ഇന്ന്, ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവിടുന്നത് തന്നെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനാണ്. സ്വന്തമായി ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ വിരളമാണെന്ന് പറയേണ്ടിവരും. അത്രമാത്രം സജീവമാണ് നമ്മള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍. 

ഫെയ്‌സ്ബുക്കോ, ഇന്‍സ്റ്റഗ്രാമോ, ട്വിറ്ററോ എന്തുമാകട്ടെ, ഒഴിവുസമയം കിട്ടിയാല്‍ നേരെ ഫോണെടുത്ത് അതിലേക്ക് തല താഴ്ത്തുന്നവരാണ് നമ്മളില്‍ മിക്കവരും. പലപ്പോഴും വ്യക്തിജീവിതത്തെ പ്രതികൂലമായ തരത്തില്‍ ഈ ശീലം ബാധിക്കുന്നുണ്ടായിരിക്കും. പലരും അതുപോലും തിരിച്ചറിഞ്ഞേക്കില്ല. 

ഇതില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് കിടപ്പുമുറിയിലെ 'സോഷ്യല്‍ മീഡിയ' ഉപയോഗം. പകല്‍ ദിവസത്തെ ജോലി, തിരക്ക്, യാത്ര എന്നിവയ്‌ക്കെല്ലാം ശേഷം പങ്കാളിയോടൊത്ത് അല്‍പസമയം ചിലവിടാന്‍ കിട്ടുന്നത് രാത്രി ഉറങ്ങുന്നതിന് മുമ്പായിട്ടുള്ള സമയം മാത്രമായിരിക്കും. അപ്പോഴായിരിക്കും കിടക്കയില്‍ ചാഞ്ഞുകിടന്ന് 'സോഷ്യല്‍ മീഡിയ'യിലെ അന്വേഷണങ്ങള്‍. 

 

 

ഈ പതിവ് തീര്‍ച്ചയായും ആരോഗ്യകരമായ ബന്ധത്തെ തകര്‍ക്കാനേ ഉപകരിക്കൂവെന്ന് തിരിച്ചറിയുക. അതിനാല്‍ത്തന്നെ ചില കാര്യങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധിച്ചേ മതിയാകൂ. അത്തരത്തിലുള്ള മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

കിടപ്പുമുറിയില്‍ രാത്രിയില്‍ 'സോഷ്യല്‍ മീഡിയ' ഉപയോഗം ആവശ്യമോ എന്ന് ചിന്തിച്ച് തീരുമാനമെടുക്കണം. ഉപയോഗിക്കുന്നുണ്ട് എങ്കില്‍ത്തന്നെ അതിന്റെ സമയം നിര്‍ബന്ധമായും പരിമിതപ്പെടുത്താന്‍ കഴിയണം. ഇതിന് ഭാര്യക്കും ഭര്‍്തതാവിനും പരസ്പരം പ്രചോദനമാകാന്‍ സാധിക്കണം. 

രണ്ട്...

സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു പ്രധാന പ്രശ്‌നമായി മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന സംഗതി എന്താണെന്നറിയാമോ? അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതം എപ്പോഴും താരതമ്യപ്പെടുത്താനുള്ള ഒരു താല്‍പര്യം നമ്മളില്‍ ഇതുണ്ടാക്കുമത്രേ. മറ്റുള്ളവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍, അവരുടെ പങ്കാളികളെക്കുറിച്ചുള്ള വിവരണങ്ങള്‍, ജോലിയെക്കുറിച്ചുള്ള വിഷയങ്ങള്‍, വീട്, സാമ്പത്തികാവസ്ഥ, മറ്റ് സൗകര്യങ്ങള്‍- അങ്ങനെ ഏത് ഘടകവും നമ്മള്‍ നമ്മുടേതിനെ വച്ച് താരതമ്യപ്പെടുത്തുമെന്ന്. 

 

 

ഇത് ബന്ധത്തിനിടയിലും വ്യക്തിജീവിതത്തിലും മോശം സ്വാധീനം പുലര്‍ത്തിയേക്കാം. അതിനാല്‍ എപ്പോഴും ഈ ബോധത്തില്‍ നിന്നുകൊണ്ട് വേണം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍. ഒരിക്കലും പങ്കാളിയോട് കിടപ്പുമുറിയില്‍ വച്ച് അത്തരത്തിലുള്ള താരതമ്യപഠനങ്ങളെക്കുറിച്ച് പറയുകയോ ചര്‍ച്ച ചെയ്യുകയോ അരുത്. പരസ്പരം അകലമുണ്ടാക്കാനും വിശ്വാസക്കുറവ് സൃഷ്ടിക്കാനും ഇത് ഇടയാക്കും. 

മൂന്ന്...

മൂന്നാമതായി ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ നമ്മുടെ സ്വകാര്യതകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അത്ര ആരോഗ്യകരമല്ലാത്ത പ്രവണതയാണ്. ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളോ വിവരങ്ങളോ പിന്നീട് തിരിച്ചെടുക്കാനാവാത്ത വിധം നമ്മുടെ വിരല്‍ത്തുമ്പില്‍ നിന്ന് നഷ്ടപ്പെട്ടേക്കാം. അതിനാല്‍ സൂക്ഷിച്ചുവേണം വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ച് എഴുതാനും ചിത്രങ്ങളോ വീഡിയോകളോ പങ്കുവയ്ക്കാനും. പ്രത്യേകിച്ച് കിടപ്പുമുറിയിലെ സ്വകാര്യനിമിഷങ്ങള്‍ക്ക് മുകളിലുള്ളതാണെങ്കില്‍ തീര്‍ച്ചയായും അതില്‍ കരുതല്‍ വേണം. മാത്രമല്ല, അമിതമായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോ പോസ്റ്റുകളോ ഇട്ടുതുടങ്ങിയില്‍ അതില്‍ കൂടുതല്‍ സജീവമാകാനുള്ള സാധ്യതയും കൂടിക്കൊണ്ടിരിക്കും. അക്കാര്യവും നിങ്ങള്‍ ചിന്തിച്ച് തീരുമാനിക്കേണ്ടതാണ്.