ബ്രേക്കപ്പ് ഒരിക്കലും പ്രണയത്തിനോ ജീവിതത്തിനോ അന്ത്യം കുറിക്കുന്ന ഒന്നല്ലെന്ന് വേണം ആദ്യം മനസിലാക്കാന്‍. തീര്‍ച്ചയായും പ്രണയം കൈവിടുമ്പോഴുള്ള ദുഖം നേരിടേണ്ടിവരും. എന്നാല്‍ അതിനെ അതിജീവിക്കാനും കഴിയണം. സധൈര്യം അടുത്ത പ്രണയത്തിലേക്ക് കടക്കുകയും വേണം. എത്ര സമയം ഇതിന് വേണ്ടി എടുത്താലും അതില്‍ നിരാശ തോന്നേണ്ടതില്ല. ഒടുവില്‍ മനസ് അതിന് പാകമായി എന്ന് തോന്നുന്നത് വരേയും കാത്തിരിക്കണം

പ്രണയത്തകര്‍ച്ച പലപ്പോഴും വ്യക്തികളെ വലിയ നിരാശകളിലേക്ക് എടുത്തെറിയാറുണ്ട്. ചിലര്‍ അല്‍പം പ്രയാസപ്പെട്ട ശേഷമാണെങ്കിലും അതില്‍ നിന്ന് രക്ഷപ്പെടും. മറ്റ് ചിലരാണെങ്കില്‍ അടുത്തൊരു പ്രണയത്തിലേക്ക് കടക്കാന്‍ പറ്റാത്ത വിധത്തില്‍, ആത്മവിശ്വാസവും സ്‌നേഹത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ട അവസ്ഥയിലേക്കെത്താറുമുണ്ട്.

ബ്രേക്കപ്പ് ഒരിക്കലും പ്രണയത്തിനോ ജീവിതത്തിനോ അന്ത്യം കുറിക്കുന്ന ഒന്നല്ലെന്ന് വേണം ആദ്യം മനസിലാക്കാന്‍. തീര്‍ച്ചയായും പ്രണയം കൈവിടുമ്പോഴുള്ള ദുഖം നേരിടേണ്ടിവരും. എന്നാല്‍ അതിനെ അതിജീവിക്കാനും കഴിയണം. സധൈര്യം അടുത്ത പ്രണയത്തിലേക്ക് കടക്കുകയും വേണം. എത്ര സമയം ഇതിന് വേണ്ടി എടുത്താലും അതില്‍ നിരാശ തോന്നേണ്ടതില്ല. ഒടുവില്‍ മനസ് അതിന് പാകമായി എന്ന് തോന്നുന്നത് വരേയും കാത്തിരിക്കണം.

ഇത്തരത്തില്‍ ബ്രേക്കപ്പിന് ശേഷം അടുത്ത പ്രണയത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നവരുടെ മനസില്‍ ആദ്യം സൂചിപ്പിച്ചത് പോലെ പല ആസങ്കകളും ഉണ്ടായെന്ന് വരാം. അത്തരക്കാര്‍ മനസിലുറപ്പിച്ചുപറയേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

പഴയ ബന്ധത്തില്‍ ഒരുപക്ഷേ നിങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരായിരിക്കാം. അങ്ങനെയാണെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരിക്കാനും ഇടയുണ്ട്. ഈ സംശയത്തോടെ ഒരിക്കലും പുതിയ പ്രണയത്തിലേക്ക് കടക്കരുത്.

'ഞാന്‍ സ്‌നേഹത്തിന് അര്‍ഹനാണ്' അല്ലെങ്കില്‍ 'ഞാന്‍ സ്‌നേഹത്തിന് അര്‍ഹയാണ്' എന്ന മന്ത്രമാകണം നിങ്ങള്‍ മനസില്‍ ആവര്‍ത്തിച്ച് ഉരുവിടേണ്ടത്. സ്‌നേഹത്തിന് അര്‍ഹരല്ലാത്ത ആരും ഭൂമിയില്‍ ഇല്ലെന്ന് മനസിലാക്കുക. അപ്പോള്‍ തീര്‍ച്ചയായും ഞാനും അങ്ങനെ തന്നെ ആയിരിക്കണമല്ലോ എന്ന ചിന്ത ഉള്ളിലുയര്‍ത്തിക്കൊണ്ടുവരിക. ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുക.

