Asianet News MalayalamAsianet News Malayalam

ആത്മീയ മന്ത്രവാദ ചികിത്സകള്‍ ഫലിക്കുന്നത് എന്തുകൊണ്ട്? കാര്യം ഇത്രേയുള്ളൂ...

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, ആത്മീയ മന്ത്രവാദം... ഇതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോ? ആത്മീയ മന്ത്രവാദ ചികിത്സകള്‍ ഫലിക്കുന്നത് എന്തുകൊണ്ട്? പ്രസാദ് അമോര്‍ എഴുതുന്നു...

The science of superstition  and why people believe in it
Author
Thiruvananthapuram, First Published Jun 21, 2019, 1:45 PM IST

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, ആത്മീയ മന്ത്രവാദം... ഇതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോ? ആത്മീയ മന്ത്രവാദ ചികിത്സകള്‍ ഫലിക്കുന്നത് എന്തുകൊണ്ട്? പ്രസാദ് അമോര്‍ എഴുതുന്നു...

The science of superstition  and why people believe in it

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ ചക്കള ഗ്രാമത്തില്‍ താമസിക്കുന്ന സമയം. നിരന്തര യാത്രയുടെ ഒരു സന്ധിയില്‍ പരിക്ഷീണമായിരുന്നു ശരീരം. പനി മൂര്‍ച്ഛിച്ച ഒരു രാവിലെ ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള ഒരു ക്ലിനിക്കില്‍ പരിശോധിക്കാനായി ചെന്നു. ഡോക്ടര്‍ പരിശോധിച്ചതിനു ശേഷം ലായനികളും ഗുളികളും തന്നു. ഒരാഴ്ചയ്ക്ക് ശേഷവും തെല്ലു ശമനം പോലും ഉണ്ടായില്ല. ചക്കളയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന പെരുമ്പാവൂര്‍ക്കാരനായ സുഹൃത്ത് നാസറിനോട് ഈ വൃത്താന്തം പങ്കുവെച്ചപ്പോള്‍ നാസര്‍ പറഞ്ഞു:

'ആ ഡോക്ടര്‍ മെഡിക്കല്‍ ബിരുദമുള്ള ആളല്ല. അലോപ്പതിയും കൂടെ മന്ത്രവാദവും കൂടിക്കലര്‍ത്തി ചികിത്സിക്കുന്ന ഒരു വ്യാജനാണ്'.

ഞാന്‍ പരിഭ്രമിച്ചു. ഇക്കാര്യം എന്നോട് തുറന്നു പറയുമ്പോള്‍ നാസര്‍ കാട്ടിയ സാധാരണ മാനം എനിയ്ക്ക് കൗതുകമായി. എന്നാല്‍ അതിലേറെ വിസ്മയകരമായത് പരാതിയുമായി ആ ഡോക്ടറെ വീണ്ടും കാണാന്‍ ചെന്നപ്പോള്‍, അയാള്‍ നഗരത്തിലെ ഒരു സ്‌പെഷ്യലിസറ്റ് ഡോക്ടറുമായി ഫോണില്‍ സംസാരിക്കുകയും എന്നെ ആ ഹോസ്പിറ്റലിലേയ്ക്ക് റഫര്‍ ചെയ്തതിലുമാണ്.

പനി, തലവേദന, അതിസാരം തുടങ്ങിയ സാധാരണ രോഗങ്ങളൊക്കെ വ്യാജന്മാര്‍ ചികിത്സിക്കുന്നു, കൂടെ മന്ത്രവാദവും. ഗുരുതരമായ രോഗങ്ങളുമായി വരുന്നവരെ പ്രാഥമിക പരിശോധന നടത്തി കുറച്ചു കാശ് കൈവശപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. നഗരത്തിലെ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ഗ്രാമങ്ങളില്‍ നിന്ന് രോഗികളെ റഫര്‍ ചെയ്യുന്നത് വ്യാജന്മാരാണ്. യഥാര്‍ഥ ഡോക്ടര്‍മാരും വ്യാജന്മാരും പരസ്പര സഹകരണത്തോടെ നടത്തുന്ന ഒരു ആതുരസേവനരംഗം. അതില്‍ മരുന്നും മന്ത്രവും തന്ത്രവും മായിക സങ്കല്‍പ്പങ്ങളും നിറഞ്ഞുനില്‍ക്കുന്ന ചികില്‍സാ മുറകള്‍. പശ്ചിമ ബംഗാളിലെ പൊതുവായ ഈ സ്ഥിതിയ്ക്ക് ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ട്. ഭരണകൂടം എല്ലാത്തരം ചികിത്സ മുറകളും അംഗീകരിക്കുന്നു. ദുരിതം വാഴുന്ന ഗ്രാമങ്ങള്‍, വേണ്ടത്ര ആതുരാലയങ്ങള്‍ ഇല്ല. യോഗ, ധ്യാനം, പ്രാര്‍ത്ഥന കൂട്ടിക്കുഴച്ചു ഒരു പുതിയ ചികിത്സ ആര്‍ക്കും ഇന്ത്യയില്‍ തട്ടിക്കൂട്ടാം. രോഗികളെ ചികിത്സിച്ച് അത് ഫലിക്കുമെന്നു അവകാശപ്പെടാം. ആ രീതികള്‍ മറ്റുള്ളവരെ പഠിപ്പിച്ചു ചികിത്സകരാക്കാം. ഒന്നിനും യാതൊരു മാനദണ്ഡവുമില്ല.

