Asianet News MalayalamAsianet News Malayalam

ഈ കൊറോണക്കാലത്ത് പകലുറക്കം നിയന്ത്രിക്കണമെന്ന് പറയുന്നതിന്റെ കാരണം; സൈക്കോളജിസ്റ്റ് എഴുതുന്നു

"നല്ല ഉറക്കം" എന്നത് നമ്മുടെ ശാരീരിക സൗഖ്യത്തിനും പ്രതിരോധശേഷിക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. നമ്മുടെ വൈകാരികതയോടും, ആശങ്കകലോടും, ഉത്‌ക്കണ്‌ഠയോടും ഒക്കെ ഇഴ ചേര്‍ന്നിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ ഉറക്കത്തിനു ശാരീരികാരോഗ്യത്തിലേതു പോലെ തന്നെ  മാനസികാരോഗ്യവുമായി ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്.

tips for coronavirus related insomnia
Author
Trivandrum, First Published Apr 11, 2020, 10:33 AM IST

നോവെല്‍ കൊറോണ വൈറസ്‌ വിതച്ച മഹാ മാരി ലോകത്തിനെ ഒന്നടങ്കം പൊടുന്നനെ നിശ്ചലാവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. അതിജീവനത്തിന്റെ പാതയില്‍ ജനങ്ങളൊന്നടങ്കം തങ്ങളുടെ വീടിന്‍റെ നാല് ചുമരിനുള്ളിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. താല്പര്യത്തോടെ അല്ലെങ്കിൽ കൂടി ഈ പിന്‍വാങ്ങല്‍ മറ്റു നിവൃത്തിയില്ലാത്ത പ്രതിരോധ മാർഗ്ഗം എന്ന നിലക്ക് ,അലോസരങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.  

നമ്മള്‍ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിനെ നേരിടുക എന്നത് പ്രായലിംഗഭേദമന്യേ ദുഷ്കരമായി തോന്നാം. അത്തരത്തില്‍ പൊതുവേ ഉയരുന്ന ഒരു വിഷയമാണ് രാത്രിയിലെ "ഉറക്കക്കുറവ്". ഈ പ്രത്യേകാവസ്ഥയില്‍ ഉറക്കക്കുറവിനാല്‍ ഉഴലുന്നവര്‍ ചെറുതല്ല എന്നത് ശ്രദ്ധിക്കപ്പെടെണ്ടതാണ്. ഇതിനുള്ള കാരണങ്ങള്‍ അറിയുന്നതോടെ  പരിഹാരവും ഒരു പരിധി വരെ നമുക്ക് മുന്നിലുണ്ടാകും എന്നത് കാണാം.

"നല്ല ഉറക്കം" എന്നത് നമ്മുടെ ശാരീരിക സൗഖ്യത്തിനും പ്രതിരോധശേഷിക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. നമ്മുടെ വൈകാരികതയോടും, ആശങ്കകലോടും, ഉത്‌ക്കണ്‌ഠയോടും ഒക്കെ ഇഴ ചേര്‍ന്നിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ ഉറക്കത്തിനു ശാരീരികാരോഗ്യത്തിലേതു പോലെ തന്നെ  മാനസികാരോഗ്യവുമായി ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്. . "നിദ്രാ ശുചിത്വം   " അഥവാ  sleep hygiene പാലിക്കുക എന്നുള്ളതാണ്  ഏറെ പ്രധാനം . ആയതിനാല്‍ തന്നെ , താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അഭികാമ്യമാകുമെന്ന് തോന്നുന്നു.

 കൊറോണക്കാലത്തെ ഉറക്കത്തിലെ വെല്ലുവിളികള്‍....

