ഇന്ന് ലോക ആത്മഹത്യാ നിവാരണദിനമാണ്. ഇന്ന് പറയാൻ പോകുന്നത് ജപ്പാനിലെ ഒരു ആത്മഹത്യാമുനമ്പിനെപ്പറ്റിയാണ്. അവിടെ കണ്ണിലെണ്ണയൊഴിച്ച് ആത്മഹത്യ തടയാൻ പട്രോൾ നടത്തുന്ന ഒരു യുകോ ഷിഗെ എന്ന വയോധികനെപ്പറ്റിയും. ആ ആത്മഹത്യാ മുനമ്പിൽ നിന്നും യുകോ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത് 600-ലധികം പേരെയാണ്. 

ആത്മഹത്യ ചെയ്യാൻ വരുന്നവർക്കും പ്രിയമുള്ള ചില കാലങ്ങളൊക്കെയുണ്ട്. മഴയുള്ള ദിവസങ്ങളിൽ ആരും ചാടാറില്ലത്രേ..!  മഴപെയ്തുതോർന്ന്, നല്ല വെയിലൊക്കെ തെളിഞ്ഞ്, നാട്ടുവഴികളിലൂടെ ചിരിച്ചുല്ലസിച്ച നടന്നുപോകുന്നവരെ കാണുമ്പോഴാണ് പലർക്കും തങ്ങളുടെ ജീവിതങ്ങളിലെ ശൂന്യതയെപ്പറ്റി പെട്ടെന്ന് ഓർമ്മവരിക. ചിലർ എടുത്തുചാടുക അവരെ  സാമ്പത്തിക ബാധ്യതകൾ വീർപ്പുമുട്ടിക്കുമ്പോഴാണ്. മറ്റുചിലർ വസന്തത്തിന്റെ ആദ്യദിനങ്ങളിൽ ജീവിതം അവസാനിപ്പിക്കും. അപ്പോഴാണ് ജപ്പാനിൽ സ്‌കൂളുകൾ തുറക്കുന്നതും ആളുകൾക്ക് തങ്ങളുടെ പ്രാരാബ്ധങ്ങൾ ബോധ്യപ്പെടുന്നതും. 

അതൊന്നും യുകോ ഷിഗെയെ ബാധിക്കുന്ന കാര്യങ്ങളല്ല. അയാളുടെ പതിവു നടത്തത്തിന് വേനലും, വർഷവും, മഞ്ഞുമൊന്നും തടസ്സമല്ല. എന്നും രാവിലെ അയാൾ ടോജിൻബോ മലനിരകളുടെ ഒത്ത മുകളിലേക്ക് നടന്നുകയറും. ആ മലഞ്ചെരിവിന്റെ അറ്റത്തു ചെന്നാൽ ചെങ്കുത്തായ മലഞ്ചെരിവാണ്.നേരെ താഴെ, എൺപതടി താഴ്ചയിൽ ജപ്പാൻ കടലാണ്. മുകളിലെ പാറക്കെട്ടിന്റെ ഒരറ്റത്ത് ചെന്നിരുന്നുകൊണ്ട് അയാൾ തന്റെ ബൈനോക്കുലറെടുത്ത് നോക്കാൻ തുടങ്ങും. അസ്വാഭാവികമായ ഒരു നടത്തം. ആളുകളുടെ മുഖത്തെ ഒരു ഒരു ഭാവമാറ്റം, ഒക്കെ കണ്ടാൽ അടുത്തതെന്തെന്ന് തിരിച്ചറിയാൻ ഇപ്പോൾ അയാൾക്ക് കഴിയുന്നുണ്ട്. എടുത്തുചാടാൻ ഉറപ്പിച്ചാണ് വന്നത് എന്ന് തോന്നിയാൽ അയാളുടെ നടത്തത്തിന് വേഗതകൂടും. അടുത്തുചെന്ന് അവരോട് സംസാരിച്ച് ആ ആത്മഹത്യാമുനമ്പിൽ നിന്ന് അവരെ തിരിച്ചു നടത്തിയിട്ടേ പിന്നെ യുക്കോയ്ക്ക് വിശ്രമമുള്ളൂ. ഒന്നും രണ്ടുമല്ല, കഴിഞ്ഞ പതിനഞ്ചു വർഷം കൊണ്ട് അയാൾ ആ മരണത്തിന്റെ പടിവാതിലിൽ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയിട്ടുള്ളത് 600 -ലധികം പേരെയാണ്. 

