ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച വാര്‍ത്ത വളരെ ഞെട്ടലോടെയാണ് സാധാരണക്കാര്‍ കേട്ടത്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും, അതില്‍ നിന്ന് വിഷപ്പുക പടരുകയും ചെയ്തതോടെ ശ്വാസം മുട്ടിയാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറായ പ്രസന്ന, അദ്ദേഹത്തിന്റെ ഭാര്യ അര്‍ച്ചന, അമ്മ രേവതി എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമാണുണ്ടായിരുന്നത്. രാവിലെ ജോലിക്കാരി വന്ന് വിളിച്ചിട്ടും വീടിന്റെ വാതില്‍ തുറന്നുകാണാഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി, വീട് തുറന്നുനോക്കിയപ്പോഴാണ് മൂവരുടെയും മൃതദേഹം കണ്ടത്.

പുലര്‍ച്ചെ രണ്ട് മണിയോടെ അപകടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. രാത്രിയായതിനാല്‍ വീട്ടിലെ വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ട നിലയിലായിരുന്നു. ഇത് വിഷപ്പുക വീട്ടിനകത്ത് തങ്ങിനില്‍ക്കാന്‍ കാരണമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള സൂചനകളെല്ലാം വിരല്‍ചൂണ്ടുന്നത് അപകടത്തിലേക്ക് തന്നെയാണ്. 

സംഭവത്തിന്റെ നിജസ്ഥിതി എന്ത് തന്നെയാണെങ്കിലും, സാധാരണക്കാര്‍ക്കിടയില്‍ ഇതുണ്ടാക്കിയ നടുക്കം തീര്‍ച്ചയായും പ്രസക്തമാണ്. ഇന്ന് ഏതൊരു സാധാരണ കുടുംബം കഴിയുന്ന വീട്ടിലും ഫ്രിഡ്ജുണ്ട്. നിത്യേന നമ്മളത് ഉപയോഗിക്കുന്നുമുണ്ട്. അപ്പോള്‍ അതില്‍ നിന്നും ഗൗരവമുള്ള ഒരപകടത്തിന് സാധ്യതയുണ്ടെന്നത് ചിന്തിപ്പിക്കുന്നത് തന്നെയാണ്. 

അല്‍പം കരുതാം, ദുരന്തങ്ങളൊഴിവാക്കാം...

ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഇതെങ്ങനെ സംഭവിക്കുന്നു എന്ന് സംശയം വരാം. സാധാരണഗതിയില്‍ വോള്‍ട്ടേജ് മാറ്റം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. റഫ്രിജറേറ്ററിന്റെ കംപ്രസില്‍ മര്‍ദ്ദമുണ്ടാകുന്നതോടെയാണ് അത് പൊട്ടിത്തെറിയിലേക്കെത്തുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഒരു സ്റ്റബ്ലൈസറിന്റെ സഹായം തേടാം. അതുപോലെ വീട്ടിലെ വൈദ്യുതി കണക്ഷനുകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കില്‍, തീര്‍ച്ചയായും അത് പുതുക്കാന്‍ കരുതലെടുക്കുക. പഴക്കം ചെന്നതോ ഒരിക്കലെങ്കിലും പുകഞ്ഞതോ ആയ പ്ലഗ് പോയിന്റുകളില്‍ ഒരിക്കലും ഫ്രിഡ്ജ് കണക്ട് ചെയ്യരുത്. 

ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തന്നെ അതിന്റെ കണ്ടന്‍സര്‍ കോയിലുകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. ഇത്തരം കാര്യങ്ങള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം കൃത്യമായി പിന്തുടരാം. അതുപോലെ ചെറിയ ഇടവേളകളില്‍ ഇടയ്ക്ക് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടുകയും വേണം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഫ്രിഡ്ജ് വയ്ക്കുന്ന സ്ഥലമാണ്. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഒരിക്കലും ഫ്രിഡ്ജ് വയ്ക്കരുത്. പ്രത്യേകിച്ച് ഫ്രിഡ്ജിന്റെ പിറകുവശത്തേക്ക് വായുസഞ്ചാരം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ അടുക്കളയില്‍ പരമാവധി ഫ്രിഡ്ജ് വയ്ക്കാതിരിക്കുക. പാകം ചെയ്യുന്ന ഇടമായതിനാല്‍ അടുക്കളയിലെ വായു എപ്പോഴും ചൂട് നിറഞ്ഞതായിരിക്കും. ഇതും അപകടം വിളിച്ചുവരുത്തിയേക്കാം. 

ഏറ്റവും അവസാനമായി, എന്നാല്‍ പ്രധാനമായി മനസില്‍ കരുതേണ്ട ഒന്ന്, ഫ്രിഡ്ജ് എന്നുമാത്രമല്ല വീട്ടിലെ ഏത് ഇലക്ട്രോണിക് ഉപകരണം കേടായാലും അത് ശരിയാക്കാന്‍ അറിയാവുന്ന ആളുകളെത്തന്നെ വിളിക്കുക, സ്വയം ശരിയാക്കാം എന്ന പ്രകടനപരത അതില്‍ കാണിക്കരുത്. അതും നാശത്തിലേക്കേ വഴിവയ്ക്കൂ.