കൊറോണയ്ക്ക് മുന്‍പുള്ള കാലങ്ങളില്‍ തന്നെ ഉറക്കക്കുറവിന്റെ വിഷമതകള്‍ അനുഭവിക്കുന്നവര്‍ പലരും ഉണ്ടെങ്കിലും ഈ പകര്‍ച്ചവ്യാധിക്ക് ശേഷം ഇത്തരം പ്രശ്നങ്ങള്‍ മുമ്പില്ലാത്ത ഇരുന്നവരിലും  ഈ പരാതി കൂടുതലായി കേള്‍ക്കുന്നുണ്ട്. ഈ മഹാമാരിയുടെ പ്രഭാവം പലരിലും പല അളവിലാണ് കാണുന്നത്. 

ഉദാഹരണത്തിന് രോഗവ്യപനത്തെയും രോഗത്തെയും മുന്‍ നിരയില്‍ നിന്ന് നേരിടുന്ന ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇത്തരം ശാരീരിക മാനസിക പ്രയാസങ്ങള്‍ ഉണ്ടാവുകയെന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ജീവിത രീതിയെ പരോക്ഷമായി ഈ വ്യാധി ബാധിച്ചവരിലും ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുന്നു എന്നുള്ളതിലാണ് ഈ വിഷയത്തിന്‍റെ പ്രസക്തി.

ഉറക്കാക്കുറവിന് കാരണമായേക്കാവുന്ന ചില കാര്യങ്ങള്‍ നമുക്ക് നോക്കാം…

നിലവിൽ മനസികാസ്വാസ്ഥ്യങ്ങൾക്കു മരുന്ന് കഴിക്കുന്നവരും , വൈദ്യ സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ ഉറക്ക പ്രശ്നങ്ങൾ നേരിടാൻ ഈ  പറയുന്നവ പരീക്ഷിച്ചു നോക്കാവുന്നതാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ .

 1. ദിനചര്യയില്‍ വന്ന വ്യത്യാസം

തികച്ചും പരിചിതമല്ലാത്ത , താല്പര്യപ്പെടാത്ത ഒന്നായത് കൊണ്ട് തന്നെ സാമൂഹിക അകലം, ദീര്‍ഖ കാലത്തെ സ്കൂള്‍ അവധി, ഒറ്റപ്പെടല്‍ , സംസര്‍ഗ്ഗ നിഷേധം തുടങ്ങിയവ അനേകം പിരിമുറുക്കങ്ങള്‍ മനുഷ്യരില്‍ സൃഷ്ട്ടിക്കാം.

●    പുതിയ ദിനചര്യയിലേക്ക് പോരുതപ്പെടാനോ നിഷ്ട ഇല്ലയ്മ്മയോ മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം

●  ജോലിയില്‍ പോകുന്ന സമയം, മക്കളെ സ്കൂളില്‍ വിടുന്ന സമയം എന്നിങ്ങനെ സമയത്തിന് കടിഞ്ഞാന്‍ ഇല്ലായ്മയും ഒരു തരം അര്‍ത്ഥമില്ലയ്മ തോന്നിപ്പിക്കാം.

●  പ്രത്യേകിച്ചൊരു ജോലി സമയം ഇല്ലായ്മ്മ എന്നുള്ളത് പകലുറക്കം അല്ലെങ്കില്‍ ദിവസം മുഴുവനും ഇടവിട്ടുള്ള ഉറക്കത്തിനു കാരണമായേക്കാം.

2. ആകുലത/ ഉത്‌ക്കണ്‌ഠ

●        രോഗവ്യാപനത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ ഉള്ള ആശങ്ക - തനിക്ക് രോഗം വരുമോ എന്ന പേടി, അല്ലെങ്കില്‍ നിലവിലുള്ള ലക്ഷണങ്ങളെ ഈ അസുഖത്തിനെ ആയി ബന്ധപ്പെടുത്തുന്ന അനാവശ്യ ചിന്തകള്‍.