" അങ്ങനുള്ളവരെ കണ്ടാൽ ഞാൻ ഉടനെ ആഞ്ഞൊരു വിളി വിളിക്കും.. വർഷങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടുന്ന സ്നേഹിതരെ നമ്മൾ വിളിക്കുന്ന  ഒരു വിളിയില്ലേ അതുതന്നെ. കേൾക്കുന്ന അവർക്കുതന്നെ സംശയം തോന്നും, ഞാൻ അവരുടെ പഴയ ഏതോ മിത്രം തന്നെയാണ് എന്ന്. " എഴുപത്തിമൂന്നുകാരനായ യുകോ എന്ന റിട്ടയേർഡ് പോലീസുകാരന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. " ഞാൻ ചോദിച്ചു തുടങ്ങും. എന്താണ്..? എന്തെ ഇവിടെ..? എന്തൊക്കെയുണ്ട് വിശേഷം..?  അവർക്കൊക്കെയും ആ നിമിഷം വേണ്ടത് നമ്മുടെ സഹായമാണ്. " അദ്ദേഹം പറഞ്ഞു.

വികസിതരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് ജപ്പാനിലാണ്. വല്ലാത്ത അഭിമാനികളാണവർ.  2016-ൽ ഒരു ലക്ഷത്തിൽ ഏകദേശം 18  പേർ ആത്മഹത്യാ ചെയ്യുമായിരുന്നു. അധികവും പുരുഷന്മാരാണ്. അമേരിക്കയിൽ സ്വയം വെടിവെച്ചാണ് അധികം പേരും മരിക്കുന്നതെങ്കിൽ, ഇവിടെ അത് തൂങ്ങിച്ചവലാണ്. ഇത് തന്നെ 19 -നും 35-നും ഇടയിൽ വളരെ കൂടുതലാണ്. കാൻസർ ബാധിച്ചു മരിക്കുന്നവരേക്കാൾ കൂടുതൽ. 

2016-ൽ ജപ്പാനിൽ ആകെ ആത്മഹത്യചെയ്തവരുടെ എണ്ണം 22,000  ആയിരുന്നു. തൊണ്ണൂറുകളിലെ സാമ്പത്തിക തളർച്ചക്കാലത്ത് അത് 33,000 ലധികമായിരുന്നു. ആത്‌മഹത്യയും ജപ്പാനും തമ്മിൽ വളരെ ഐതിഹാസികമായ പല കണക്ഷനുകളുമുണ്ട്. അത് പന്ത്രണ്ടാം നൂറ്റാണ്ടിലെ സമുറായികളുടെ സെപ്പുക്കു യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ടുള്ള  കാമികാസെ എന്ന ചാവേർ മിഷനുകൾ ആയാലും. പലരും ആത്മഹത്യചെയ്യുന്നത് വീടുകൾക്കുള്ളിൽ ആണെങ്കിലും, പുറത്തുള്ള ആത്മഹത്യാമുനമ്പുകൾ തേടിച്ചെല്ലുന്നവരും കുറവല്ല. പാലങ്ങൾ, മലഞ്ചെരിവുകൾ, പാറക്കെട്ടുകൾ, ബഹുനിലക്കെട്ടിടങ്ങൾ തുടങ്ങി പല പ്രിയപ്പെട്ട ആത്മഹത്യാ മുനമ്പുകളും ഉണ്ട് ജപ്പാനിലെ ജനങ്ങൾക്ക്. 

