എവിടെ നോക്കിയാലും  തലമുടി നീട്ടി വളര്‍ത്തിയ ഫ്രീക്കന്മാര്‍. പലപ്പോഴും ഈ 'മുടിയന്മാരെ' ഒരു പ്രത്യേക ജീവികളായാണ് ആളുകള്‍ കാണുന്നത്. 'ഇവന്മാര്‍ക്ക് ഒന്ന് അടിച്ചുനനച്ച് കുളിച്ചൂടെ' എന്ന പരഹാസ ചോദ്യങ്ങള്‍  വെറേയും. മുടി നീട്ടിവളര്‍ത്തിയവരെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ധാരണയും ശക്തമാണ്. എന്നാല്‍ ഈ പാവം മുടിയന്മാരുടെ വേദനയെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്റ്റൈലിന് വേണ്ടി വളര്‍ത്തിയ ഈ മുടി കാരണം അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഈ പരിഹസിക്കുന്നവര്‍ക്ക് അറിയണ്ടല്ലോ... 

ഹെയര്‍ സ്റ്റൈല്‍ ആണ് ഒരാളുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റ് . ഓരോ വ്യക്തികളുടെയും തലമുടി ഓരോ രീതിയില്ലായിരിക്കും. ചിലര്‍ക്ക് ചുരുണ്ട മുടിയാണെങ്കില്‍ മറ്റുചിലര്‍ക്ക് നീണ്ട മുടിയായിരിക്കും. തലമുടിയുടെ നിറത്തിലും വ്യത്യാസമുണ്ടാകും. ജന്മനായുള്ള തലമുടിയെ മാറ്റി പരീക്ഷണങ്ങള്‍ നടത്താനാണ് ഇന്നത്തെ യുവാക്കള്‍ ശ്രമിക്കുന്നത്. അങ്ങനെ നീട്ടിയും നിറം ചെയ്തും സ്റ്റൈലാക്കി നോക്കുമ്പോഴും ഈ തലമുടി കൊണ്ട് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചിലറ അല്ല. 

അതിനൊരു ഉദാഹരണം കൂടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥി ഫുക്രു. കഴിഞ്ഞ ദിവസം ഒരു ടാസ്കിന്‍റെ ഭാഗമായി ജഡ്ജിയായി വേഷം ധരിക്കേണ്ടി വന്ന ഫുക്രുവിന് ഒരു വിഗ്ഗ് പോലും ധരിക്കാന്‍ കഴിഞ്ഞില്ല. ഫുക്രുവിന്‍റെ തലമുടിയുടെ പ്രത്യേകത കൊണ്ടാണ് അവ തലയില്‍ നന്നായി ധരിക്കാന്‍ കഴിയാത്തത്.

 

ഇതുപോലെ മുടിയന്മാര്‍ അനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍ പരിശോധിക്കാം. 

ഒന്ന്...

തലമുടി നീട്ടിവളര്‍ത്തുന്നത് കൊണ്ടുതന്നെ അവ കൊഴിഞ്ഞുപോകാനുള്ള സാധ്യതയും കൂടുതലാണ്. വിരലുകള്‍ കൊണ്ട് വെറുതേ തലയില്‍ ഒന്ന് തൊടുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ എത്രയുണ്ടെന്ന് മനസ്സിലാകും. അതുകൊണ്ട് തലമുടി സംരക്ഷണത്തിനായി പ്രത്യേകം സമയം കണ്ടെത്തണം എന്നത് നിര്‍ബന്ധമാണ്. 

രണ്ട്... 

നീട്ടിവളര്‍ത്തിയ ഈ തലമുടി കാരണം കൃത്യസമയത്ത് എവിടെയെങ്കിലും പോകാന്‍ സാധിക്കാതെ വരാം. തലമുടി ഉണങ്ങാനും ചീകാനും മറ്റും സമയം എടുക്കുന്നതാണ് ഇതിന് പിന്നിലെ പ്രധാന പ്രശ്നം. അതുപോലെ തലമുടി സംരക്ഷണത്തിനും സമയം വേണ്ടിവരും. 

മൂന്ന്...

സ്റ്റൈലായി ഈ മുടി കൊണ്ടുനടക്കാന്‍ ഏറ്റവും നല്ല ഷാമ്പൂവും എണ്ണയും ഒക്കെ ഉപയോഗിക്കേണ്ടി വരും. അതിന് വേണ്ടി മാത്രം തന്നെ കുറച്ച് പണം മാറ്റിവെയ്ക്കേണ്ടി വരും.  

നാല്...

ഫുക്രുവിന്‍റെ പോലെയുളള തലമുടി ആണെങ്കില്‍ സണ്‍ഗ്ലാസ്സ് തലയില്‍ വെയ്ക്കാനോ, എന്തെങ്കിലും ആവശ്യത്തിന് വിഗ്ഗ്, തൊപ്പി എന്നിവ  വെയ്ക്കാനോ കഴിയാതെ വരും. എന്തിന് ഹെല്‍മറ്റ് വെയ്ക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാകും.

അഞ്ച്... 

നല്ല സ്റ്റൈലായി പുറത്തോട്ട് ഇറങ്ങുമ്പോഴായിരിക്കും കാറ്റ് , മഴ , പൊടി എല്ലാം നിങ്ങളുടെ തലമുടിയെ നശിപ്പിക്കുന്നത്. 

 

ആറ്... 

തുടക്കത്തിലെ പറഞ്ഞപോലെ ആളുകളുടെ മോശം പരിഹാസങ്ങളും നിങ്ങളെ മാനസികമായി തളര്‍ത്താം. അവ ഒഴിവാക്കാന്‍ അത്തരം പരിഹാസങ്ങളെ അവഗണിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.