●        ഉറ്റവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള പേടി

●        മിക്കവര്‍ക്കും ഈ അവസരത്തില്‍ വന്നേക്കാവുന്ന ജോലി നഷ്ട്ടവും ജീവിതോപാധി നിലക്കുന്ന അവസ്ഥയും , സമ്പദ്‌ഘടനയില്‍ വന്നേക്കാവുന്ന അനിസ്ചിതത്വതിനെകുറിച്ചുമുള്ള ആകുലതകളും പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കാനും ഉറക്കക്കുറവിനും കാരണമായേക്കാമെന്നുള്ളത് സ്വാഭാവികമാണ്.

●        ഇത്തരം ആരോഗ്യ അടിയന്തരാവസ്ഥ നമ്മള്‍ ഒരു സമൂഹമെന്ന നിലയില്‍ എങ്ങനെ നേരിടുമെന്നുള്ള ആധിയും, വ്യവസ്ഥിതിയില്‍ ഉള്ള അവിശ്വാസവും ശരീരത്തെയും മനസ്സിനെയും സദാ ജാഗ്രതയില്‍ നിര്‍ത്തുന്നത് ഉറക്കമെന്ന പ്രക്രിയ ദുരഖടമാക്കാം.

●        രോഗവ്യാപന രീതിയില്‍ ഉള്ള  സംശയങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ്മയും മനസ്സിനെ അലട്ടാം.

3. ഏകാന്തതയും വിഷാദവും

●        ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ഉറ്റവര്‍ ആരെങ്കിലും രോഗബാധിതരാവുകയോ മരണപ്പെടുകയോ ചെയ്യുന്ന അവസ്ഥയില്‍ മനുഷ്യരില്‍  എകാന്തതയും  വിഷാദവും കൂടുതലായി  കണ്ടുവരാറുണ്ട്.

4. ജോലിഭാരവും കുടുംബത്തോടോപ്പമുള്ള പതിവില്‍ കവിഞ്ഞ സമയവും.

●        വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യുന്നവര്‍ അതോടൊപ്പം  വീടുജോലിയും , കുഞ്ഞുങ്ങളുടെ ഇടപെടലും,  അവരോടൊപ്പം സമയം ചിലവഴിക്കേണ്ടി വരുന്നതും ഒരു പരിധി വരെ മാനസിക സമ്മര്‍ദ്ദത്തിനു കാരണമായെക്കാം.

●         മാറ്റി വച്ച യാത്രകളും കൂടിക്കാഴ്ചകളും, എന്തിനേറെ അവനവന് മാത്രമായ അല്പം  സമയം ലഭിക്കാത്തതും ഒക്കെ വേറിട്ട രീതിയിലുള്ള പിരിമുരുക്കതിനും ചിലരിലെങ്കിലും കാരണമാവാറുണ്ട്.

5. അമിതമായ ഫോണ്‍/ ടിവി / ലാപ്ടോപ് ഉപയോഗം (സ്ക്രീന്‍ ടൈം)

●        ജോലി സംബന്ധമായ ആവശ്യത്തിനായോ അല്ലാതെയോ ഉള്ള ഫോണ്‍ / ലാപ്ടോപ് ഉപയോഗവും , ടിവി ഉപയോഗവും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ അധികമായി കാണാറുണ്ട്. സാമൂഹ്യ ഇടപെടലിന് ഇത്തരം ആധുനിക രീതികല്‍ ഏറെ ഗുണപ്രദമെങ്കിലും അളവില്‍ കൂടുതലുള്ള ഉപയോഗം വിപരീത ഫലം തരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

●        രാത്രിയിലുള്ള ഫോണിന്റെയും മറ്റും  അമിതോപയോഗം മസ്തിഷ്ക്കത്തിനെ ചിന്തകളാല്‍ ഉത്തേജിപ്പിച്ച് നിലനിര്‍ത്തും. സ്ക്രീനില്‍നിന്ന് കണ്ണിലേക്ക് നീളുന്ന നീല വെളിച്ചം മനുഷ്യനെ ഉറങ്ങാന്‍ സഹായിക്കുന്ന മെലടോനിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം മന്തപ്പെടുത്തുന്നു.ഈ കാരണം കൊണ്ട് തന്നെ ഉറക്കം വരുന്നത് താമസിക്കാനും കാരണമായേക്കാം.

