Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഇന്ത്യയിലേത്; തീര്‍ന്നില്ല, മറ്റ് ആറ് നഗരങ്ങള്‍ കൂടി പട്ടികയില്‍

'ഐക്യൂ എയര്‍ എയര്‍വിഷ്വല്‍'ഉം 'ഗ്രീന്‍ പീസ്'ഉം ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലമാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥത്തിലുള്ള അവസ്ഥ വെളിപ്പെടുന്നത്. 2018ലെ അവസ്ഥ മുന്‍നിര്‍ത്തി ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ കണക്കാണ് ഇവര്‍ എടുത്തിരിക്കുന്നത്
 

the most polluted city in the world is an indian city
Author
Trivandrum, First Published Mar 5, 2019, 3:49 PM IST

വര്‍ഷാവര്‍ഷം വിവിധ ആഘോഷങ്ങളുടെയും പദ്ധതികളുടെയുമെല്ലാം പേരില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ലോകത്തിന് മുമ്പില്‍ നമുക്കിപ്പോഴും തല കുനിക്കേണ്ടിവരുന്നുവെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 'ഐക്യൂ എയര്‍ എയര്‍വിഷ്വല്‍'ഉം 'ഗ്രീന്‍ പീസ്'ഉം ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലമാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥത്തിലുള്ള അവസ്ഥ വെളിപ്പെടുന്നത്. 

2018ലെ അവസ്ഥ മുന്‍നിര്‍ത്തി ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ കണക്കാണ് ഇവര്‍ എടുത്തിരിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ദില്ലിക്കടുത്തുള്ള ഗുരുഗ്രാം എന്ന നഗരമാണ്. പോയവര്‍ഷത്തെ അപേക്ഷിച്ച് ഗുരുഗ്രാമിലെ മാലിന്യപ്രശ്‌നത്തിന് ഇക്കുറി ആക്കം വന്നിട്ടുണ്ട്. എന്നിട്ടുപോലും ഈ പട്ടികയില്‍ നിന്ന് പുറത്തുകടക്കാന്‍ ഗുരുഗ്രാമിനായില്ലയെന്നതാണ് ഖേദകരമായ വസ്തുത. 

തീര്‍ന്നില്ല, ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ കണക്കില്‍ ആദ്യ പത്ത് സ്ഥാനത്തില്‍ ഗുരുഗ്രാം ഉള്‍പ്പെടെ ഏഴ് നഗരങ്ങളും ഇന്ത്യയിലേത് തന്നെയാണ്. ഇതും നമുക്ക് ഇരട്ടി നാണക്കേടാണ് ഉണ്ടാക്കുന്നത്. ഗുരുഗ്രാമിന് തൊട്ടുപിന്നാലെ യുപിയിലെ ഗസിയാബാദ് ലോകത്തിലെ രണ്ടാമത്തെ മലിനനഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം പാക്കിസ്ഥാനിലെ ഫൈസലാബാദ് എത്തി. തുടര്‍ന്ന് നാല് സ്ഥാനത്തും ഇന്ത്യന്‍ നഗരങ്ങളാണ്. ഫരീദാബാദ്, ഭീവണ്ടി, നോയിഡ, പറ്റ്‌ന എന്നിങ്ങനെയാണ് അവ. എട്ടാം സ്ഥാനത്ത് ചൈനയിലെ 'ഹോട്ടന്‍' എത്തി. തുടര്‍ന്ന് വീണ്ടും ഇന്ത്യന്‍ നഗരം! ഉത്തര്‍പ്രദേശിലെ ലക്‌നൗ. പത്താം സ്ഥാനത്ത് പാക്കിസ്ഥാനിലെ ലാഹോറും. 

the most polluted city in the world is an indian city

അന്തരീക്ഷമലിനീകരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും മലിനമായ നഗരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗങ്ങളിലെല്ലാം 'PM2.5' എന്ന മാരകമായ വിഷാംശം വന്‍ തോതില്‍ അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നതായും പഠനം കണ്ടെത്തി. മനുഷ്യരിലെ ശ്വസനപ്രക്രിയയേയും രക്തയോട്ടത്തേയും ഇത് വളരെ പെട്ടെന്ന് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം തന്നെ ഇത് സാമ്പത്തികാസ്ഥയേയും തൊഴില്‍ മേഖലയേയുമെല്ലാം ഒരുപോലെ ബാധിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി. 

സര്‍വേയില്‍ ആകെ പട്ടികപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മലിനമായ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലേതാണ്. അഞ്ചെണ്ണം ചൈനയിലേതും രണ്ടെണ്ണം പാക്കിസ്ഥാനിലേതും ഒരെണ്ണം ബംഗ്ലാദേശിലേതുമാണ്.
 

Follow Us:
Download App:
  • android
  • ios