ആധുനിക ഡേറ്റിംഗ് സംസ്കാരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ജെൻസി യുവതലമുറ പുതിയൊരു രീതിയിലേക്ക് മാറുകയാണ്. സോഷ്യൽ മീഡിയയിൽ 'ടൂ മാൻ' ട്രെൻഡ് എന്നറിയപ്പെടുന്ന ഈ രീതി, പരമ്പരാഗതമായ 'ഡബിൾ ഡേറ്റിംഗിൻ്റെ' സാമൂഹിക പ്രാധാന്യമുള്ള ഒരു പുതിയ രൂപമാണ്.
ഡേറ്റിംഗ് എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം എന്താണ്? മെഴുകുതിരി വെളിച്ചത്തിൽ, മുഖത്തോടുമുഖം നോക്കി ഇരിക്കുന്ന രണ്ടുപേരോ? എങ്കിൽ മാറി ചിന്തിച്ചോളൂ. 2025-ലെ ജെൻസികളുടെ ഡേറ്റിംഗ് നിയമങ്ങൾ മാറിക്കഴിഞ്ഞു. ഓൺലൈൻ ആപ്പുകളിലെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചകളുടെ മടുപ്പ് തീർക്കാൻ പുതിയ തലമുറ കണ്ടെത്തിയ സൂത്രവാക്യമാണ് ‘ഡബിൾ ഡേറ്റിംഗ്’, അഥവാ സോഷ്യൽ മീഡിയയിൽ കേട്ടുവരുന്ന ‘ടൂ മാൻ’ ട്രെൻഡ്. ഇന്ത്യൻ ജെൻസി ഡേറ്റർമാർക്കിടയിൽ 'ഡബിൾ ഡേറ്റുകൾ' സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ 65% വരെ വർദ്ധിച്ചതായി ഡാറ്റകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഡേറ്റിംഗ് ആപ്പുകളിൽ 'ഡബിൾ ഡേറ്റിംഗ്' ഫീച്ചർ ഉപയോഗിക്കുന്നവരിൽ 85% പേരും 30 വയസ്സിന് താഴെയുള്ള സ്ത്രീകളാണ്.
എന്താണ് ഈ 'ടൂ മാൻ' തരംഗം?
ഇതൊരു കോംപ്ലിക്കേറ്റഡ് കാര്യമേ അല്ല. ഇത് രണ്ട് കൂട്ടുകാരികളും, അവർ ഡേറ്റ് ചെയ്യാൻ തീരുമാനിച്ച രണ്ട് കൂട്ടുകാരും ചേർന്ന് നടത്തുന്ന ഒരു സൗഹൃദപരമായ ഒത്തുചേരലാണ്. ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളിൽ ഒരാളെ ഇഷ്ടപ്പെട്ട് മാച്ച് ആയാൽ, ജെൻസി പെൺകുട്ടികളുടെ ആദ്യത്തെ ചോദ്യമിതാണ്: "നിങ്ങളുടെ കൂടെ ഒരു കൂട്ടുകാരനുണ്ടോ? എൻ്റെ ബെസ്റ്റി കൂടെ വന്നാലേ ഞാൻ ഡേറ്റിന് വരൂ!" അതായത്, റൊമാൻ്റിക് സിനിമകളിലെപ്പോലെ ശാന്തമായ അത്താഴ വിരുന്നിന് പകരം, ഒരുപാട് തമാശകളും, കുറച്ച് ടെൻഷനും, അതിലുപരി നിറയെ ചിരികളും ഉൾക്കൊള്ളുന്ന ഒരു കൂടിക്കാഴ്ച.
ഒറ്റയ്ക്ക് ഡേറ്റിന് പോകാൻ ജെൻസിക്ക് ഇത്ര പേടിയെന്തിനാ?
