പല ആരോഗ്യഗുണങ്ങളുമുള്ള പച്ചക്കറിയാണ് കാരറ്റ്. കണ്ണിനും മുടിക്കുമെല്ലാം കാരറ്റ് ഉത്തമമാണെന്ന് പലയിടത്തും നമ്മള്‍ കേട്ടും വായിച്ചുമെല്ലാം നമുക്കറിയാം. എന്നാല്‍ മുഖസൗന്ദര്യത്തിനും കാരറ്റ് ധാരാളമാണെന്ന് നിങ്ങളില്‍ അത്ര പേര്‍ക്കറിയാം. 

മുഖം വരണ്ടിരിക്കുന്നു, അല്ലെങ്കില്‍ എണ്ണമയമായിരിക്കുന്നു, അതുമല്ലെങ്കില്‍ മുഖത്താകെ അഴുക്കും പാടുകളും എന്നെല്ലാം പരാതിപ്പെടാത്തവര്‍ ചുരുക്കമാണ്. ഇത്തരക്കാര്‍ക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ് കാരറ്റ്. 

വെറുതെ വീട്ടിലിരിക്കുന്ന ദിവസം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് കാരറ്റ് ഫേഷ്യല്‍ മാസ്‌കുകളാണ് ഇനി പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഉപകരിക്കുന്ന ഒരു മാസ്‌കാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കാനും അതുവഴി തിളക്കമുള്ളതാക്കാനുമാണ് ഇത് സഹായിക്കുക. ഇതിനായി ഒരു കാരറ്റിന്റെ പകുതിയോളം ചുരണ്ടിയെടുക്കുക. ശേഷം ഇത് നന്നായി അരച്ച് യോജിപ്പിക്കണം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ പാലും ചേര്‍ക്കുക. നന്നായി ഇളക്കിയെടുത്ത ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനുറ്റ് നേരം അങ്ങനെ വച്ച്, പിന്നീട് വെള്ളമുപയോഗിച്ച് കഴുകിക്കളയാം. 

രണ്ട്...

ഇനി എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് വേണ്ടിയുള്ള ഒരു മാസ്‌കാണ് പറയുന്നത്. ഒരു ചെറിയ കപ്പില്‍ കാരറ്റ് നന്നായി അരച്ചെടുത്തതിലേക്ക് അല്‍പം തൈരും അല്‍പം കടലമാവും ചേര്‍ക്കുക. മിശ്രിതം നന്നായി യോജിപ്പിച്ച ശേഷം മുഖത്തിടാവുന്നതാണ്. ഇതും 15 മിനുറ്റ് നേരത്തേക്ക് അങ്ങനെ വച്ച ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയുക. 

മൂന്ന്...

മുഖത്തെ ഡെഡ്‌സ്‌കിന്‍ നീങ്ങാനും മുഖം വൃത്തിയാക്കി, അതുവഴി തിളക്കമുള്ളതാക്കാനും പ്രയോജനപ്പെടുന്ന ഒരു മാസ്‌കാണ് മൂന്നാമതായി പരിചയപ്പെടുത്തുന്നത്. ഇതിനായി കാരറ്റ് അരച്ച് പേസ്റ്റ് പരുവത്തിലാക്കിയതും തൈരും മുട്ടയുടെ വെള്ളയും തുല്യ അളവിലെടുക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടി 15- 20 മിനുറ്റ് വയ്ക്കാം. ശേഷം നേരിയ ചൂടുളള വെള്ളത്തില്‍ മുഖം കഴുകാം.