കുട്ടികളില്‍ കണ്ടു വരുന്ന പഠന പ്രശ്നങ്ങള്‍ പലതും പല കാരണങ്ങള്‍ കൊണ്ടാണ്. ബുദ്ധിശക്തിയിലെ പ്രശ്നങ്ങള്‍ കൊണ്ടോ, മറ്റേതെങ്കിലും വൈകല്യങ്ങള്‍ കൊണ്ടോ, സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ടോ ഒക്കെ കുട്ടികളില്‍ പഠന പ്രശ്നങ്ങൾ ഉണ്ടാകാം. കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതൽ മികവ് പുലർത്താൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്  ശ്രദ്ധയും ഏകാഗ്രതയുമാണ്. കുട്ടികളില്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

പഠനത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി അവ ഒഴിവാക്കുകയാണ് വേണ്ടത്. ഒരു കാരണവശാവും പഠനമുറിയുടെ സമീപത്തോ നേരെയോ ടിവി വയ്ക്കരുത്. അത് കുട്ടികളിൽ ശ്രദ്ധക്കുറവ് ഉണ്ടാക്കും. 
 
രണ്ട്...

ദിവസവും ഒരേസമയം ഒരേ സ്ഥലത്തിരുന്ന് വായിക്കാന്‍ ശ്രമിക്കണം. നല്ല ചൂടുള്ള മുറിയില്‍ നിന്ന് പഠിക്കാതിരിക്കുക. അസുഖമുള്ളപ്പോഴും ശാരീരികപ്രയാസങ്ങള്‍ ഉള്ളപ്പോഴും അവയെ അവഗണിച്ച് പഠിക്കാന്‍ ശ്രമിക്കരുത്.  

മൂന്ന്...

 ബള്‍ബിന് നേരെ താഴെയോ അഭിമുഖമായോ വായിക്കരുത്. മിതമായ വെളിച്ചം മേശപ്പുറത്ത് മുഴുവന്‍ വീഴുന്ന തരത്തില്‍ ക്രമീകരിക്കണം.

നാല്...

എല്ലാദിവസവും ഒരേ സമയം തന്നെ ഹോം വർക്ക് ചെയ്യാൻ മാറ്റിവയ്ക്കുക. പഠിക്കാനുള്ളത് അന്നന്ന് പഠിച്ച് തീർക്കുക. ഹോം വർക്കുകൾ വെറേ ദിവസത്തേക്ക് മാറ്റിവയ്ക്കരുത്.