ഈ ട്രെൻഡ് ഇത്രയും ഹിറ്റാവാൻ കാരണമുണ്ട്. ഒറ്റയ്ക്ക് ഡേറ്റിന് പോകുന്നതിലുള്ള വലിയ റിസ്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഈ പുതിയ തന്ത്രം. "ഒരുപക്ഷേ ഡേറ്റ് ചെയ്യുന്നയാൾ ബോറനായിരുന്നെങ്കിലോ?," "അയാൾ ക്രീപ്പിയാണെങ്കിലോ?", "ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം മൂന്ന് മണിക്കൂർ ഇരിക്കേണ്ടി വന്നാലോ?" തുടങ്ങിയ ആശങ്കകൾ എല്ലാവർക്കുമുണ്ട്. ബെസ്റ്റി കൂടെയുണ്ടെങ്കിൽ, സാഹചര്യം മോശമായാൽ ഒരു കണ്ണിറുക്കലിലൂടെ 'ഓടിക്കോ' എന്ന സിഗ്നൽ നൽകാം.
സമ്മർദ്ദമില്ലാത്ത ചിരി: വൺ-ഓൺ-വൺ ഡേറ്റിംഗിൽ നിങ്ങൾ ഒരു 'വിചാരണ' പോലെയാണ് അനുഭവിക്കുന്നതെന്നാണ് ജെൻസികളുടെ വാദം. നിങ്ങളുടെ അഞ്ച് വർഷത്തെ പ്ലാനുകൾ എന്താണെന്ന് അറിയാൻ ശ്രമിക്കുന്ന ഒരു അപരിചിതനോട് സംസാരിക്കുന്നതിനേക്കാൾ ജെൻസി ഇഷ്ടപ്പെടുന്നത് ചിൽ ആയ അന്തരീക്ഷമാണ്. 'ടൂ മാൻ' രീതിയിൽ അത് കൂടുതൽ കൂട്ടായ ഒരു സൗഹൃദക്കൂട്ടായ്മയായി മാറുമെന്ന് വിദഗ്ധർ പറയുന്നു.
'ടൂ മാൻ' എന്നത് വെറും ഡേറ്റിംഗ് രീതി മാത്രമല്ല, അതൊരു ലൈഫ്‌സ്റ്റൈൽ കൂടിയാണ്. ഡേറ്റിംഗിന് മുൻപുള്ള വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചകൾ മുതൽ, കൂടിക്കാഴ്ചയുടെ ഇടയിൽ രഹസ്യകോഡുകൾ വഴി ബെസ്റ്റിയോട് അഭിപ്രായം ചോദിച്ചറിയുന്നത് വരെ ഇതിൻ്റെ ഭാഗമാണ്. ഇവിടെ, ഭക്ഷണവും വിശേഷങ്ങളും പങ്കുവെക്കുന്നതിനൊപ്പം, ഈ ഡേറ്റ് രണ്ടാമതൊരു കൂടിക്കാഴ്ചയ്ക്ക് യോഗ്യമാണോ എന്നും സുഹൃത്തുക്കൾ പരസ്പരം ചർച്ച ചെയ്യുന്നു. ഡേറ്റ് ചെയ്യുന്ന വ്യക്തി അത്ര മികച്ചതല്ലെങ്കിൽ പോലും, ഒരുമിച്ചുള്ള ഈ സൗഹൃദ കൂടിക്കാഴ്ച വഴി നല്ല ചിത്രങ്ങളും അനുഭവങ്ങളും ഒപ്പം ഭാവിയിൽ പങ്കുവെക്കാൻ ഒരു രസകരമായ കഥയും ഉറപ്പാക്കാൻ സാധിക്കും എന്നതാണ് ഇതിൻ്റെ ആകർഷണം.
ഇന്നത്തെ യുവതയ്ക്ക് തീവ്രമായ ബന്ധങ്ങളേക്കാൾ പ്രധാനം ലളിതവും രസകരവുമായ, സൗഹൃദബന്ധങ്ങളാണ്. അതുകൊണ്ടാണ് അടുത്ത കൂടിക്കാഴ്ചയ്ക്ക് സുഹൃത്തിനെ കൂടെ കൂട്ടാൻ 'ടൂ മാൻ' ട്രെൻഡ് ശക്തി നൽകുന്നത്.