എന്തുകൊണ്ട് ആത്മീയ മന്ത്രവാദ ചികിത്സകള്‍ ഫലിക്കുന്നു?

യഥാര്‍ത്ഥത്തില്‍ പുരോഹിതന്മാരും മന്ത്രവാദികളും ആള്‍ദൈവങ്ങളും, മോട്ടിവേഷന്‍ ഗുരുക്കന്‍മാരും എല്ലാം നൈരാശ്യങ്ങളും ഞരമ്പ് രോഗത്തിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കോടിക്കണക്കിനു മനുഷ്യര്‍ക്ക് താല്‍ക്കാലിക ആശ്രയമാകുകയാണ്. വൈകാരിക പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ വികാരവിരേചനം നടത്തുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങള്‍. ആരാധനാലയങ്ങളിലെ ശബ്ദകോലാഹങ്ങളും സംഗീതവും,വര്‍ണ്ണശബളമായ ചമയങ്ങളും കാഴ്ചകളും സമാന വിശ്വാസങ്ങള്‍ പേറുന്ന ആള്‍ക്കൂട്ടവും എല്ലാം മനുഷ്യരുടെ പ്രാകൃതമായ സംഘബോധത്തിന് നിറപ്പകിട്ടാവുകയാണ്. മത അനുഷ്ഠാനങ്ങളില്‍ നടത്തുന്ന കൂട്ട ധ്യാനം മാസ് ഹിസ്റ്റീരിയയുടെ പ്രകടനമാണ്. ഉയര്‍ന്ന ശബ്ദത്തിലുള്ള മന്ത്രോച്ചാരണത്തെ തുടര്‍ന്ന് ഭക്തര്‍ അനുഭവിക്കുന്ന ഒരു ഹിസ്റ്റീരിക് അനുഭൂതി ഒരു തെറാപ്പിയുടെ ഗുണം ചെയ്യുകയാണ്.

അതതു സമയത്തെ വൈദ്യത്വത്തിന് വിശദീകരിക്കാനാകാത്തവിധം രോഗ ശമനം പകരുന്ന വിവിധ ചികിത്സ മുറകള്‍, മരുന്നുകള്‍ മനുഷ്യ സമൂഹത്തില്‍ എക്കാലത്തും പ്രചാരമുണ്ട്. രോഗമുക്തിയ്ക്കായി ചികിത്സകനെ പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്ന രോഗികളുടെ നിസ്സഹായാവസ്ഥയും അജ്ഞതയുമാണ് ചികിത്സകര്‍ മുതലെടുക്കുന്നത്. മാത്രമല്ല ശാരീരിക വ്യഥയോ മനോപീഡയോ അനുഭവിക്കുന്നവര്‍ മാന്ത്രിക രൂപത്തിലുള്ള പരിഹാരം ആഗ്രഹിക്കുന്നവരാണ്.

പൊതുവെ മനുഷ്യര്‍ നിരവധി വിശ്വാസങ്ങളിലും ആചാരങ്ങളിലും തെറ്റിദ്ധാരണകളിലും പെട്ടുഴലുന്നവരാണ്. സ്‌ത്രോത്രം കൊണ്ടും ജപിച്ചുകെട്ടല്‍ പോലുള്ള ആഭിചാരക്രിയകള്‍ കൊണ്ടും രോഗങ്ങള്‍ സുഖപ്പെടുമെന്ന ധാരണയുള്ള മനുഷ്യരുടെ ലോകത്താണ് നാം ജീവിക്കുന്നത്. മനുഷ്യാവസ്ഥയെ ആത്മീയമായി വ്യാഖ്യാനിക്കുന്ന സമൂഹത്തിലെ മനുഷ്യര്‍ രോഗങ്ങള്‍ക്ക് മാന്ത്രിക പരിഹാരം ആഗ്രഹിക്കുന്നവരാണ്. അവരില്‍ രോഗശാന്തി വിഭ്രമം ഉണ്ടാകുന്നു. മനുഷ്യര്‍ ധ്യാനത്തിലൂടെയും മന്ത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള ഉരുവിടലിലൂടെയും ദിവ്യാനുഭുതികള്‍ അനുഭവിക്കുന്നു. മന്ത്രങ്ങളും പ്രാര്‍ത്ഥനയും ആവര്‍ത്തിച്ചു അനുഷ്ഠിക്കുന്നതുമൂലം അതി ഭൗതിക അനുഭൂതി ഉണ്ടാകും. അസാധാരണമായി ശ്വസോച്ഛാസ്വം ചെയ്താല്‍, ശ്വാസം പിടിച്ചു നിര്‍ത്തിയാല്‍ രക്തത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയുമ്പോള്‍ hypocapnia എന്ന അവസ്ഥ വരും അങ്ങനെയാണ് മിഥ്യാഭ്രമങ്ങളും അനുഭൂതികളും ഉണ്ടാകുന്നത്.