6. മനക്ലേശം കാരണമുണ്ടാകുന്ന ക്ഷീണം

●        ദീര്‍ഘകാലത്തേക്ക് നീളുന്ന രോഗപ്രതിരോധത്തിനായുള്ള അടച്ചുപൂട്ടലില്‍ ഒരാള്‍ കടന്നു പോകുന്ന കടുത്ത മാനസിക ക്ലേശം തലവേദന , ഓര്‍മ്മക്കുറവ്‌. ദഹന പ്രശ്നങ്ങള്‍ തുടങ്ങിയ ശാരീരിക പ്രയാസങ്ങള്‍ പോലെ തന്നെ അവയോടനുബന്ധിച്ചുണ്ടാകുന്ന മാനസിക തളര്‍ച്ചയും ഈ അവസ്ഥയുടെ മറ്റൊരു പ്രധാന പാര്‍ശ്വഫലമാണ്.

●        തുടര്‍ച്ചയായ ഉറക്കം ലഭിച്ചതിനു ശേഷവും അനുഭവിച്ചേക്കാവുന്ന ഉത്സാഹക്കുറവ്, പ്രചോദനമില്ലായ്മ്മ, മനസ്സ് സദാ ക്ഷീണിതമായിരിക്കുന്നവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഒരു പകര്‍ച്ച വ്യാധിക്കാലത്ത് ഉറക്കം പ്രധാനമാകുന്നതെങ്ങനെ ?

●        അല്ലലില്ലാതെയുള്ള നല്ല ഉറക്കം മനുഷ്യ ശരീരത്തിന്‍റെ പ്രകൃത്യാ ഉള്ള പ്രതിരോധശക്തിയെ ബലപ്പെടുത്തുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

●        ചിന്താശേഷി , തീരുമാനം എടുക്കാനുള്ള കഴിവ് തുടങ്ങി മസ്തിഷ്ക്കത്തിന്റെ പ്രവർത്തനങ്ങളൊയൊക്കെ ത്വരിതപ്പെടുത്താന്‍ സുഖമുള്ള ഉറക്കം സഹായിക്കുന്നു.

●        ഉറക്കം മനുഷ്യന്‍റെ വൈകാരികസ്ഥിതിയെ സന്തുലിതപ്പെടുതുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ തുടര്‍ച്ചയായ ഉറക്കമില്ലായ്മ്മ വിഷാദാവസ്ഥക്കും വഴിതെളിച്ചേക്കാം.

●        തുടര്‍ച്ചയായ ഉറക്കമില്ലയ്മ്മ ഉത്‌ക്കണ്‌ഠ, വിഷാദം , ഉന്മാദാവസ്ഥ തുടങ്ങിയ മാനസികരോഗ ലക്ഷണങ്ങളില്‍ പെടുമെന്നുള്ളത് ഉറക്കം എത്രത്തോളം ഒരുവന്‍റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു എന്നുള്ളതിന് തെളിവാണ്.

കൊറോണകകാലത്തെ നല്ലുറക്കതിനായി  ചില വഴികള്‍...

താഴെ പറയുന്ന കാര്യങ്ങള്‍ പാലിച്ചാല്‍ ഈ കാലത്ത് മെച്ചപ്പെട്ട ഉറക്കം ലഭിച്ചേക്കാം. ഉദ്ദേശിച്ച ഫലം നേടുന്നതിനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന  ഏതൊരു വഴിയോടും മനസ്സും ശരീരവും യോജിക്കാന്‍ അല്‍പ സമയം (പല ആവര്‍ത്തി )എടുക്കുമെന്നത് കൂടി ഓർമിക്കുമല്ലോ...

