നടന്‍ മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാളാണ്. നിരവധി പേരാണ് മോഹൻ ലാലിന്  ആശംസകൾ അറിയിക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടൻ കൂടിയാണ് മോഹൻ ലാൽ. എന്നാൽ, ഫിറ്റ്നസിന് മാത്രമല്ല വസ്ത്രധാരണത്തിനും അദ്ദേഹം പ്രധാന്യം കൊടുക്കാറുണ്ട്. 

 '' ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാളുകൂടിയാണ് ലാൽ സാർ. എപ്പോഴും സിമ്പിളും കംഫേർട്ടുമായ വസ്ത്രങ്ങളാണ് സാർ തിരഞ്ഞെടുക്കാറുള്ളത്. ജാപ്പനീസ് കളക്ഷനോട് അദ്ദേഹത്തിന് പ്രത്യേക താൽപര്യമുണ്ട്. മുണ്ടും ഷർട്ടും സാറിന് വലിയ ഇഷ്ടമാണ് '' - ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട്  മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് പറയുന്നു. 

ജിഷാദ് ആണ് ബിഗ് ബോസിലെ അവതാരകന്‍ കൂടിയായിരുന്ന ലാലേട്ടന് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നത്. ബിഗ് ബോസ് തുടങ്ങുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ അദ്ദേഹം വിളിക്കുകയും ഷോയ്ക്ക് വേണ്ട് വസ്ത്രം ചെയ്യണമെന്ന് പറയുകയായിരുന്നു എന്നും ജിഷാദ് പറഞ്ഞു.

'' വ്യത്യസ്തമായി ചെയ്യണമെന്നായിരുന്നു ലാല്‍ സര്‍ പറഞ്ഞിരുന്നത്. ലാല്‍ സാർ ഫാഷനെ കുറിച്ചും ട്രെന്‍ഡുകളെ കുറിച്ചും അപ്ഡേറ്റഡാണ്. കളറില്‍ ചിലപ്പോള്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഈ കളര്‍ കൊടുത്താല്‍ നന്നായിരിക്കും, അങ്ങനെയൊക്കെ പറയാറുണ്ട്'' - ജിഷാദ് പറയുന്നു. 

''വളരെ അധികം കഠിനധ്വാനം ചെയ്യുന്ന ആളാണ് ശ്രീ മോഹന്‍ലാല്‍. ഒരു ദിവസം പോലും വര്‍ക്കൗട്ട് മുടങ്ങാതെ ചെയ്യും. ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധിക്കും'' - ജിഷാദ് പറഞ്ഞു. ലാൽ സാറിന് ഇന്നലെ രാത്രി തന്നെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നുവെന്നും ജിഷാദ് കൂട്ടിച്ചേർത്തു. 

ഫാഷനെ കുറിച്ച് അദ്ദേഹത്തിനറിയാം'; ബിഗ് ബോസിലെ ലാലേട്ടന്‍റെ ഡിസൈനറിന് പറയാനുള്ളത്.....