ഒരാള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെ നമ്മള്‍ കൈമാറുന്നത് നിരവധി ആശയങ്ങളാണ്. ആളുകളുടെ ഹസ്തദാന രീതികൾ നിരീക്ഷിച്ചാൽ മനസിലാകും ഓരോ ആളുകൾക്ക് പ്രത്യേക രീതികളുണ്ട്. ഹസ്തദാനവും സ്വഭാവവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ വില്യം ചാപ്ലിൻ പറയുന്നത്. ഹസ്തദാനത്തിലൂടെ ഒരാളുടെ സ്വഭാവം മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഒരു ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പോകുമ്പോള്‍ ഹസ്തദാനം നല്‍കേണ്ടി വന്നാല്‍ അതില്‍ നിന്നു പോലും നമ്മള്‍ എത്രത്തോളം ആത്മവിശ്വാസമുള്ളവരാണെന്ന് അവര്‍ക്ക് അളക്കാന്‍ കഴിയും.നമ്മള്‍ ആ ജോലിയ്ക്ക് പറ്റിയവരാണോ എന്നുപോലും വെറുമൊരു ഹസ്തദാനത്തിലൂടെ അവര്‍ മനസ്സിലാക്കി എടുക്കും. വളരെ ശക്തമായി കൈ പിടിച്ച് കുലുക്കി ഹസ്തദാനം നടത്തുന്നവര്‍ ആത്മവിശ്വാസവും ധൈര്യവും ഉള്ളവരായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

നേരെ മറിച്ച് പതുക്കെ മാത്രം ഹസ്തദാനം നടത്തുന്നവര്‍ താരതമ്യേന ആത്മവിശ്വാസം കുറഞ്ഞവരായിരിക്കും. ഒരാളെ കാണുന്ന ഉടന്‍ തന്നെ അവരുമായി പരിചയം പുതുക്കുന്നത് ഹസ്തദാനത്തിലൂടെ ആയിരിക്കണം. ഹസ്തദാനത്തിലൂടെ തന്നെ അവര്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകും. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഹസ്തദാനം ചെയ്യുന്നതിലൂടെ അവര്‍ക്കിടയില്‍ പരസ്പര വിശ്വാസവും ബഹുമാനവും ഉടലെടുക്കും.

ആളുകളുടെ ഹസ്തദാനരീതികൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ അറിയാൻ സാധിക്കും. പലർക്കും അവരുടേതായ ചില പ്രത്യേക ശൈലികളുള്ളതായിക്കാണാം. വ്യക്തിപരമായ പല സവിശേഷതകളും മനോഭാവങ്ങളും ഹസ്തദാനരീതികളുടെ വിശകലനത്തിലൂടെ മനസ്സിലാക്കാൻ കഴിയും. മേധാവിത്വം(dominance)-വിധേയത്വം (submission), തുല്യത (equality) ഇങ്ങനെ മൂന്ന് മനോഭാവങ്ങളാണ് ഹസ്തദാനത്തിലൂടെ പ്രകടമാകുന്നതെന്ന് ശരീരഭാഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

മേധാവിത്വ മനോഭാവത്തേയും വിധേയത്വത്തേയും സൂചിപ്പിക്കുന്ന കൈപ്പത്തിയുടെ  രണ്ടവസ്ഥകളെക്കുറിച്ച് മുമ്പേ വിശദീകരിച്ചുവല്ലോ. ഈ രണ്ടവസ്ഥകളും ഹസ്തദാനശൈലികളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ കൈവെള്ള താഴേക്കു വരത്തക്കവിധത്തിൽ ഹസ്തദാനത്തിനായി കൈ നീട്ടുന്നുവെങ്കിൽ അത് അയാളുടെ മേധാവിത്വ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.

വിധേയത്വമനോഭാവമുള്ളവർ ഇത്തരം ഹസ്തദാനമേറ്റു വാങ്ങുമ്പോൾ കൈവെള്ള മുകളിൽ വരത്തക്ക നിലയിൽ കൈനീട്ടുമെന്നു മാത്രമല്ല, പിടിച്ചു കഴിഞ്ഞശേഷം തന്റെ കൈപ്പത്തിയെ അപരന്റെ നിയന്ത്രണത്തിനു വിട്ടു കൊടുക്കുക പോലും ചെയ്യുന്നു.

ഒരേ പോലെ മേധാവിത്വമനോഭാവമുള്ള രണ്ടു പേർ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ അവിടെ ഒരു പ്രതീകാത്മക ബലപ്രയോഗം നടക്കുന്നു. വിരലുകൾ പിടിച്ചു ഞെരിക്കുന്ന രീതിയിലുള്ളത് വളരെ പ്രാകൃതമായ ഹസ്തദാന രീതിയാണ്. പരുക്കൻ ശരീരപ്രകൃതിയും സ്വഭാവമുള്ളവരിലാണിത് ഏറെയും കാണുന്നത്.