വെള്ളം, ഭക്ഷണം, വായു, വസ്ത്രം, വീട് എന്നിവയില്ലാതെ ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയില്ല എന്നായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഫോണും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് പലരും. അത്രമാത്രമാണ്  സെല്‍  ഫോണുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നത്. ഗുണങ്ങളോടൊപ്പം പല ദൂഷ്യങ്ങളും ഇവയ്ക്കുണ്ട്. അതിനെ കുറിച്ചല്ല പറയാന്‍ ഉദ്ദേശിക്കുന്നത്. 

സ്വകാര്യത പരിഗണിച്ച് ഫോണ്‍ ലോക്ക് ചെയ്യുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് അണ്‍ലോക്ക് ചെയ്യാന്‍ പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്.  ചിലര്‍ പാറ്റേണ്‍ ആയിരിക്കാം, ചിലര്‍ പിന്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കാം, ഇനി മറ്റു ചിലര്‍ വിരല്‍തുമ്പ് കൊണ്ടായിരിക്കാം ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത്.

 ഫോണ്‍ ലോക്ക് ചെയ്യുന്ന  രീതിയനുസരിച്ച് ഒരാളുടെ പ്രായം അറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. പ്രായമായവര്‍ 'ഓട്ടോ ലോക്ക്' രീതിയായിരിക്കും സ്വീകരിക്കുന്നതത്രേ. യുവാക്കള്‍ കൈവിരലടയാളത്തിന് പുറമെ പിന്‍നമ്പറുകളായിരിക്കും ഉപയോഗിക്കുന്നത് എന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയാണ് (University of British Columbia) പഠനം നടത്തിയത്. 

യുവാക്കളെയപേക്ഷിച്ച് പ്രായമായവരുടെ ഫോണ്‍ ഉപയോഗവും വളരെ കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും നിങ്ങളുടെ ഫോണ്‍ ഉപയോഗം 25 ശതമാനമായി കുറയുമെന്നും ഗവേഷകര്‍ പറയുന്നു. 25 വയസ്സുളള ഒരാള്‍ ഒരുദിവസം  20 തവണ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 35 വയസ്സുളള ഒരാള്‍ ഒരു ദിവസം 15 തവണ മാത്രമായിരിക്കും ഫോണ്‍ ഉപയോഗിക്കുന്നത്. 19 മുതല്‍ 63 വരെ പ്രായമുളളവരിലാണ് പഠനം നടത്തിയത്. പുരുഷന്മാരാണ് കൂടുതലും ഓട്ടോ ലോക്ക് രീതി സ്വീകരിക്കുന്നത് എന്നും  പഠനം സൂചിപ്പിക്കുന്നു.