പരീക്ഷയിൽ വിജയം നേടണോ? ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
പലപ്പോഴും കുട്ടികൾ ചെയ്യുന്നത് മാർക്കിന് വേണ്ടി പഠിക്കുക എന്നതാണ്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും മുന്നിൽ നല്ല മാർക്ക് വാങ്ങി എന്ന പേര് സമ്പാദിക്കാനാണ് പല കുട്ടികളും പഠിക്കുന്നതും. ഹയർ സ്റ്റഡീസിലേക്ക് നമ്മളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ക്രൈറ്റീരിയ മാത്രമാണ് മാർക്ക്. അതു ആദ്യം മനസ്സിൽ ഉറപ്പിക്കുക.

എത്ര പഠിച്ചിട്ടും പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ഉറപ്പിക്കാൻ കഴിയാതെ പോകുന്നതിൽ വിഷമിക്കുന്നുണ്ടോ ... ? പഠിച്ച കാര്യങ്ങൾ പരീക്ഷാ ഹാളിൽ എത്തുമ്പോൾ മറന്നു പോകാറുണ്ടോ …? എങ്കിൽ അതിനു പിന്നിൽ ചില സമ്മർദ്ദങ്ങളും കാരണങ്ങളും തിരിച്ചറിഞ്ഞു പരിഹരിച്ചാൽ പേടി കൂടാതെ പരീക്ഷ എഴുതാം.
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന 6 ടിപ്പുകൾ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം.
1. പഠിക്കുന്ന സമയത്ത് നിശ്ചിത ഇടവേള നൽകുക:
പഠിക്കുന്ന സമയങ്ങളിൽ തുടർച്ചയായി പഠിക്കാത ബ്രെയിന് ആവശ്യമായ ഇടവേളകൾ നൽകണം. പരീക്ഷാ കാലായളവിൽ കുട്ടികൾ പഠിക്കുമ്പോൾ ഓരോ 25 മിനിറ്റ് കഴിയുമ്പോഴും 5 മിനിറ്റ് നേരം ബ്രേക്ക് എടുക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ ബ്രേക്ക് എടുക്കുന്ന സമയത്ത് വെള്ളം കുടിക്കുകയോ, പാട്ട് കേൾക്കുകയോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. ഇങ്ങനെ ഓരോ 25 മിനിറ്റ് കഴിയുമ്പോഴും അഞ്ചു മിനിറ്റ് ബ്രേക്ക് എടുത്ത് പഠിക്കാൻ ശ്രമിച്ചാൽ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി നമ്മുടെ തലച്ചോറിൽ ശേഖരിക്കപ്പെടുകയും ആവശ്യം വേണ്ട സമയത്ത് തിരിച്ചെടുക്കുവാനും സാധിക്കും.
2. ഭക്ഷണത്തിലെ ക്രമീകരണങ്ങൾ
ഭക്ഷണത്തിലും ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ സ്ട്രെസ്സും ആംഗ്സൈറ്റി കുറയുകയും ശ്രദ്ധ വർദ്ധിക്കുകയും ചെയ്യും. അതുകൊണ്ട് പരീക്ഷാ കാലയളവിൽ കുട്ടികൾക്കു പെട്ടെന്ന് ദഹിക്കുന്നവയും പോഷക മൂല്യങ്ങൾ ഉള്ളതുമായ ഭക്ഷണങ്ങൾ നൽകണം. ദഹന പ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, തൈര്, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങളാണ് പ്രധാനമായും നൽകേണ്ടത്.
3. നന്നായി ഉറങ്ങുക
പരീക്ഷ കാലയളവിൽ പഠിച്ചു തീരാതെ വരുമ്പോൾ കുട്ടികൾ ഉറങ്ങാതിരുന്നു പഠിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പഠിക്കുന്നതു കൊണ്ട് ഗുണത്തിലേറെ ദോഷമാണ് ഉണ്ടാകുന്നതെന്ന് കുട്ടികളും മാതാപിതാക്കളും മനസ്സിലാക്കാറില്ല, ഉറക്കക്കുറവ് മൂലം ശരീരത്തിൽ ഉണ്ടാക്കുന്ന ക്ഷീണം കാരണം തലേദിവസം പഠിച്ച കാര്യങ്ങൾ കൂടി പരീക്ഷ ഹാളിൽ ഓർത്തെടുക്കുവാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കും. ഏതൊരു വ്യക്തിക്കും ഉറക്കം അത്യാവശ്യമായ ഒന്നാണ്. ശരീരത്തിനു കൃത്യമായ ഉറക്കം ലഭിച്ചാൽ മാത്രമേ തലച്ചോറിന് കൃത്യമായി പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. നമ്മുടെ തലച്ചോറിൽ സർവീസിംഗ് കറക്റ്റ് ആകണമെങ്കിൽ ചുരുങ്ങിയത് ഏഴ് മണിക്കൂർ നേരമെങ്കിലും കൃത്യമായി ഉറങ്ങുക. നോർമലി 7 മുതൽ 9 മണിക്കൂർ നേരമാണ് ഉറക്കം വേണ്ടത്. അതുകൊണ്ട് പരീക്ഷാ ദിവസങ്ങളിൽ നല്ലതുപോലെ ഉറങ്ങുക. ഇത്തരത്തിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ സ്ട്രസ്സ്, ആംഗ്സൈറ്റി എന്നിവ കുറയുകയും പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുവാൻ സാധിക്കുന്നതാണ്.