നിര്‍ദ്ദേശങ്ങള്‍ മൂലം രോഗശമനം സാധ്യമാകുന്ന സജസ്റ്റീവ് തെറാപ്പി മാനസിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്ന പലതരം രോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കാറുണ്ട് . നിര്‍ദ്ദേശങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയില്‍ ക്ഷിപ്രവിശ്വാസം വളരെയേറെ വര്‍ദ്ധിച്ചു നിര്‍ദ്ദേശങ്ങള്‍ അനുഭവങ്ങളായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തിയില്‍ സൃഷ്ടിക്കുന്ന കണ്ടീഷനിങ്ങും വിശ്വാസവുമാണ് അതിന് കാരണമായി തീരുന്നത്. ഏതെങ്കിലും ഒരു അനുഭവം തനിക്കുണ്ടാകുന്നു എന്ന് ത്രീവ്രമായി വിശ്വസിച്ചാല്‍ ആ വിശ്വാസങ്ങള്‍, അതിനെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ഉരുവിടല്‍ എല്ലാം അനുഭവത്തിന്റേതിനു തുല്യമായ പ്രതികരണങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശം കൊണ്ടോ വിശ്വാസം കൊണ്ടോ പ്രവര്‍ത്തിക്കുന്ന ചികിത്സകളെയും മരുന്നുകളെയും പ്ലാസിബോ എന്നുപറയുന്നു. മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന വേദനകളോ ശാരീരിക പ്രയാസങ്ങളോ നിര്‍ദ്ദേശ ചികിത്സകള്‍ കൊണ്ടോ, പ്ലാസിബോ ഗുളികകള്‍ കൊണ്ടോ താല്‍ക്കാലിക ശമനം ഉണ്ടാകാറുണ്ട്. മാനസിക അയവ് ലഭിക്കുന്ന പ്രവൃത്തികളില്‍ വ്യാപരിക്കുന്നത് ചെറിയ തോതില്‍ പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തിയേക്കാമെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. പ്ലാസിബോ ആണെന്ന് അറിഞ്ഞിട്ടും അത്തരം ചികിത്സകൊണ്ട് തലവേദന, ഉറക്കക്കുറവ്, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്ക്ക് സഹായകരമായേക്കാമെന്നതുകൊണ്ട് പ്ലാസിബോ എഫക്റ്റ് സൃഷ്ടിക്കുന്ന രീതികള്‍ ആധുനിക ചികിത്സയുടെ ഭാഗമാണ്.

കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ രോഗ മുക്തി സംഭവിക്കുന്നു എന്ന തോന്നല്‍ വ്യക്തിയില്‍ ഉണ്ടാകുന്നു. ഇതാണ് രോഗശാന്തി വിഭ്രമം എന്ന പ്രതിഭാസം. ഈ പ്രതിഭാസത്തിന് വിധേയമാകുന്ന വ്യക്തിയില്‍ രോഗത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുക വഴി ചില രോഗങ്ങളുടെ തീവ്രതയില്‍ അയവുവരാറുണ്ട്. കാന്‍സര്‍, എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളില്‍ പോലും ചില സമയങ്ങളില്‍ സ്വയം ശമനം സംഭവിക്കാം. എന്നാല്‍ ഇത് രോഗിയ്ക്ക് യാഥാര്‍ഥ്യമെന്ന് തോന്നുന്ന, എന്നാല്‍ വെറും മിഥ്യയായ രോഗശാന്തി മാത്രമാണ്.ശാരീരിക വേദനയില്‍ കുറവ് വരുന്നത് രോഗമുക്തിയായി വ്യക്തി തെറ്റിദ്ധരിക്കുന്നു. 

യഥാര്‍ത്ഥത്തില്‍ വേദന പോലുള്ള പലതരം രോഗലക്ഷണങ്ങള്‍ക്ക് പിന്നില്‍ ശാരീരിക കാരണമുണ്ടാകുമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ മഷ്തിഷ്‌കം തര്‍ജ്ജമ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലോകത്തുള്ള എല്ലാത്തരം ആത്മീയ ചികിത്സകളും-പുനര്‍ജന്മ ചികിത്സ, എന്‍ എല്‍ പി , മോട്ടിവേഷന്‍ , സൈക്കോ അനാലിസിസ്, പ്രാര്‍ഥന, റെയ്ക്കി, പ്രാണിക് ഹീലിംഗ്, ജൈവ ഊര്‍ജ്ജ ചികിത്സകള്‍ തുടങ്ങിയവ മനുഷ്യന്റെ ഇത്തരത്തിലുള്ള തോന്നലും മനുഷ്യപ്രകൃതത്തിലെ നിസ്സഹായാവസ്ഥയും ബലഹീനതകളും ചൂഷണം ചെയ്തു നിലനില്‍ക്കുന്നു. സ്വന്തം ജീവിതത്തില്‍ ഒരു ദിവ്യ നിഗൂഢത സന്നിവേശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ജീവിയായി മനുഷ്യന്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios