സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ ഇന്ന് കൂടി കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പലയിടത്തും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യുന്നു. 
വെള്ളപ്പൊക്കം അധികം ബാധിക്കാത്ത സ്ഥലത്തുള്ളവര്‍ ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. 

1.  ശക്തമായ മഴയില്‍ കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. 

2. ഒഴിവാക്കാന്‍ പറ്റാത്ത യാത്ര ആണെങ്കില്‍ മാത്രം പോകാനുള്ള പ്രദേശത്ത് അപകടമില്ല എന്ന് ഉറപ്പായ ശേഷം മാത്രം യാത്ര തുടങ്ങുക. 

3. വേഗത കുറച്ച് മാത്രം യാത്ര ചെയ്യുക.

4. റോഡില്‍ കാറിന്‍റെ എക്സ്ഹോസ്റ്റ് ലെവലില്‍ വെള്ളം ഉണ്ടെങ്കില്‍ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ ഉയര്‍ന്ന വെള്ളമുള്ള റോഡിലേക്ക് കാര്‍ ഇറക്കരുത്. 

5. വെള്ളത്തില്‍ കാര്‍ ഓഫായാല്‍ പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് എന്‍ജിനുള്ളില്‍ വെള്ളം കയറാന്‍ ഇടയാക്കും.

6. നനഞ്ഞ റോഡില്‍ ടയറിന് ഘര്‍ഷണം വളരെ കുറവായിരിക്കും. പതുക്കെ മാത്രം ബ്രേക്ക് ചെയ്യുക, ഇല്ലെങ്കില്‍ കാര്‍ തെന്നിമാറി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

7. റോഡിന്‍റെ മധ്യത്തിലൂടെ മാത്രം വാഹനം ഓടിക്കാന്‍ ശ്രമിക്കുക. 

8. നല്ല വെള്ളക്കെട്ടുള്ള റോഡിലൂടെയുളള യാത്ര ഒഴിവാക്കാം. 

9. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക. അപകടരമായ വിധം ഓവര്‍ ടേക്ക് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും. എതിര്‍ദിശയില്‍ വരുന്ന വാഹന ഉടമ മുന്നില്‍ അപകടമുണ്ടെന്ന് അറിയിച്ചാല്‍ വീണ്ടും അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. സുരക്ഷിതമായ മറ്റു റൂട്ടുകള്‍ കണ്ടെത്തുക. അല്ലെങ്കില്‍ യാത്ര ഒഴിവാക്കി മടങ്ങുകയാണ് വേണ്ടത്.