4. ശ്രദ്ധ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വ്യായാമങ്ങൾ ചെയ്യുക
ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ എഴുതുന്നതിനു ഏകാഗ്രതയുള്ള മനസ്സ് ആവശ്യമാണ്. എന്നാൽ
പരീക്ഷയെ പേടിയോടെ സമീപിക്കുന്ന കുട്ടികൾക്ക് പലപ്പോഴും ഏകാഗ്രത ലഭിക്കാറില്ല. ഇത്തരത്തിൽ ഏകാഗ്രത കിട്ടാതെ വേഗതയിൽ പഠിക്കാൻ ശ്രമിക്കുമ്പോൾ 5 മിനിറ്റ് കൊണ്ട് പഠിക്കേണ്ടതിനു 15 മിനിറ്റ് വരെ സമയമെടുക്കും അതായത് നോർമൽ സമയത്തിലും മൂന്നിരട്ടി സമയം അധികമായി വേണ്ടിവരും എന്ന് ചുരുക്കും. ഇത്തരത്തിൽ നഷ്ടപ്പെടുന്ന സമയത്തെ തിരിച്ചുപിടിക്കാൻ ചെയ്യേണ്ടത് ഏകാഗ്രത വർദ്ധിപ്പിക്കുക എന്നതാണ്. ഏകാഗ്രത വർദ്ധിപ്പിക്കാൻ ശ്വസന വ്യായാമങ്ങൾ, റിലാക്സേഷൻ എക്സർസൈസുകൾ, മെഡിറ്റേഷൻ, ഫിസിക്കൽ എക്സർസൈസ് എന്നിവ ചെയ്യുക. 20 മിനിട്ട് നേരം നീണ്ടുനിൽക്കുന്ന ലഘു വ്യായാമങ്ങൾ വൈകുന്നേരങ്ങളിൽ കുട്ടികൾ ദിവസവും ചെയ്യുവാൻ സമയം കണ്ടെത്തേണ്ടതാണ്. ഇതിനൊപ്പം മെഡിറ്റേഷൻ പ്രാണായാമം എന്നിവ രാവിലെ 5 മിനിറ്റ് മുതൽ 10 മിനിറ്റ് നേരം പ്രാക്ടീസ് ചെയ്യുന്നതും നല്ലതാണ്.
കൂടുതൽ വിവരങ്ങൾ സൈക്കോളജിസ്റ്റ് ജയേഷ് എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
5. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പഠിക്കുക
പലപ്പോഴും കുട്ടികൾ ചെയ്യുന്നത് മാർക്കിന് വേണ്ടി പഠിക്കുക എന്നതാണ്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും മുന്നിൽ നല്ല മാർക്ക് വാങ്ങി എന്ന പേര് സമ്പാദിക്കാനാണ് പല കുട്ടികളും പഠിക്കുന്നതും. ഹയർ സ്റ്റഡീസിലേക്ക് നമ്മളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ക്രൈറ്റീരിയ മാത്രമാണ് മാർക്ക്. അതു ആദ്യം മനസ്സിൽ ഉറപ്പിക്കുക. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികൾ പരീക്ഷകൾക്ക് ശേഷം ഏതു കോഴ്സ് തെരഞ്ഞെടുക്കണം. ആ കോഴ്സുകൾ എവിടെയാണുള്ളത്, അവിടെ അഡ്മിഷൻ കിട്ടണമെങ്കിൽ എത്ര ശതമാനം മാർക്ക് വേണം ഇത്തരത്തിൽ കൃത്യമായ ലക്ഷ്യത്തോടുകൂടി പഠിക്കുന്നതാണ് നല്ലത്. ജോലിയാണ് നമ്മുടെ ടാർഗറ്റ് അല്ലാതെ മാർക്ക് അല്ല.
6. പരീക്ഷാ ഹാളിൽ കയറുന്നതിന് തൊട്ടുമുൻപ് വരെയുള്ള പഠനം ഒഴിവാക്കുക
പരീക്ഷ ഹാളിലേക്ക് കയറുന്നതിന് തൊട്ടുമുൻപു വരെ പഠിക്കുന്ന കുട്ടികളുണ്ട്. ഇത് കുട്ടികളിൽ അനാവശ്യ ടെൻഷനും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് പരീക്ഷ ഹാളിൽ കയറുന്നതിന് അരമണിക്കൂർ മുൻപ് എല്ലാ പഠനങ്ങളും അവസാനിപ്പിക്കുക.
എക്സാം തുടങ്ങുന്നു അരമണിക്കൂർ മുമ്പായി പഠനം അവസാനിപ്പിച്ച് ഫ്രണ്ട്സുമായി സംസാരിക്കുകയും, ആവശ്യത്തിന് വെള്ളം കുടിക്കുകയും, ചോക്ലേറ്റ് കഴിക്കുകയും ലഘു ശ്വസന വ്യായാമങ്ങളും ചെയ്ത് മനസ്സിനെ ശാന്തമാക്കി പരീക്ഷാ ഹാളിലേക്ക് പോകുന്നത് കുട്ടികളുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. അതുകൊണ്ട് ഈ ആറ് ടിപ്പുകൾ എല്ലാ വിദ്യാർത്ഥികളും ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ മികച്ച വിജയം നിങ്ങൾക്ക് നേടിയെടുക്കുവാൻ കഴിയുന്നതാണ്.
ഓർക്കുക:- യഥാർത്ഥത്തിൽ പഠിക്കാനുള്ള കഴിവല്ല മറിച്ച് പഠിച്ച കാര്യങ്ങൾ തിരിച്ചെടുക്കാനുള്ള കഴിവാണ് എല്ലാ കുട്ടികൾക്കും വേണ്ടത്.
'ആളുകളോട് സംസാരിക്കാൻ പേടി, മുഖത്ത് നോക്കാൻ ഭയം, മുഖം തിരിച്ചു തലകുനിച്ചു നിൽക്കും'