ടോക്കിയോയിൽ നിന്ന് ടോജിൻബോ മലനിരകൾ, ടോക്കിയോവിൽ നിന്ന്  200 മൈൽ അകലെയാണ്. നാല്പത്തി രണ്ടു വർഷക്കാലം പോലീസ് ഓഫീസറായിരുന്ന   യുകോയ്ക്ക് അവസാനമായി കിട്ടിയ പോസ്റ്റിങ് ടോജിൻബോയിൽ ആയിരുന്നു. കടൽത്തതീരത്ത് അടിഞ്ഞുകൊണ്ടിരുന്ന മൃതദേഹങ്ങൾ പെറുക്കിക്കൂട്ടി മടുത്തു അദ്ദേഹം. 2003-ൽ മലമുകളിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ കണ്ടപ്പോൾ യോകോയ്ക്ക് എന്തോ പന്തികേടുതോന്നി. അവരോട് വെറുതെയെങ്കിലും വിശേഷങ്ങൾ തിരക്കി. പറഞ്ഞുവന്നപ്പോഴാണ് അവർ ടോക്കിയോയിൽ ഒരു ബാർ നടത്തുന്നവരാണെന്നും, സാമ്പത്തിക പരാധീനത മൂത്ത് മലമുകളിൽ നിന്ന് താഴെ കടലിലേക്ക് ചാടി മരിക്കാൻ വന്നതാണെന്നും മനസ്സിലാകുന്നത്. അദ്ദേഹം അവരോട് മണിക്കൂറുകളോളം സംസാരിച്ചു. എന്നിട്ട് ഒരു സോഷ്യൽ വെൽഫെയർ അസോസിയേഷനുമായി അവരെ ബന്ധിപ്പിച്ചു. ആത്മഹത്യ ചെയ്യാൻ വിടാതെ അവരെ തിരിച്ചയച്ചു. 

അതിനു ശേഷം  യുകോ അവിടെ  ഒരു ആത്മഹത്യാ വിരുദ്ധ പട്രോൾ സംഘടിപ്പിച്ചു. അദ്ദേഹം ഒരൊറ്റയാൾ ആയി തുടങ്ങിയ ആ പട്രോളിൽ ഇന്ന് ഇരുപതോളം സജീവാംഗങ്ങളുണ്ട്. ഒറ്റയ്‌ക്കൊറ്റയ്ക്കാണ് അവർ പല ഷിഫ്റ്റുകളിലായി പട്രോളിങ്ങ് നടത്തുന്നത്. ആത്‍മഹത്യ ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ആൾക്കൂട്ടങ്ങൾ ഇഷ്ടമല്ലാത്തതാണ് ഒറ്റയ്ക്കുള്ള പട്രോളിംഗിന് പിന്നിലെ കാരണം. എന്നാലേ അവർ സംസാരിക്കാൻ തയ്യാറാകൂ. ഒന്നിലധികം പേരുണ്ടെങ്കിൽ അതവരെ ഭയപ്പെടുത്തും. 

മലമുകളിൽ യുകോയും സംഘവും ഒരു ചെറിയ ഫോൺ ബൂത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഈ ബൂത്തിൽ ചെന്നുനിന്ന് റിസീവർ എടുത്താൽ മതി നിങ്ങളെ ഒരു സൂയിസൈഡ് പ്രിവൻഷൻ സപ്പോർട്ട് സെന്ററിലേക്കാണ്. വേണ്ട കൗൺസിലിങ്ങ് നൽകാനുള്ള വിദഗ്ദ്ധരുടെ സേവനം ആ ലൈനിന്റെ മറുവശത്ത് ഒരുക്കിയിട്ടുണ്ട്. 

അതിനു പുറമെ, ഈയടുത്ത കാലത്ത് അവർ ക്ലിഫിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുചെന്നു നിരീക്ഷിക്കാൻ ഒരു അതിവേഗ ഡ്രോൺ കാമറയും അതിനുള്ള നിരീക്ഷണ സംവിധാനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് അവരുടെ പ്രവർത്തനത്തിന്റെ ഫലസിദ്ധി വർധിപ്പിച്ചു. എന്നുവെച്ച് സംസാരിച്ചവരിൽ എല്ലാവരെയും ഒന്നും രക്ഷിക്കാൻ   യുകോയ്ക്ക് സാധിച്ചിട്ടില്ല.  വർഷാവർഷം പത്തോ പന്ത്രണ്ടോ പേർ വീതം ഈ പാറക്കെട്ടിൽ നിന്നും താഴെ കടലിലേക്ക് ചാടി മരിക്കാറുണ്ട് ഇപ്പോഴും. എന്നാലും, അങ്ങനെ ചെയ്യുന്നവരുടെ എണ്ണം കാര്യമായി കുറയ്ക്കാൻ അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾക്ക് ആയിട്ടുണ്ട്. 

ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവരിൽ പലരും ഒരു ഗതിയും പരഗതിയുമില്ലാതെയാണ് ഇങ്ങനെ ഒരു കടുംകൈക്ക് പുറപ്പെടുന്നത്. കേറിക്കിടക്കാൻ ഒരു വീടില്ലാത്തവർ, കടക്കെണിയിൽ പെട്ടവർ, പ്രണയ പരാജയത്തിലോ പരീക്ഷയിലെ തോൽവിയിലോ ഒക്കെ ഹൃദയം മുറിഞ്ഞ സ്‌കൂൾ കുട്ടികൾ, വാര്ധക്യകാലത്ത് വിഷാദം ബാധിച്ചവർ അങ്ങനെ പലതരത്തിലുള്ളവർ ചാടിച്ചാവാൻ വരാരുണ്ടിവിടേക്ക്. 

പലരുടെയും കാരണങ്ങൾ വളരെ ചെറുതാണ്. ഒരിക്കൽ ഒരു സ്‌കൂൾ കുട്ടി ആ പാറക്കെട്ടിന്റെ അറ്റത്ത്, കൊക്കയിലേക്കും നോക്കി കാലാട്ടിയാട്ടി ഇരിക്കുന്നത് കണ്ടു,   യുകോ. വളരെയധികം മത്സരമുള്ള ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. അച്ഛനമ്മമാരിൽ നിന്നും സ്‌കൂൾ അധികൃതരിൽ നിന്നും സഹിക്കാനാകാതെ സമ്മർദ്ദമുണ്ട്. സ്‌കൂൾ തുറന്നിട്ട് ദിവസം രണ്ടു തികഞ്ഞതേയുള്ളൂ. ഹോംവർക്ക് ചെയ്യാൻ മറന്നതിന് ടീച്ചർ ക്‌ളാസ്സിലെ എല്ലാവർക്കും മുന്നിലിട്ട് അപഹസിച്ചു. അത് താങ്ങാൻ വയ്യാതെ മരിക്കാൻ വേണ്ടി വന്നതാണ്. കടലുകണ്ടപ്പോൾ അറിയാതെ കുറച്ചുനേരം കാറ്റും കൊണ്ടിരുന്നുപോയി. അപ്പോഴാണ്   യുകോയുടെ വരവ്. അദ്ദേഹം ആ കുട്ടിയുടെ അച്ഛനമ്മമാരെ നേരിട്ടുകണ്ട് സംസാരിച്ചു. അദ്ദേഹം അവരോട് ചോദിച്ചു, " കുട്ടിയുടെ ജീവിതമാണോ വലുത്, അതോ പഠിപ്പോ..? " 

എല്ലാം ബോധ്യപ്പെട്ട് കുഞ്ഞിനേയും കൊണ്ട് പോയപ്പോൾ; അത് അദ്ദേഹം അക്കൊല്ലം രക്ഷിച്ച ഇരുപത്തിമൂന്നാമത്തെ കുട്ടിയായി. " ചാടിച്ചാവാൻ മനസ്സിൽ ഉറപ്പിച്ചിരിക്കുന്ന ആ അവസാന നിമിഷങ്ങളിലും, ആരെങ്കിലും ഒരാൾ തങ്ങളോട് ഒന്ന്  സംസാരിച്ചിരുന്നെങ്കിൽ, തങ്ങൾക്ക് പറയാനുള്ളത് കേട്ടിരുന്നെങ്കിൽ, തങ്ങളെ ഒന്നുവന്നു സഹായിച്ചിരുന്നെങ്കിൽ എന്നാണ്  ഭൂരിഭാഗവും ആഗ്രഹിക്കുക. ആ ഒരാൾ ആവുക എന്നതാണ് എന്റെ നിയോഗം. "   യുകോ ഷിഗെ എന്ന വയോധികൻ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.