മുംബൈ:  നവി മുംബൈയെ പിങ്ക് നിറത്തില്‍ കുളിപ്പിച്ച് അരയന്നകൊക്കുകള്‍ (ഫ്ലമിംഗോസ്). വ്യാഴാഴ്ച രാവിലെയോടെയാണ് പിങ്ക് കടലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നഗരത്തില്‍ അരയന്നക്കൊക്കുകള്‍ നിറഞ്ഞത്. എല്ലാ വര്‍ഷവും മുംബൈയില്‍ എത്താറുണ്ട് ഈ ദേശാനടപക്ഷികള്‍. ഇത്തവണ ഇത് ലോക്ഡൗണില്‍ ആയതിനാല്‍ നഗരങ്ങളിലെ റോഡുകള്‍ അവര്‍ക്ക് സ്വന്തമായി. 

ബോംബേ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ‌ വര്‍ഷത്തേതില്‍ നിന്ന് 25 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് മുംബൈയില്‍ എത്തിയ ഈ പക്ഷികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 1.2 ലക്ഷം പക്ഷികളാണ് എത്തിയതെങ്കില്‍ ഇത്തവണ ഏപ്രില്‍ ആദ്യം തന്നെ 1.5 ലക്ഷം പക്ഷികളെ കണ്ടുകഴിഞ്ഞു. 

രവീണ ടാണ്ടന്‍, ദിയ മിര്‍സ, ട്വിങ്കിള്‍ ഖന്നതുടങ്ങിയ താരങ്ങളും ഈ പിങ്ക് കടലിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നും രാജസ്ഥാനിലെ സാംഭർ തടാകത്തില്‍നിന്നുമാണ് ഇവ മുംബൈയിലെത്തുന്നത്.