൂകളിലൂടെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളെതിരല്ല. ഏതെങ്കിലും സ്ഥാപനത്തെയോ കലാസൃഷ്ടിയെയോ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുമല്ലോ. അടിയന്തര സാഹചര്യങ്ങളിൽ വിമർശിക്കുന്ന പക്ഷം അതിന് വ്യക്തമായ തെളിവും കാരണവും ഉണ്ടാകേണ്ടതും നിയമപരമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ അഡ്‌മിൻ പാനലിന് യായൊരു ഉത്തരവാദിത്തം ഇല്ലാത്തതും ആയിരിക്കും എന്നും അവര്‍ വ്യക്തമാക്കുന്നു. 

ഏതൊരു കൂട്ടായ്മയും വിജയകരമാകുന്നത് അതിലെ അംഗങ്ങളുടെ സഹകരണത്താലും സ്‌നേഹത്താലും പാങ്കാളിത്തത്താലും ആണ്. അതുകൊണ്ട് തന്നെ മുഖപുസ്തകത്തിൽ ആക്ടീവ് ആയ നിങ്ങളുടെ സുഹൃത്തുക്കളെ ഇങ്ങോട്ട് ക്ഷണിക്കുകയും പരസ്പരം സപ്പോർട്ട് ചെയ്യുകയും ചെയ്യുക. കാശ് ചെലവില്ലാത്ത ലൈക്ക്, കമന്റ് ഷെയറിങ് എന്നിവ നിർലോഭം ചെയ്യാം. പോസ്റ്റ് ചെയ്ത സുഹൃത്തിന്റെ മുഖത്തെ ഒരു ചെറുപുഞ്ചിരിക്ക് കാരണക്കാരാകാം. മലായാളികളുടെ സൗഹൃദത്തിന്റെ ഈ കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ച് നിൽക്കാം. കഷ്ടകാലത്ത് കൈത്താങ്ങാകുകയും നല്ലകാലത്ത് കൈകൊടുക്കുകയും  ചെയ്യാം എന്നും അഡ്മുന്‍ പാനല്‍ പറയുന്നു.  

സ്ത്രീകള്‍ സുരക്ഷിതം...

ഗ്രൂപ്പില്‍ 21 ശതമാനം സ്ത്രീകളുണ്ട്. അവര്‍ക്ക് സുരക്ഷാപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല. ഇതൊരു പബ്ലിക് ഗ്രൂപ്പാണ്. ആ മാന്യത എല്ലാവരും കാണിക്കണം എന്നും രവീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Also Read: വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ടിക് ടോക്കിനുള്‍പ്പെടെ കേന്ദ്ര നിര്‍ദേശം ലഭിച്ചു...