 ദിനചര്യയില്‍ ചിട്ടയായ സമയക്രമം പാലിക്കുക...

ഉറക്കത്തിന്‍റെ സമയക്രമത്തില്‍ സ്വമേധയാ വരുത്തുന്ന മാറ്റങ്ങള്‍ വിപരീത ഫലം തരാതെ നോക്കാം. തുടക്കത്തില്‍ നമ്മള്‍ വരുത്തുന്ന പതിവില്‍ കവിഞ്ഞ മാറ്റങ്ങളോടു ശരീരം അനുസൃതമായാല്‍ അത് വീണ്ടെടുക്കാന്‍ പിന്നീട് കഷ്ടപ്പെടേണ്ടി വരുവാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ കുറിക്കാം

●        ഉണരാനുള്ള സമയം തിട്ടപ്പെടുത്തി അലാറം വയ്ക്കാം.

●        ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്താം - പല്ലുതെക്കുക , നിശാവസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങി , ചെറിയ തോതിലുള്ള വായനയോ ധ്യാനമോ വരെ കിടക്കുന്നതിനു മുന്‍പുള്ള ചിട്ടകളായി  ക്രമീകരിക്കാം.ഇത് ഉറക്ക്കത്തിനു വേണ്ടി മാനസികമായി തയ്യാറെടുക്കാന്‍ സഹായിക്കുന്നതായി കാണുന്നു.

●        ഉറങ്ങാനുള്ള സമയം നേരത്തെ തന്നെ ഉറപ്പിച് , ആ സമയം അടുക്കുമ്പോള്‍ വിളക്കുകള്‍ അണച്ച് , കിടക്കയില്‍ കിടക്കുന്നത് ഉറപ്പു വരുത്താം.

ഉറക്കതിനായുള്ള സമയം ചിലവഴിക്കുന്നതിലുപരി, ദിനചര്യയില്‍ വ്യക്തമായ സമയം പല കാര്യങ്ങള്‍ക്കും നിശ്ചയിക്കുന്നതും ഏറെ നന്നായിരിക്കും.ഉദാഹരണത്തിന്,

●        പുറത്തേക്കെങ്ങോട്ടും പുകുന്നില്ലെങ്കില്‍ കൂടി എന്നും കുളിച്ചു, വൃത്തിയായ വസ്ത്രങ്ങള്‍ ധരിക്കുക.

●         ഭക്ഷണം കഴിക്കുന്നതിന് വ്യക്തമായ സമയം ദിവസതിലുടനീളം പാലിക്കുക.

●        ദിവസത്തില്‍ പ്രത്യേക സമയം ജോലിക്കോ വ്യയമാതിനോ ആയി മാറ്റി വെക്കാം. 

കിടക്ക ഉറങ്ങാനുള്ള ഇടമായി മാത്രം മാറ്റി വെക്കാം

●        വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് കിടക്കയെ ഉറക്കവുമായി ബന്ധപ്പെടുത്തി ചിന്തിക്കാനുള്ള അവസരം നമ്മള്‍ കൊടുക്കുന്നത് സുഖനിദ്രക്ക് സഹായിക്കും എന്നാണു. അതിനാല്‍  ഉറക്കത്തിനും ലൈംഗിക ബന്ധത്തിനും മാത്രമായി കിടക്കയെ മാറ്റി വെക്കുക എന്നതാണ് അവര്‍ നിര്‍ദേശിക്കുന്നതും. 

●        അതായത് വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യുന്നവര്‍ കിടക്ക അതിനായി ഉപയോഗിക്കരുതെന്നും, സിനിമ കാണല്‍ പാട്ട് കേള്‍ക്കല്‍ തുടങ്ങിയ വിനോദങ്ങള്‍ക്കായി ലാപ്ടോപ് കിടക്കയിലേക്ക് എത്താതെ സൂക്ഷിക്കണമെന്നും വിദഗ്ധര്‍ അനുശാസിക്കുന്നു.