രണ്ട്...

പ്രണയത്തില്‍ പലപ്പോഴും വില്ലനായി അവതരിക്കുന്നത് നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന 'ഇമേജ്' ആണ്. മനപ്പൂര്‍വ്വം പങ്കാളിയെ ആകര്‍ഷിക്കാനായി അയാളുടെ താല്‍പര്യാര്‍ത്ഥം നമ്മള്‍ നമ്മളെത്തന്നെ അവതരിപ്പിക്കുന്നത് വലിയ അബദ്ധമാണ്. യഥാര്‍ത്ഥത്തില്‍ എന്താണോ നിങ്ങള്‍, ആ നിങ്ങളെ മറച്ചുപിടിക്കാതെ തന്നെ പ്രണയിക്കുക. 'ഞാന്‍ എന്താണോ അതിനെ ഇഷ്ടപ്പെടുന്ന ഒരാള്‍ മതി' എന്ന തീരുമാനം മനസില്‍ ഉറപ്പിക്കുക. ഒന്നിന് വേണ്ടിയും അവരവരുടെ വ്യക്തിത്വത്തെ മാറ്റാനോ, വളച്ചൊടിക്കാനോ ശ്രമിക്കാതിരിക്കുക. കാരണം ഉണ്ടാക്കിയെടുക്കുന്ന 'ഇമേജ്' എല്ലായ്‌പോഴും നമുക്ക് സൂക്ഷിക്കാനാകില്ല. അത് ഒരു ഘട്ടത്തിലെത്തുമ്പോള്‍ അഴിഞ്ഞുവീഴുക തന്നെ ചെയ്യും.

മൂന്ന്...

ജീവിതത്തില്‍ എപ്പോഴും വിജയം കൈവരിക്കണം എന്ന ഉപദേശം ഒരിക്കലും ചെവിക്കൊള്ളരുത്. ജീവിതം എന്നാല്‍, ഒരു യാത്ര പോലെയാണെന്ന് സങ്കല്‍പിക്കുക. പല കാഴ്ചകളും പല അനുഭവങ്ങളും വന്നേക്കാം. വിജയവും പരാജയവും ഒക്കെയുണ്ടാകും. അതില്‍ നിന്നെല്ലാം വേര്‍തിരിച്ചെടുക്കാന്‍ ഒരു അറിവോ, പാഠമോ ഉണ്ടായിരിക്കും. അതാണ് നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്.


വിജയിച്ചേ മതിയാകൂ എന്ന മുന്‍വിധിയോടെ ജീവിതത്തെ സമീപിച്ചുകൊണ്ടിരുന്നാല്‍ അത് കടുത്ത സമ്മര്‍ദ്ദങ്ങളിലേക്കാണ് നയിക്കുക.

പ്രണയത്തിലും ഇതുതന്നെയാണ് ശ്രദ്ധിക്കേണ്ടത്. പ്രണയിക്കുമ്പോള്‍, അത് ചെയ്യുക. വിജയിക്കുമോ പരാജയപ്പെടുമോ എന്ന ഭയം മാറ്റിവയ്ക്കണം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ധാരണയാണ്. അത് ഏതെങ്കിലും തരത്തില്‍ പരാജയപ്പെട്ടാല്‍ അതിനെ ആരോഗ്യകരമായിത്തന്നെ കാണാന്‍ പരിശീലിക്കണം. ചേരാത്ത രണ്ടുപേര്‍ കഷ്ടപ്പെട്ട് ചേര്‍ന്നിരിക്കുന്നതിലും നല്ലത്, വേര്‍പിരിഞ്ഞ് അവരവര്‍ക്ക് ചേരുന്നവരെ തിരഞ്ഞുകണ്ടെത്തുന്നതല്ലേ? അപ്പോള്‍ 'പ്രണയത്തിന്റെ വിജയത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയപ്പെടില്ല' എന്നൊരു മന്ത്രവും മനസിലെപ്പോഴും ഉരുവിടുക. ആത്മാഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി പ്രണയത്തേയും ജീവിതത്തേയും വരവേല്‍ക്കുക.