വിവാഹം കഴിച്ചാലും മക്കള്‍ വേണ്ടെന്ന് വയ്ക്കുന്ന ചെറുപ്പക്കാരുടെ കാലമാണിത്. ഈ കാഴ്ചപ്പാടിന് നേര്‍ വിപരീതമാണ് ഇംഗ്ലണ്ടിലെ നോര്‍ഫോള്‍ക്ക് സ്വദേശിനിയായ ഇമോഗന്‍ ബെന്‍ഹാം. മുപ്പത് വയസിനിടെ ഇമോഗന് എട്ട് മക്കളാണുണ്ടായിരിക്കുന്നത്. ഏഴ് പെണ്‍മക്കളും ഒരാണ്‍കുഞ്ഞും. തീര്‍ന്നില്ല, ഇനിയും രണ്ട് മക്കളെ കൂടി കുടുംബത്തിലേക്ക് വേണമെന്നാണ് ഇമോഗന്റെ ആഗ്രഹം.

എട്ട് മക്കളില്‍ ആദ്യത്തെ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരേയും താന്‍ സമയം കണക്കാക്കി, പ്ലാന്‍ ചെയ്ത്, ആഗ്രഹിച്ച് പ്രസവിച്ചതാണെന്നാണ് ഇമോഗന്‍ പറയുന്നത്. ഓരോ പ്രസവം കഴിയും തോറും അടുത്ത പ്രസവത്തിലേക്കുള്ള കാത്തിരിപ്പ് തുടങ്ങും. ഒരു കുഞ്ഞുണ്ടായി അടുപ്പിച്ച് പത്ത് മാസത്തിലധികം ഗര്‍ഭിണിയാകാതെ ഇരുന്നിട്ടില്ല ഇമോഗന്‍. അപ്പോഴേക്ക് അടുത്ത കുഞ്ഞിനെ ഗര്‍ഭമാകും. അങ്ങനെ നീണ്ട പത്ത് വര്‍ഷങ്ങള്‍ പോയത് പോലും ഇമോഗന്‍ അറിഞ്ഞില്ലെന്ന് വേണമെങ്കില്‍ പറയാം.

അമ്പത്തിരണ്ടുകാരനായ ഭര്‍ത്താവ് പീറ്ററിനും മക്കളെന്നാല്‍ ജീവന്‍ തന്നെ. ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞ് നില്‍ക്കുമ്പോള്‍ 2008ലാണ് പീറ്റര്‍ ആദ്യമായി ഇമോഗനെ പരിചയപ്പെടുന്നത്. അവര്‍ പെട്ടെന്ന് തന്നെ അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇമോഗന്‍ ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ചു.

വിവാഹമെല്ലാം പിന്നീടാണ് നടന്നത്. മൂത്ത കുഞ്ഞിന് ഇപ്പോള്‍ പത്ത് വയസായി. അവള്‍ക്ക് താഴെ ഒമ്പതുകാരി ഡള്‍സീ, അതിന് താഴെ ഏഴുവയസുകാരി റോസ്, അതിന് താഴെ ആറുവയസുകാരി നോവ സ്റ്റാര്‍, അതിന് താഴെ നാലുവയസുകാരി റൂമര്‍. ഇവരെല്ലാം ഒന്നിച്ചൊരു മുറിയിലാണ് ഉറങ്ങുന്നത്.

തൊട്ടടുത്ത മുറിയില്‍ ഇമോഗനും പീറ്ററും ഏറ്റവും ഇളയ കുഞ്ഞായ ടേസിയയും കിടക്കും. അവള്‍ക്ക് പത്ത് മാസം പ്രായമമായതേയുള്ളൂ. അതിന് തൊട്ടുമുകളിലുള്ള രണ്ട് വയസുകാരി എല്‍വയും മൂന്ന് വയസുകാരനും കൂട്ടത്തിലെ ഏക ആണ്‍തരിയുമായ എഫ്രൈമും രണ്ട് മുറികള്‍ക്കിടയിലെ കുഞ്ഞ് മുറിയിലെ തൊട്ടിലുകളിലുറങ്ങും.

മെയിന്റനന്‍സ് എഞ്ചിനീയറാണ് പീറ്റര്‍. രാത്രി ജോലിക്ക് പോയാല്‍ രാവിലെയേ വരൂ. വന്നാലുടന്‍ മക്കളെ സ്‌കൂളിലയക്കാനും അടുക്കളയിലും സഹായിക്കും. അതിന് ശേഷം മാത്രമേ ഉറങ്ങാന്‍ പോകൂ. ഉച്ചയ്ക്ക് എഴുന്നേല്‍ക്കുമ്പോഴേക്ക് കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരും. പിന്നെ ഭക്ഷണസമയം. വീട്ടില്‍ എപ്പോഴും തിരക്ക് തന്നെയെന്ന് ഇമോഗന്‍ സന്തോഷത്തോടെ പറയുന്നു.

'ചെറിയ വീടാണ്. ഇത് വലുതാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. കാരണം, രണ്ട് കുട്ടികളെ കൂടി ഞങ്ങള്‍ക്ക് വേണം. പീറ്ററും എന്നെപ്പോലെ തന്നെയാണ് കുട്ടികളെന്ന് വച്ചാല്‍ അത്രയും പ്രിയം ആണ്. അവരുടെ ബഹളവും തമ്മിലുള്ള സ്‌നേഹവും കരുതലുമെല്ലാം കണ്ടിരിക്കാന്‍ തന്നെ ഭയങ്കര രസമാണ്. എനിക്കാണെങ്കില്‍ പ്രഗ്നന്റ് ആകുന്നതും പ്രസവിക്കുന്നതും കുഞ്ഞുങ്ങളെ കയ്യില്‍ കിട്ടുന്നതുമെല്ലാം ഇപ്പോഴും പുതുമ തീരാത്ത ത്രില്ലാണ്. ചിലപ്പോഴൊക്കെ ഞങ്ങളൊന്നിച്ച് പുറത്തുപോകുമ്പോള്‍ ആലുകള്‍ കളിയാക്കാറുണ്ട്. പക്ഷേ ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. ഞങ്ങളനുഭവിക്കുന്ന സന്തോഷം അവര്‍ക്ക് മനസിലാകില്ല...'- ഇമോഗന്‍ പറയുന്നു.

വൈകീട്ട് നാലരയ്ക്കാണ് ഇമോഗന്റെ വീട്ടിലെ ചായ സമയം. ആ നേരത്താണ് കുടുംബത്തിലെ എല്ലാവരും ഒരുമിച്ചുകൂടുന്നത്. ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ സമയമെന്നാണ് ഇമോഗനും പീറ്ററും ഈ ചായ സമയത്തെ വിളിക്കുന്നത്. പത്ത് മാസമുള്ള മകള്‍ മുതല്‍ പത്ത് വയസുകാരിയായ മകള്‍ വരെ നിരന്നിരിക്കും. അവര്‍ പരസ്പരം സംസാരിക്കുകയും സ്‌നേഹം പങ്കിടുകയും കൊച്ചുകൊച്ചുവഴക്കുകള്‍ കൂടുകയും ചെയ്യും. ഇതിലും വലിയ സന്തോഷങ്ങളെന്താണ്- ഇമോഗന്‍ എന്ന അമ്മ ചോദിക്കുന്നു...