Asianet News MalayalamAsianet News Malayalam

കൊവിഡുണ്ടോ?; മണത്ത് കണ്ടുപിടിക്കാന്‍ പട്ടികള്‍...

ശാസ്ത്രീയമായി വലിയ രീതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സംഗതി ഫലപ്രദമാണെന്ന് തന്നെയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്ന യാത്രക്കാരെ മാത്രമാണ് നിലവില്‍ പരിഗണിക്കുന്നുള്ളൂ
 

trained dogs are ready to sniff out coronavirus in finland airport
Author
Finland, First Published Sep 25, 2020, 3:33 PM IST

കൊവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ ലോകമാകെയും തരിച്ചിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍. പലയിടങ്ങളിലും ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പഴയതുപോലുള്ള യാത്രാസൗകര്യങ്ങളോ, തൊഴില്‍ സാഹചര്യങ്ങളോ, സാമ്പത്തിക മെച്ചമോ ഇല്ല. 

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ എയര്‍പോര്‍ട്ടുകളിലെ പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ് ഓരോ രാജ്യങ്ങളും. നിലവില്‍ ശരീര താപനിലയും മറ്റ് പ്രകടമായ ലക്ഷണങ്ങളും ഉള്ളവരില്‍ നിന്ന് സ്രവ സാമ്പിള്‍ എടുത്താണ് കൊവിഡ് പരിശോധന നടത്തുന്നത്. 

ഇതിന് പകരം എളുപ്പത്തില്‍ തന്നെ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുമെങ്കിലോ! അത്തരമൊരു പരീക്ഷണത്തിലാണിപ്പോള്‍ ഫിന്‍ലാന്‍ഡ്. എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡുണ്ടോയെന്ന് മണത്തറിയാന്‍ പരിശീലനം ലഭിച്ച പട്ടികളെ ഉപയോഗിച്ചുകൊണ്ടാണ് ഈ പരീക്ഷണം. മുമ്പ് യുഎഇയും സമാനമായ പരീക്ഷണം നടത്തിയിരുന്നു. 

ശാസ്ത്രീയമായി വലിയ രീതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സംഗതി ഫലപ്രദമാണെന്ന് തന്നെയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. 

ഏറെ പ്രത്യേകതകളുള്ള ഈ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്ന യാത്രക്കാരെ മാത്രമാണ് നിലവില്‍ പരിഗണിക്കുന്നുള്ളൂ. ഇവര്‍ക്ക് വീണ്ടും മറ്റ് മാര്‍ഗങ്ങളിലൂടെയും പരിശോധന നടത്താവുന്നതാണ്. 

വൃത്തിയുള്ള, നേര്‍ത്തൊരു തുണിയാണ് പരിശോധനയ്ക്ക് ആകെ ആവശ്യമുള്ളൂ. ഇത് കഴുത്തില്‍ അമര്‍ത്തിത്തുടച്ച ശേഷം ഒരു കാനിലേക്ക് ഇടണം. ഈ തുണി മണത്തുകൊണ്ടാണ് പട്ടികള്‍ വൈറസ് ബാധയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച പതിനഞ്ച് പട്ടികളും അവരെ കൈകാര്യം ചെയ്യാന്‍ പത്ത് ഇന്‍സ്ട്രക്ടര്‍മാരുമാണ് ഫിന്‍ലന്‍ഡ് എയര്‍പോര്‍ട്ടിലെത്തിയിരിക്കുന്നത്. നേരത്തേ ക്യാന്‍സര്‍ രോഗം മണത്ത് കണ്ടെത്തിയിട്ടുള്ള പട്ടികളാണ് സംഘത്തിലുള്ളതെന്നതും ശ്രദ്ധേയമാണ്. 

'വൈറസ് ബാധയേറ്റ് ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങുന്നതിനും അഞ്ച് ദിവസം മുമ്പ് പട്ടികള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയും എന്നാണ് ഞങ്ങളുടെ ഗവേഷണം തെളിയിച്ചിട്ടുള്ളത്. ഏതാണ്ട് നൂറ് ശതമാനം വിശ്വസനീയമായ ഫലമാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്...'- ഈ വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫസര്‍ അന്ന ഹെം ജോര്‍ക്മാന്‍ പറയുന്നു. ഭാവിയില്‍ ഈ പരിശോധനാരീതി കുറെക്കൂടി വ്യാപകമാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

Also Read:- ചെറിയ ജലദോഷത്തോടെ ആയിരുന്നു തുടക്കം, ശരീരവേദന, ചെറിയ ശ്വാസം മുട്ടലും; നർത്തകിയായ ഡിംപിൾ ഗിരീഷ് എഴുതുന്നു...

Follow Us:
Download App:
  • android
  • ios