●        ഉറങ്ങാന്‍ കഷ്ട്ടപെടുന്ന ദിവസങ്ങളില്‍, 20 മിനുട്ടില്‍ കൂടുതല്‍ തിരിഞ്ഞോ മറിഞ്ഞോ ഉറക്കത്തിനായി ശ്രമിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു പകരമായി കിടക്ക വിട്ട്, അരണ്ട വെളിച്ചത്തില്‍ എന്തെങ്കിലും മറ്റ് വിശ്രമാകരമായ കാര്യങ്ങള്‍ ചെയ്യതതിനു ശേഷം ഉറങ്ങാന്‍ ശ്രമിക്കാം.

●        കിടക്ക വൃത്തിയായും ആകര്‍ഷകമായും വെക്കുന്നത് നല്ലുറക്കത്തിനു തികച്ചും പ്രാധാന്യമര്‍ഹിക്കുന്നതാണ്.

പകലുറക്കം നിയന്ത്രിക്കാം

 ഉച്ചക്ക് മുന്‍പുള്ള അല്പനേരത്തെ ഉറക്കം ഉന്മേഷം പകരുമെങ്കിലും വൈകുന്നേരങ്ങളിലും , ദീര്‍ഘനേരമുള്ളതുമായ ഉറക്കം രാത്രിയിലുള്ള ഉറക്കത്തിനെ ബാധിക്കുന്നതായി കാണുന്നു.

വ്യായാമങ്ങളുടെ പ്രയോജനം കഴിയുന്നത്ര ഉപയോഗിക്കാം

 വീടിന്‍റെ പരിധിക്കുള്ളിലുള്ള നടത്തം , യോഗ തുടങ്ങിയവ സഹായകമായേക്കാം. ഓണ്‍ലൈന്‍ ആയി ഈ കാലത്ത് ധാരാളം ലഭിക്കുന്ന ഡാന്‍സ് ക്ലാസ്സുകളും , പുതിയ വ്യായാമ രീതികളും പരീക്ഷിക്കാവുന്നതാണ്.

ലോക്ക് ഡൌണ്‍ ദിനങ്ങളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ...

●        വാര്‍ത്തകലും വിവരങ്ങളും തുടര്‍ച്ചയായി കാണാതെ ദിവസത്തില്‍ ഒന്നോ രണ്ടോ സമയതിലീക്കായി അവ ചുരുക്കം

●        കാണുന്ന വാര്‍ത്തയുടെ ആധികാരികതയെക്കുറിച്ചു ബോധാവാന്മാരാകാം

●        സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താം.

●        സുഹൃത്തുക്കളോടും ബന്ധുക്കളോടും സംവദിക്കുമ്പോള്‍  രോഗ വ്യാപനമോ, ആശങ്കയൊ  ഒഴിവാക്കി മറ്റ് കാര്യങ്ങള്‍ സംസാരിക്കാം.

●        കാഫൈന്‍ അടങ്ങിയ വസ്തുക്കള്‍ , ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവ ഒഴിവാക്കി ആരോഗ്യ സംപുഷ്ട്ടമായ ആഹാര രീതി പിന്തുടരാം

 മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശശ്രദ്ധിച്ചിട്ടും ഉറക്കക്കുറവിന് പരിഹാരമായില്ലെങ്കിലോ , ഏതെങ്കിലും തരത്തിലുള്ള മാനസിക അസ്വാസ്ധ്യങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരോ ആണെങ്കില്‍ ഈ അവസ്ഥയില്‍  ഡോക്ടറുമായി ബന്ധപ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം  

എഴുതിയത്:
Dwitheeya Pathiramanna
Consultant Psychologist & Early Interventionist
CADRRE Autism School
Trivandrum.

 

Follow Us:
Download App:
  • android
  • ios